ഓൺലൈൻ ഷോപ്പിങ്ങിന് കൈനിറയെ ഓഫർ; ഈ ക്രെഡിറ്റ് കാർഡുകൾ ബെസ്റ്റ്
text_fieldsമുംബൈ: ഓൺലൈൻ ഷോപ്പിങ്ങിന്റെ കാലമാണിത്. ആമസോണിന്റെയും ഫ്ലിപ്കാർട്ടിന്റെയും ഷോപ്പിങ് ഫെസ്റ്റിവലുകൾ തകൃതിയാണ്. ഓഫറുകളും വിലക്കുറവുമാണ് ഓൺലൈൻ ഷോപ്പിങ്ങിന്റെ ആകർഷണം. ഓൺലൈനിൽ ഉത്പന്നങ്ങൾ വാങ്ങുമ്പോൾ ഭൂരിഭാഗം ഉപഭോക്താക്കളും ഡിജിറ്റൽ പേയ്മെന്റ് നടത്തുന്നവരാണ്. ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നതിലൂടെ കൂടുതൽ ഓഫറുകളും കാശ് ബാക്കും സ്വന്തമാക്കാം. ദീപാവലി അടക്കമുള്ള ഉത്സവ സീസണിൽ വിവിധ ക്രെഡിറ്റ് കാർഡുകൾ വൻ ഓഫറുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഓൺലൈൻ, ഓഫ്ലൈൻ ഷോപ്പിങ്ങിൽ റിവാർഡുകളും കാശ്ബാക്കും ഡിസ്കൗണ്ടും നൽകുന്ന ചില ക്രെഡിറ്റ് കാർഡുകൾ പരിചയപ്പെടാം.
എസ്.ബി.ഐ കാശ്ബാക്ക് ക്രെഡിറ്റ് കാർഡ്
ഓൺലൈൻ ഷോപ്പിങ്ങിന് അഞ്ച് ശതമാനം കാശ്ബാക്കാണ് ഈ കാർഡ് നൽകുന്നത്. ഏത് കമ്പനിയുടെ വെബ്സൈറ്റിലൂടെയും ആപ്പിലൂടെയും ഉത്പന്നങ്ങൾ വാങ്ങിയാൽ ഈ ഓഫർ ലഭിക്കും. ഓഫ്ലൈൻ അഥവ നേരിട്ട് കടയിൽനിന്ന് പർച്ചേസ് ചെയ്താൽ ഒരു ശതമാനം കാശ്ബാക്കും നേടാം. എന്നാൽ, ഇ.എം.ഐ, ഫ്ലെക്സിപേ ഇ.എം.ഐ ഇടപാടുകൾക്ക് ഈ ഓഫർ ലഭിക്കില്ല.
ആമസോൺ പേ ഐസിഐസിഐ ക്രെഡിറ്റ് കാർഡ്
ഐസിഐസിഐ ബാങ്കിന്റെ സ്വന്തം ഷോപ്പിങ് പോർട്ടലായ ഐഷോപ്പിൽനിന്ന് ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് നാല് ശതമാനം കാശ്ബാക്ക് നേടാം. ഇതേ കാർഡിൽ ആമസോണിലെ ഓരോ നൂറു രൂപയുടെ ഷോപ്പിങ്ങിനും ഒരു പോയന്റ് ലഭിക്കും. പ്രൈം അംഗങ്ങൾക്ക് അഞ്ച് മടങ്ങും പ്രൈം അംഗങ്ങളല്ലാത്തവർക്ക് മൂന്ന് മടങ്ങും അധികം പോയന്റ് സ്വന്തമാക്കാം.
ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ്
മിന്ദ്രയിലെ ഷോപ്പിങ്ങിന് 7.5 ശതമാനം കാശ്ബാക്കാണ് ഈ കാർഡ് വാഗ്ദാനം ചെയ്യുന്നത്. ഫ്ലിപ്കാർട്ടിലും ക്ലിയർട്രിപിലും ഉപയോഗിച്ചാൽ അഞ്ച് ശതമാനം കാശ്ബാക്ക് നേടാം. മാത്രമല്ല, ഫ്ലിപ്കാർട്ടിനും ക്ലിയർട്രിപിനും താൽപര്യമുള്ള വ്യാപാരികളിൽനിന്ന് പരിധിയില്ലാത്ത ഷോപ്പിങ്ങിന് നാല് ശതമാനം കാശ് ബാക്കും ആസ്വദിക്കാം.
എച്ച്.ഡി.എഫ്.സി മില്ലേനിയ ക്രെഡിറ്റ് കാർഡ്
ആമസോണിലും ഫ്ലിപ്കാർട്ടിലും ബുക്മൈഷോയിലും ഈ കാർഡ് ഉപയോഗിച്ച് ഇടപാട് നടത്തിയാൽ എച്ച്.ഡി.എഫ്.സി ബാങ്ക് അഞ്ച് ശതമാനം കാശ് ബാക്ക് നൽകും. ഒരു സാമ്പത്തിക പാദത്തിൽ 1000 രൂപ വരെയാണ് ലഭിക്കുക. മറ്റുള്ള ഷോപ്പിങ്ങിന് ഒരു ശതമാനവും കാശ് ബാക്ക് ഓഫറുണ്ട്. മാത്രമല്ല, ഭീമമായ തുകക്ക് ചെവിടുമ്പോൾ ഉപഭോക്താക്കൾക്ക് ഇ.എം.ഐ അവസരവും ഈ കാർഡിലുണ്ട്.
ആക്സിസ് ബാങ്ക് എയ്സ് ക്രെഡിറ്റ് കാർഡ്
വൈദ്യുതി, ഇന്റർനെറ്റ്, ഗ്യാസ് തുടങ്ങിയ ബില്ലുകൾ അടച്ചാൽ അഞ്ച് ശതമാനം കാശ് ബാക്ക് നൽകുന്ന കാർഡാണിത്. ഡി.ടി.എച്ചിനും മൊബൈൽ റീചാർജിനും ഓഫർ ലഭിക്കും. ഗൂഗ്ൾ പേയിലൂടെ ഇടപാട് നടത്തണമെന്ന് മാത്രം. മറ്റുള്ള ഇടപാടുകൾക്ക് 1.5 ശതമാനം കാശ് ബാക്കും സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയവയിലെ ചെലവുകൾക്ക് നാല് ശതമാനം കാശ് ബാക്കും ലഭിക്കും.