Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഒരു ഗ്രാമം മുഴുവൻ ടൈൽ...

ഒരു ഗ്രാമം മുഴുവൻ ടൈൽ നിർമാണത്തിലേർപ്പെട്ടിരിക്കുന്ന ആത്തങ്കുടി; ചൂളയില്ലാതെ കൈകളിൽ തീർക്കുന്ന 200 വർഷത്തെ പാരമ്പര്യം

text_fields
bookmark_border
ഒരു ഗ്രാമം മുഴുവൻ ടൈൽ നിർമാണത്തിലേർപ്പെട്ടിരിക്കുന്ന ആത്തങ്കുടി; ചൂളയില്ലാതെ കൈകളിൽ തീർക്കുന്ന 200 വർഷത്തെ പാരമ്പര്യം
cancel

ആറ്റുമണലിൽ വെള്ളവും സിമന്‍റും മിശ്രിതങ്ങൾ ചേർത്ത് പാകപ്പെടുത്തി പ്രകൃതിദത്ത നിറങ്ങൾ ചാലിച്ച് പ്രത്യേക കരവിരുതിൽ പണിതെടുക്കുന്ന 200 വർഷത്തെ പാരമ്പര്യമുള്ള ആത്തങ്കുടി ടൈലുകൾക്ക് ഒരു തമിഴ് ഗ്രാമത്തിലെ ഒരു പറ്റം മനുഷ്യരുടെ അധ്വാനത്തിന്‍റെയും വിയർപ്പിന്‍റെയും കഥ പറയാനുണ്ട്. തിളങ്ങുന്ന ഫിനിഷിങും സങ്കീർണമായ ഡിസൈനുകളുമാണ് ആത്തങ്കുടി ടൈലുകളുടെ സവിശേഷത.

പണ്ട് സമ്പന്നർ തങ്ങളുടെ കൊട്ടാരസദൃശമായ വീടുകൾ അലങ്കരിക്കാൻ ഇംഗ്ലണ്ട്, ജർമനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ടൈലുകൾ ഇറക്കുമതി ചെയ്തിരുന്നു. എന്നാൽ, തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലെ ആത്തങ്കുടിയിലെയും പരിസര പ്രദേശങ്ങളിലെയും ഗ്രാമീണർ തങ്ങളുടെ തനത് ശൈലി ഉപയോഗിച്ച്, ഈ ഇറക്കുമതി ചെയ്ത ഡിസൈനുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സ്വന്തമായി ടൈലുകൾ നിർമിക്കാൻ തുടങ്ങി. അതിൽ അവർ പ്രാദേശികമായ സൗന്ദര്യശാസ്ത്രവും അസംസ്കൃത വസ്തുക്കളും കൂട്ടിയിണക്കി. കൈകൊണ്ട് നിർമിക്കുന്ന ആത്തങ്കുടി ടൈലുകളിൽ കടും ചുവപ്പ്, നീല, പച്ച, മഞ്ഞ തുടങ്ങിയ നിറങ്ങളിൽ മനോഹരമായ പൂക്കളുടെ ചിത്രങ്ങളും ജ്യാമിതീയ പാറ്റേണുകളും കാണാം. ഇന്ന്, ടൈൽ നിർമാണ രംഗത്ത് പരിസ്ഥിതി സൗഹൃദപരമായ ഒരു മികച്ച ബദലാണ് ഇവ. രണ്ടായിരത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള ആത്തങ്കുടി ഗ്രാമം മുഴുവൻ ഈ ടൈൽ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്നു.

ആത്തങ്കുടി ടൈലുകളുടെ നിർമാണം

മണൽ, സിമന്‍റ്, ഗ്ലാസ്, ഇരുമ്പ് ഫ്രെയിം, നിറങ്ങൾ, വെള്ളം എന്നിവയാണ് ആത്തങ്കുടി ടൈലുകളുടെ നിർമാണത്തിന് ആവശ്യമായ പ്രധാന വസ്തുക്കൾ. ആത്തങ്കുടിയിൽ മാത്രം കാണപ്പെടുന്ന 'വാരിമൺ' എന്നറിയപ്പെടുന്ന ഒരു തരം ആറ്റുമണലാണ് ഈ ടൈലുകളുടെ പ്രധാന ആകർഷണം. പ്രാദേശികമായി ലഭിക്കുന്ന ഈ മണലും സിമന്‍റും പ്രകൃതിദത്ത നിറങ്ങളും ചേർത്താണ് ടൈലുകൾക്ക് അടിത്തറയൊരുക്കുന്നത്. ഇവ നിർമിക്കാൻ ചൂളകളിൽ വെച്ച് ചുട്ടെടുക്കേണ്ട ആവശ്യമില്ല.

ഫ്രെയിമിങ്: ആദ്യം, ആവശ്യമായ അളവിലുള്ള ഒരു ഗ്ലാസിന് മുകളിലായി ഇരുമ്പ് ഫ്രെയിം വെക്കുന്നു. സാധാരണയായി 8 മില്ലിമീറ്റർ കനമുള്ള 10x10 ഇഞ്ച് ടൈലുകളാണ് നിർമിക്കുന്നത്.

ഡിസൈൻ: ഉപഭോക്താക്കളുടെ ആവശ്യാനുസരണം നിറങ്ങൾ ഒഴിച്ച് കരകൗശല വിദഗ്ദർ മനോഹരമായ പാറ്റേണുകൾ സൃഷ്ടിക്കുന്നു. ഇതിന് മുകളിൽ ഉണങ്ങിയ മണലും സിമന്‍റും ചേർത്ത മിശ്രിതം വിതറി മൂന്ന് മുതൽ നാല് മിനിറ്റ് വരെ വെക്കുന്നു.

ഉണക്കലും ക്യൂറിങും: ഇതിനുശേഷം മണലും സിമന്‍റും വെള്ളവും ചേർത്ത നനഞ്ഞ മിശ്രിതം മുകളിൽ ഒഴിച്ച് 24 മണിക്കൂർ ഉണങ്ങാൻ അനുവദിക്കുന്നു. പിന്നീട് ഈ ടൈലുകൾ മൂന്ന് ദിവസത്തേക്ക് ജലസംഭരണികളിൽ മുക്കിവെക്കുന്നു (curing). നാലാം ദിവസം പുറത്തെടുത്ത് സ്വാഭാവിക അന്തരീക്ഷത്തിൽ ഉണക്കുന്നു.

വെള്ളത്തിൽ നിന്ന് മാറ്റിയ ശേഷം ടൈലുകൾ വെയിലത്ത് വെച്ച് ഉണക്കുന്നു. വേനൽക്കാലത്ത് ഇതിന് 5 മുതൽ 7 ദിവസങ്ങൾ വരെ എടുക്കും, എന്നാൽ ശീതകാലത്ത് 10 മുതൽ 15 ദിവസങ്ങൾ വരെ വേണ്ടിവരും. കൃത്യമായി ഉണങ്ങിയില്ലെങ്കിൽ ഡിസൈനുകൾ കേടുവരാൻ സാധ്യതയുണ്ട്. അവസാന ഘട്ടത്തിൽ, കൂടുതൽ നിറമോ സിമന്‍റ് ചേർത്ത് ടൈലുകൾക്ക് തിളങ്ങുന്ന ഫിനിഷിങ് നൽകുന്നു. പൂർണമായും കൈകൊണ്ട് നിർമിക്കുന്നതിനാൽ, ഒരു ചെറിയ തുള്ളി നിറം തെറ്റായ സ്ഥാനത്ത് വീണാൽ പോലും ആ ടൈൽ ക്വാളിറ്റി ചെക്കിൽ പരാജയപ്പെടും. കഴിഞ്ഞ 30 വർഷമായി ടൈൽ നിർമ്മാണ രംഗത്തുള്ള കാളിമുത്തു പറയുന്നു. പ്രാദേശിക സാമഗ്രികൾ മാത്രം ഉപയോഗിക്കുന്നതിനാലും കെമിക്കലുകളോ ചൂളകളോ ഉപയോഗിക്കാത്തതിനാലും ആത്തങ്കുടി ടൈലുകൾ കുറഞ്ഞ ചെലവിൽ ലഭിക്കുന്നതും പരിസ്ഥിതിക്ക് അനുയോജ്യവുമാണ്.

ആത്തങ്കുടി: ടൈൽ നിർമാതാക്കളുടെ ഗ്രാമം

ആത്തങ്കുടിയിലെ ഓരോ നിവാസിയും ടൈൽ നിർമാണത്തിൽ വൈദഗ്ദ്യം നേടിയവരാണ്. "ഈ പാരമ്പര്യം അടുത്ത തലമുറയിലേക്ക് എത്തിക്കുന്നതിൽ ഗ്രാമം മുഴുവൻ പങ്കാളികളാണ്," ടൈൽ വ്യാപാരത്തിലേർപ്പെട്ടിരിക്കുന്ന അഞ്ചാം തലമുറയിലെ അമീർ പറയുന്നു.

ഈ ടൈലുകളാണ് ആത്തങ്കുടിയുടെ സ്വത്വം. "ഈ ടൈലുകൾ നിർമിക്കുന്നതല്ലാതെ മറ്റൊന്നും ഞങ്ങൾക്കറിയില്ല," ഈ തൊഴിലിലൂടെ ജീവിക്കുന്ന കരകൗശല വിദഗ്ദയായ കാളിമുത്തു പറയുന്നു. നിലവിലുള്ള 500 സ്റ്റാൻഡേർഡ് ഡിസൈനുകളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയും 7 പ്രധാന നിറങ്ങൾ ഉപയോഗിച്ചും ആത്തങ്കുടി ടൈലുകൾക്ക് 4,000 വൈവിധ്യങ്ങൾ നിർമിക്കാൻ ഇവർക്ക് സാധിക്കുന്നുണ്ട്. ഒരു ടൈലിന് കുറഞ്ഞത് 38 രൂപയാണ് വില. ലളിതമായ ഡിസൈനുകളാണെങ്കിൽ പ്രതിദിനം 150 ടൈലുകൾ വരെയും, സങ്കീർണമായ ഡിസൈനുകളാണെങ്കിൽ 50 എണ്ണം വരെയുമാണ് നിർമിക്കുന്നത്.


ഈ ടൈലുകൾ പാകുന്നത് ഒരു പ്രത്യേക കലയാണ്. "ടൈലുകൾ വിരിക്കാൻ കുറഞ്ഞത് മൂന്ന് പേരെങ്കിലും വേണം; ചെറിയൊരു പിഴവ് സംഭവിച്ചാൽ പോലും ടൈൽ പൊട്ടിപ്പോകാം," സെന്തിൽ പറയുന്നു. 1,000 ചതുരശ്ര അടി വിസ്തീർണമുള്ള സ്ഥലത്ത് ടൈൽ വിരിക്കാൻ കുറഞ്ഞത് മൂന്ന് ദിവസമെടുക്കും. ഇത്രയും പണികളുണ്ടെങ്കിലും അവസാന ഫലം മനോഹരമായിരിക്കും.

വീടുകൾക്ക് ഭംഗി കൂട്ടുന്നതിനൊപ്പം, കാലാവസ്ഥക്ക് അനുയോജ്യമായി പ്രവർത്തിക്കാനുള്ള കഴിവും ഈ ടൈലുകൾക്കുണ്ട്. അതായത് ശീതകാലത്ത് ചൂടും വേനൽക്കാലത്ത് തണുപ്പും ഇവ നൽകും. ഈ ടൈലുകൾ കൈകൊണ്ട് നിർമിക്കുന്നതിനാലും ഗ്ലാസ് ഉപയോഗിക്കുന്നതിനാലും ഇവയുടെ ആയുസിനെക്കുറിച്ച് പലർക്കും ആശങ്കയുണ്ടാകാറുണ്ട്. എന്നാൽ, "ഇവയുടെ ആയുസ് നാം ഇത് എവിടെയാണ് ഉപയോഗിക്കുന്നത്, എങ്ങനെ പരിപാലിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. കേടുപാടുകൾ സംഭവിച്ചാൽ ടൈലുകളിൽ വിള്ളലുകൾ വീഴുമെങ്കിലും അവ കഷണങ്ങളായി ചിതറിപ്പോകില്ല," എന്ന് സെന്തിൽ വ്യക്തമാക്കുന്നു. മാത്രമല്ല, കാലപ്പഴക്കം ചെല്ലുന്തോറും ഈ ടൈലുകളുടെ തിളക്കവും നിറവും വർധിക്കുകയാണ് ചെയ്യുന്നത്.

പാരമ്പര്യവുമായി മുന്നോട്ട്

ആത്തങ്കുടിയിലെ തൊഴിലാളികൾക്ക് ടൈൽ നിർമാണം വെറുമൊരു ഉപജീവനമാർഗമല്ല, മറിച്ച് അവരുടെ അഭിമാനമാണ്. വിപണിയിൽ മറ്റ് പല ആധുനിക ടൈലുകളും വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും, പരമ്പരാഗത രീതിയിൽ നിർമിക്കുന്ന ടൈലുകളുടെ ഗുണനിലവാരത്തോടും ഫിനിഷിങിനോടും മത്സരിക്കാൻ അവക്ക് കഴിയില്ലെന്ന് ഇവിടുത്തെ കരകൗശല വിദഗ്ധർ വിശ്വസിക്കുന്നു.

ഇന്ന് ആത്തങ്കുടി ടൈലുകൾ അവയുടെ ഭംഗി കൊണ്ട് മാത്രമല്ല, സാംസ്കാരിക പ്രാധാന്യം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഭീമാകാരമായ കൊട്ടാരങ്ങളും സങ്കീണമായ തടിപ്പണികളും നിറഞ്ഞ ചെട്ടിനാടിന്‍റെ സാംസ്കാരിക സ്വത്വത്തിന്‍റെ ഒരു പ്രധാന ഭാഗമാണിത്. സമീപകാലത്തായി അന്താരാഷ്ട്ര തലത്തിലും ഈ ടൈലുകൾക്ക് പ്രിയമേറിയിട്ടുണ്ട്. യൂറോപ്പിലെ ആഡംബര വില്ലകൾ മുതൽ ഏഷ്യയിലെ ബോട്ടിക് റിസോർട്ടുകളിൽ വരെ ഇന്ന് ആത്തങ്കുടി ടൈലുകൾ ഇടം പിടിക്കുന്നു.

Show Full Article
TAGS:tile industry Tamilnadu Business News Traditional job 
News Summary - athankudi tile story
Next Story