അക്കൗണ്ടിൽ നിന്ന് പണം പോവുകയും ചെയ്തു കിട്ടേണ്ടവർക്ക് കിട്ടിയതുമില്ല; യു.പി.ഐ പേമെന്‍റ് പരാജയപ്പെട്ടാൽ എന്തു ചെയ്യണം?
text_fieldsപലചരക്ക് സാധനങ്ങൾക്കോ ഇന്ധനത്തിനോ ഭക്ഷണത്തിനോ പണം നൽകുമ്പോൾ സ്ക്രീനിൽ "ട്രാൻസാക്ഷൻ പരാജയപ്പെട്ടു" എന്ന് കാണിക്കും. നിമിഷങ്ങൾക്കകം, അക്കൗണ്ടിൽ നിന്ന് പണം ഡെബിറ്റ് ചെയ്തതായി ബാങ്കിൽ നിന്ന് എസ്.എം.എസ് വരുകയും ചെയ്യും. എന്നാൽ കടയുടമക്ക് പണം ലഭിച്ചിട്ടുമില്ല. മിക്ക യു.പി.ഐ ഉപയോക്താക്കൾക്കും ഒരിക്കലെങ്കിലും ഈ അനുഭവം ഉണ്ടായിട്ടുണ്ടാകും. ഇത്തരം സാഹചര്യങ്ങളിൽ എന്താണ് ചെയ്യേണ്ടതെന്ന് നോക്കാം.
ആ നിമിഷത്തിൽ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം തിടുക്കത്തിൽ മറ്റൊരു പേമെന്‍റ് നടത്താതിരിക്കുക എന്നതാണ്. പല കേസുകളിലും, ഈ ഇടപാട് താൽക്കാലികമായി മാത്രമാണ് തടസപ്പെടുന്നത്. പരിശോധിക്കാതെ വീണ്ടും പണമടച്ചാൽ, നിങ്ങൾക്ക് രണ്ടുതവണ പണം നൽകേണ്ടി വരും.
ട്രാൻസാക്ഷൻ പരാജയപ്പെട്ടിട്ടും എന്തുകൊണ്ടാണ് അക്കൗണ്ടിൽ നിന്ന് പണം ഡെബിറ്റ് ചെയ്യുന്നത്?
യു.പി.ഐ പേമെന്‍റുകളിൽ ഒന്നിലധികം സിസ്റ്റങ്ങൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങളുടെ ബാങ്ക് അക്കൗണ്ട്, സ്വീകർത്താവിന്‍റെ ബാങ്ക് അക്കൗണ്ട്, പണം കൈമാറിയ ആപ്പ് എന്നിവ. ഇതിൽ ഏതെങ്കിലും സിസ്റ്റത്തിലുണ്ടാകുന്ന കാലതാമസമോ സാങ്കേതിക തടസമോ കാരണം പണം ഡെബിറ്റ് ചെയ്യപ്പെടാം, എന്നാൽ അത് സ്വീകർത്താവിന് ലഭിക്കണമെന്നില്ല. ഷോപ്പിങ് തിരക്കുള്ള സമയങ്ങളിലോ ഉത്സവ സീസണുകളിലോ പേമെന്‍റ് ട്രാഫിക് അസാധാരണമാംവിധം കൂടുതലായിരിക്കുമ്പോൾ ഇത്തരം കേസുകൾ വളരെ സാധാരണമാണ്.
ട്രാൻസാക്ഷൻ സ്റ്റാറ്റസ് "പെൻഡിങ്" അല്ലെങ്കിൽ "പ്രോസസിങ്" എന്നാണെങ്കിൽ കുറച്ചു സമയം കാത്തിരിക്കണം. മിക്ക കേസുകളിലും, ഇടപാട് ഏതാനും സെക്കൻഡുകൾക്കുള്ളിൽ ക്ലിയർ ചെയ്യപ്പെടും അല്ലെങ്കിൽ സ്വയമേവ തിരികെ ലഭിക്കും. എൻ.പി.സി.ഐ മാർഗനിർദ്ദേശങ്ങൾ പ്രകാരം, പരാജയപ്പെട്ട യു.പി.ഐ ഇടപാടുകൾ സാധാരണയായി ഇടപാട് തീയതിക്ക് ശേഷം അടുത്ത ദിവസത്തിനുള്ളിൽ പരിഹരിക്കപ്പെടും.
എന്നാലും പേമെന്‍റ് സന്ദേശം ഡിലീറ്റ് ചെയ്യാതിരിക്കാനും ട്രാൻസാക്ഷൻ പേജ് ക്ലോസ് ചെയ്യാതിരിക്കാനും ശ്രദ്ധിക്കുക. യു.പി.ഐ ട്രാൻസാക്ഷൻ റഫറൻസ് നമ്പർ കൃത്യമായി കുറിച്ചുവെക്കുക. നിശ്ചിത സമയപരിധിക്കുള്ളിൽ പണം തിരികെ ലഭിച്ചില്ലെങ്കിൽ, നിങ്ങൾ ഉപയോഗിച്ച യു.പി.ഐ ആപ്പ് വഴി പരാതി നൽകുക.
ഭീം, ഗൂഗിൾ പേ, ഫോൺപേ , അല്ലെങ്കിൽ പേടിഎം തുടങ്ങി എല്ലാ പ്രധാന ആപ്പുകളും ഉപയോക്താക്കൾക്ക് ട്രാൻസാക്ഷൻ ഹിസ്റ്ററിയിൽ നിന്ന് നേരിട്ട് പ്രശ്നം റിപ്പോർട്ട് ചെയ്യാൻ അനുവാദം നൽകുന്നുണ്ട്. പ്രശ്നം പരിഹരിക്കപ്പെടാതെ കിടക്കുകയാണെങ്കിൽ, മെർച്ചന്‍റിനെ മാത്രം ബന്ധപ്പെടുന്നതിന് പകരം നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെടുക. നിങ്ങളുടെ അക്കൗണ്ടിൽ നിന്നാണ് തുക പിൻവലിച്ചിരിക്കുന്നത് എന്നതിനാൽ, ഇടപാട് അന്വേഷിക്കേണ്ടത് ബാങ്കിന്‍റെ ഉത്തരവാദിത്തമാണ്. ബാങ്ക് നൽകുന്ന മറുപടിയിൽ നിങ്ങൾ തൃപ്തനല്ലെങ്കിൽ, റിസർവ് ബാങ്കിന്‍റെ ഇന്‍റഗ്രേറ്റഡ് ഒംബുഡ്സ്മാൻ സ്കീമിന്കീഴിൽ നിങ്ങൾക്ക് പരാതി നൽകാം.
ടെൻഷൻ ഒഴിവാക്കാൻ ചെയ്യാവുന്ന ചില കാര്യങ്ങൾ
മറ്റൊരു പേമെന്‍റ് ശ്രമം നടത്തുന്നതിന് മുമ്പ് കടയുടമയോട് അവരുടെ പേമെന്‍റ് റെക്കോർഡുകളോ ബാങ്ക് സ്റ്റേറ്റ്‌മെന്‍റോ പരിശോധിക്കാൻ ആവശ്യപ്പെടുക. കാരണം ആപ്പിൽ തടസമുണ്ടായെങ്കിലും പണം പിന്നീട് അക്കൗണ്ടിൽ എത്തിയേക്കാം.
യു.പി.ഐ ആപ്പ് എപ്പോഴും അപ്‌ഡേറ്റ് ചെയ്‌തിട്ടുണ്ടെന്നും ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന മൊബൈൽ നമ്പർ നിലവിലുള്ളതാണെന്നും ഉറപ്പാക്കുക.


