വാട്സ്ആപിന്റെ പ്രതിയോഗി; സ്വദേശി ട്രെൻഡിൽ ആറാടി ‘ആറാട്ടൈ’
text_fieldsന്യൂഡൽഹി: സാങ്കേതിക രംഗത്ത് സ്വദേശിവത്കരണം പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ കോളടിച്ച് ‘ആറാട്ടൈ’ ആപ്. വാട്സ്ആപിന് പകരം ഇന്ത്യൻ കമ്പനിയായ സോഹോ നിർമിച്ചതാണ് ആറാട്ടൈ ഇൻസ്റ്റന്റ് മെസേജിങ് ആപ്. ഈ ആപ്പിന്റെ ഡൗൺലോഡ് പുതിയ റെക്കോർഡ് കുറിച്ചു.
ഗൂഗ്ൾ, ആപ്പ്ൾ പ്ലേസ്റ്റോറുകളിലെ മൊബൈൽ ആപ്പുകളുടെ വളർച്ച നിരീക്ഷിക്കുന്ന സെൻസർ ടവർ തയാറാക്കിയ റിപ്പോർട്ട് പ്രകാരം ആപ് ഡൗൺലോഡിൽ 185 മടങ്ങ് വർധനവാണുണ്ടായത്. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 40 മടങ്ങിന്റെയും വർധനവുണ്ടായി.
ഡൗൺലോഡിലും ദിനംപ്രതിയുള്ള ഉപയോഗത്തിലുമാണ് കുതിച്ചുചാട്ടം ദൃശ്യമായത്. സെപ്റ്റംബർ 25ന് ശേഷം ഓരോ ദിവസവും ഒരു ലക്ഷത്തോളം ഡൗൺലോഡാണ് നടക്കുന്നത്. ആപ്പിനെ പ്രോത്സാഹിപ്പിച്ച് കേന്ദ്ര സർക്കാർ അഭിപ്രായം പങ്കുവെച്ചതിന് ശേഷമാണ് ഡൗൺലോഡിൽ വർധനയുണ്ടായത്. അതിന് മുമ്പ് ഒരു ദിവസം വെറും 300 ഡൗൺലോഡുകളാണ് നടന്നിരുന്നത്. സെപ്റ്റംബർ 27 വരെ മൊത്തം നാലു ലക്ഷം പേർ മാത്രമാണ് ഡൗൺലോഡുകൾ ചെയ്തത്. അതേസമയം, നിലവിൽ വാട്സ്ആപിന്റെ ദിനംപ്രതിയുള്ള ഉപയോഗം 50 കോടിയുടെ അടുത്താണെന്നും സെൻസർ ടവർ കണക്കുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ ആഴ്ച സോഷ്യൽ നെറ്റ്‍വർക്ക് വിഭാഗത്തിൽ ഏറ്റവും അധികം ഡൗൺലോഡ് ചെയ്യപ്പെട്ടതിൽ മുന്നിൽ ‘ആറാട്ടൈ’ ആപ് ആണെന്നും ഈ റാങ്ക് ആപ് തുടരുകയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
അതിനിടെ, ലോഗിൻ ചെയ്യുന്നവരുടെ എണ്ണം 100 മടങ്ങ് വർധിച്ചതായും ‘ആറാട്ടൈ’ ആപ് നവീകരിക്കാനുള്ള ശ്രമത്തിലാണെന്നും സോഹോ ചീഫ് സയന്റിസ്റ്റ് ശ്രീധർ വെമ്പു അറിയിച്ചു.