യു.എ.ഇയിലും പണമടക്കാൻ ഇനി യു.പി.ഐ
text_fieldsയു.എ.ഇയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് കൈയിൽ ദിർഹമോ ബാങ്ക് കാർഡുകളോ ഇല്ലാതെ മുഴുവൻ ഇടപാടുകളും യു.പി.ഐ ആപ് വഴി നടത്താൻ സൗകര്യം ഒരുങ്ങുന്നു. യു.പി.ഐ അധിഷ്ഠിത പേമെന്റ് സംവിധാനം യു.എ.ഇയിൽ വ്യാപകമാക്കാനാണ് നാഷനൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ) തീരുമാനം. പദ്ധതി യാഥാർഥ്യമായാൽ യു.എ.ഇയിൽ താമസിക്കുന്ന ഇന്ത്യക്കാർക്കും വിനോദ സഞ്ചാരികൾക്കും യു.പി.ഐ ആപ് ഉപയോഗിച്ച് യു.എ.ഇയിൽ എവിടെ വേണമെങ്കിലും രൂപയിൽ തന്നെ പണമിടപാട് നടത്താനാവും. ദിർഹമിന് ആനുപാതികമായ തുകയായിരിക്കും ഇന്ത്യൻ അക്കൗണ്ടിൽനിന്ന് കുറവ് വരുക.
ഓരോ ദിവസത്തേയും വിനിമയ നിരക്ക് അനുസരിച്ചായിരിക്കും ഇടപാട്. ഉദാഹരണത്തിന് ഒരു ദിർഹമിന് 23 രൂപയാണ് വിനിമയ നിരക്ക് എങ്കിൽ 10 ദിർഹമിന്റെ സാധനം വാങ്ങിയാൽ 230 രൂപ അക്കൗണ്ടിൽനിന്ന് പിടിക്കും. വൻകിട ഹൈപ്പർ മാർക്കറ്റുകൾ മുതൽ ടാക്സികളിൽ വരെ ക്യു.ആർ കോഡ് സ്കാൻ ചെയ്ത് ഈ രീതിയിൽ പണമടക്കാനാവും. മൊബൈലിലെ യു.പി.ഐ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഏത് ആപ്പ് ഉപയോഗിച്ചും ഇടപാട് നടത്താനാവും. ദുബൈ ഡ്യൂട്ടി ഫ്രീയിലും ലുലു ഹൈപ്പർ മാർക്കറ്റുകളിലും നിലവിൽ ഈ സൗകര്യം ലഭ്യമാണ്. രണ്ടാം ഘട്ടത്തിൽ സേവനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനാണ് എൻ.പി.സി.ഐ തീരുമാനം.
മഷ്രിക് ബാങ്കിന്റെ നിയോപേ, നെറ്റ്വർക്ക് ഇന്റർനാഷനൽ, മാഗ്നാട്ടി തുടങ്ങിയ പേമെന്റ് സേവന ദാതാക്കളുടെ പങ്കാളിത്തത്തിലൂടെയാണ് ഇതു സാധ്യമാക്കുക. യു.പി.ഐയുടെയും യു.എ.ഇയുടെ ആനി (എ.എ.എൻ.ഐ) യുടെയും ഡിജിറ്റൽ പേമെന്റ് പ്ലാറ്റ്ഫോമുകളുടെ സംയോജനം ഇതിനായി പൂർത്തിയാകേണ്ടതുണ്ട്. ഒരു വർഷത്തിനുളളിൽ യു.എ.ഇയിലുടനീളമുള്ള വ്യാപാര സ്ഥാപനങ്ങളിൽ പദ്ധതി വ്യാപിപ്പിക്കും. ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ)യുടെ പങ്കാളിത്തത്തിൽ അടുത്ത നാലുമാസത്തിനകം ദുബൈയിലെ ടാക്സികളിൽ ക്യു.ആർ സ്കാൻ ചെയ്തുള്ള പണമിടപാട് നടത്താനാവുമെന്നാണ് എൻ.പി.സി.ഐ വൃത്തങ്ങൾ നൽകുന്ന വിവരം.