‘ഐബാൻ’ പ്രാബല്യത്തിൽ, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം
text_fieldsസെൻട്രൽ ബാങ്ക് ഓഫ് ഒമാന്റെ (സി.ബി.ഒ) നിർദേശം അനുസരിച്ചു ജൂലൈ ഒന്നുമുതൽ സ്വദേശ/ വിദേശ പണമിടപാടുകൾക്കു ‘ഐബാൻ’ അതായതു ഇന്റർനാഷനൽ ബാങ്ക് അക്കൗണ്ട് നമ്പർ നിർബന്ധമാക്കിയിരിക്കുകയാണ്. നിങ്ങളുടെ പണമിടപാടുകളുടെ വേഗവും സുരക്ഷിതത്വവും, കൃത്യതയും ഉറപ്പാക്കാൻ വേണ്ടിയാണ് ഈ പുതിയ പരിഷ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.
എന്താണ് ഐബാൻ (IBAN)
ഇന്റർനാഷനൽ ബാങ്ക് അക്കൗണ്ട് നമ്പർ (IBAN) എന്നത് 23 അക്ക ആൽഫ ന്യൂമെറിക് നമ്പർ ആണ്. ആദ്യത്തെ രണ്ടു അക്ഷരം ‘OM’ എത് ഒമാൻ എന്ന രാജ്യത്തെ സൂചിപ്പിക്കുന്നു. പിന്നീടുള്ള രണ്ടക്കം ‘ചെക്ക് ഡിജിറ്റ് ആണ്. ഇത് ഓരോ അക്കൗണ്ട് ഉടമക്ക് വെവ്വേറെ ആയിരിക്കും. അടുത്ത മൂന്ന് അക്കങ്ങൾ ഒമാനിലെ ബാങ്കിന്റെ കോഡ് ആണ്. ഉദാഹരണമായി ബാങ്ക് മസ്ക്ത്തിന് (027), എൻ.ബി.ഒ (018), ബാങ്ക് ദോഫാർ (025) എന്നിങ്ങനെ ആണ്. പിന്നീടുള്ള 16 ആക്കം നിങ്ങളുടെ അക്കൗണ്ട് നമ്പർ ആണ്. ഉദാഹരണമായി ഒരാളുടെ അക്കൗണ്ട് ബാങ്ക് മസ്കത്തിൽ ആണെങ്കിൽ അയാളുടെ ഐബാൻ OM XX 027 312XXXXXXXXXXX01ആയിരിക്കും. ഇങ്ങനെ മൊത്തം 23 അക്ക നമ്പർ ഈ ലോകത്തു നിങ്ങളുടേത് മാത്രമായിരിക്കും എന്നതാണ് ഇതിനെ പ്രത്യേകത.
ഐബാൻ എങ്ങനെ കണ്ടുപിടിക്കാം
നിങ്ങളുടെ ഐബാൻ കണ്ടുപിടിക്കാൻ വളരെ എളുപ്പമാണ്. നിങ്ങൾ ചെയ്യേണ്ടത് ഏതു ബാങ്കിലാണോ അക്കൗണ്ട് ഉള്ളത്, ആ ബാങ്കിന്റെ വെബ്സൈറ്റിൽനിന്നും ഓൺലൈൻ ആയി ഐബാൻ കണ്ടുപിടിക്കാം. നിങ്ങളുടെ അക്കൗണ്ട് നമ്പർ കൊടുത്താൽ മേൽപറഞ്ഞ നമ്പർ കിട്ടും. മാത്രമല്ല മൊബൈൽ ബാങ്കിങ് അപ്ലിക്കേഷൻ ഉള്ളവർക്ക് ലോഗിൻ ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ അക്കൗണ്ട് ഡീറ്റെയിൽസ് നോക്കിയാൽ അക്കൗണ്ട് നമ്പറിനു തൊട്ടു താഴെ ഐബാൻ നമ്പർ കൊടുത്തിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റുകളിൽനിന്നും ഇത് കിട്ടും. ബാങ്ക് മസ്കത്തിന്റെ സൈറ്റിൽനിന്നും ഒമാനിലുള്ള എല്ലാ ബാങ്കുകളുടെയും ഐബാൻ കണ്ടുപിടിക്കാം.
ഐബാന്റെ പ്രാധാന്യം
ഈ വർഷം ജൂലൈ ഒന്നുമുതൽ ഒമാനിൽ രാജ്യത്തിനകത്തും പുറത്തും പണം അയക്കാൻ നടത്താൻ ഈ അക്കൗണ്ട് നമ്പർ ആവശ്യമാണ് . ഇതൊരു അന്താരാഷ്ട്ര തലത്തിലുള്ള ബാങ്ക് അക്കൗണ്ട് വെരിഫിക്കേഷൻ പ്രക്രിയയാണ്. ഇത് തെറ്റുകൾ കൂടാതെയുള്ള പണമയക്കൽ സുഗമമാക്കുന്നു. അതുകൊണ്ടുതന്നെയാണ് ഒമാൻ ഇതിനു വളരെയേറെ പ്രാധാന്യം കൊടുക്കുന്നത്. ഇന്ത്യയിൽ മേൽപറഞ്ഞ സംവിധാനം നിലവിൽ ഇല്ലാത്തതിനാൽ എക്സ്ചേഞ്ച് വഴി പണം അയക്കാൻ നിലവിലെ രീതി തുടരാം. എന്നാൽ നാട്ടിൽനിന്നും ഒമാനിലേക്ക് പണം അയക്കണമെങ്കിൽ നിങ്ങളുടെ ഐബാൻ നമ്പർ അത്യാവശ്യമാണ് അല്ലെങ്കിൽ അയക്കുന്ന തുക ഇവിടുത്തെ ബാങ്ക് അക്കൗണ്ടിൽ വരവ് വെക്കില്ല.
എന്നാൽ ഐബാൻ സംവിധാനം നടപ്പിലാക്കിയിട്ടുള്ള രാജ്യങ്ങളിലേക്ക് പണം അയക്കാൻ അവിടുത്തെ അക്കൗണ്ട് ഉടമയുടെ ഐബാൻ നിർബന്ധദ്ധണ്. സ്വിഫ്റ്റ് (സൊസൈറ്റി ഫോർ വേൾഡ് വൈഡ് ഇന്റെർബാങ്ക് ഫിനാൻഷ്യൽ ടെലികമ്യൂണിക്കേഷൻ) വഴി പണം അയക്കുമ്പോഴും ഐബാൻ ആവശ്യമാണ്. സ്വിഫ്റ്റ് സിസ്റ്റം ഒരു ബാങ്കിനെ ലക്ഷ്യമാക്കുമ്പോൾ ഐബെൻ നേരിട്ട് അക്കൗണ്ട് ഉടമയുമായി ബന്ധിപ്പിക്കുന്നു എന്നതാണ് പ്രത്യേകത. അതുകൊണ്ടു ഐബാൻ സംവിധാനം പരിപൂർണമായി കുറ്റമറ്റതും, സുരക്ഷിതവുമാണെന്ന് പറയാം.