കുതിച്ചും കിതച്ചും സ്റ്റേറ്റ് ബാങ്കിന് 70
text_fieldsകൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായിട്ട് 70 വർഷം. 22,990 ശാഖകളും രണ്ട് ലക്ഷത്തിലധികം ജീവനക്കാരും 50 കോടിയിലധികം ഉപഭോക്താക്കളുമുള്ള ബാങ്ക് ഏഴ് പതിറ്റാണ്ട് പൂർത്തിയാക്കുമ്പോൾ 53 ലക്ഷം കോടി രൂപ നിക്ഷേപവും 42 ലക്ഷം കോടി വായ്പയുമുണ്ട്. പ്രവർത്തന ലാഭവും അറ്റാദായവുമുള്ള ഈ പൊതുമേഖല ബാങ്ക് രാജ്യത്ത് സാധാരണക്കാർ അടക്കമുള്ളവരുടെ ബാങ്കിങ് ആവശ്യങ്ങളിൽ നിർണായക പങ്കുമായാണ് മുന്നോട്ടുള്ള പ്രയാണം.
രാജ്യം സ്വാതന്ത്ര്യം നേടുമ്പോൾ സാധാരണക്കാരെ പരിഗണിക്കാത്ത ബാങ്കിങ് സംവിധാനമാണ് ഉണ്ടായിരുന്നത്. ഗ്രാമങ്ങളിലെ സാധാരണക്കാരെക്കൂടി ഉൾക്കൊള്ളുന്ന ബാങ്കിങ് സംവിധാനം വേണമെന്ന പാർലമെന്റിന്റെ തീരുമാനപ്രകാരം 1950ൽ രൂപവത്കരിച്ച ‘റൂറൽ ബാങ്കിങ് എൻക്വയറി കമ്മിറ്റി’യും 1954ൽ നിയോഗിച്ച ഓൾ ഇന്ത്യ റൂറൽ ക്രെഡിറ്റ് സർവേ കമ്മിറ്റിയും സർക്കാരിന്റെ നിയന്ത്രണത്തിലും ഉടമസ്ഥതയിലും ബാങ്ക് വേണമെന്ന് നിർദേശിച്ചു. അന്ന് സ്വകാര്യ, വിദേശ ഉടമസ്ഥതയിൽ പ്രവർത്തിച്ചിരുന്ന ‘ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ’യെ സർക്കാർ ഏറ്റെടുക്കണമെന്നായിരുന്നു കമ്മിറ്റികളുടെ നിർദേശം. അന്ന് ഏറ്റെടുത്ത ഇംപീരിയൽ ബാങ്കാണ് ‘സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് 1955’ലൂടെ അതേവർഷം ജൂലൈ ഒന്നിന് ‘സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ’യായത്.
അന്ന് നാട്ടുരാജ്യങ്ങളിൽ പ്രവർത്തിച്ചിരുന്ന ബാങ്കുകളെ 1959ൽ അസോസിയേറ്റ് ബാങ്കുകളാക്കി എസ്.ബി.ഐ വീണ്ടും വികസിച്ചു. ‘സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ’ അടക്കമുള്ള ബാങ്കുകൾ എസ്.ബി.ഐയുടെ അസോസിയേറ്റ് ആയത് അങ്ങനെയാണ്. വളർച്ചക്കൊപ്പം പിറകോട്ട് പോക്കും എസ്.ബി.ടി അടക്കമുള്ള അസോസിയേറ്റ് ബാങ്കുകളെ 2017ൽ എസ്.ബി.ഐയിൽ ലയിപ്പിച്ചതുവഴി നിരവധി ശാഖകൾ പൂട്ടിയപ്പോൾ ആ അവസരം മുതലെടുത്തത് പുതുതലമുറ ബാങ്കുകളാണ്. എസ്.ബി.ഐ അടക്കമുള്ള പൊതുമേഖല ബാങ്കുകൾ 8,500 ശാഖകൾ സമീപ വർഷങ്ങളിൽ പൂട്ടിയപ്പോൾ പുതുതലമുറ സ്വകാര്യ ബാങ്കുകൾ പുതിയതായി തുറന്നത് 23,000 ശാഖകളാണ്. സ്വാഭാവികമായും പൊതുമേഖല ബാങ്കുകളുടെ വിപണി പങ്കാളിത്തം സ്വകാര്യ ബാങ്കുകളുടെ പിന്നിലായി.
*എസ്.ബി.ഐ അടക്കം പൊതുമേഖല ബാങ്കുകൾ ജീവനക്കാരുടെ രൂക്ഷമായ ക്ഷാമം നേരിടുകയാണ്. ഇത് ജീവനക്കാരെയും ഉപഭോക്താക്കളെയും ഒരുപോലെ ബാധിക്കുന്നുണ്ട്. മുഴുവൻ ഒഴിവുകളും നികത്തണമെന്ന ജീവനക്കാരുടെ സംഘടനകളുടെ ആവശ്യം നിറവേറ്റപ്പെടുന്നില്ല.
*പുറംകരാർവത്കരണവും സ്വകാര്യവത്കരണത്തിന്റെ സൂചനകൾ നൽകുന്ന ഘടനാപരമായ വ്യതിയാനങ്ങളും സമീപകാലത്ത് ബാങ്കിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കോർപറേറ്റ് വായ്പകൾ ഭീമമായി എഴുതിത്തള്ളുന്നതും കോർപറേറ്റുകളുമായി ബിസിനസ് പങ്കാളിത്തവും പതിവായി. രാജ്യത്തെ ഉൾഗ്രാമങ്ങളിൽ പലതും ഇപ്പോഴും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ പിടിയിലാണ്.