ഗസ്സ വംശഹത്യ: ബെൻ ആൻഡ് ജെറീസ് സഹസ്ഥാപകൻ കമ്പനി വിട്ടു
text_fieldsബെൻ ആൻഡ് ജെറി സ്ഥാപകരായ ജെറി ഗ്രീൻഫീൽഡ് (തൊപ്പി ധരിച്ചയാൾ), ബെൻ കോഹൻ
വാഷിങ്ടൺ: ഐസ് ക്രീം വിപണിയിലെ അതികായരായ അമേരിക്കൻ കമ്പനി ബെൻ ആൻഡ് ജെറീസ് സ്ഥാപകരിൽ പ്രമുഖനും ബ്രാൻഡ് പേരിലെ ഒരാളുമായ ജെറി ഗ്രീൻഫീൽഡ് രാജിവെച്ചു. മാതൃകമ്പനിയായ യൂനിലെവർ വർഷങ്ങളായി തങ്ങളെ നിശ്ശബ്ദമാക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് നടപടി.
ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന വംശഹത്യക്കെതിരെ തുടക്കം മുതൽ കടുത്ത നിലപാട് സ്വീകരിക്കുകയും അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ഇതിന്റെ പേരിൽ വിപണനം നിർത്തുകയും ചെയ്ത ബെൻ ആൻഡ് ജെറീസ് ഇതേ നിലപാട് തുടരുന്നത് മാതൃകമ്പനിയായ യൂനിലെവർ അംഗീകരിച്ചിരുന്നില്ല. ഇതിനെ ചൊല്ലിയുള്ള തർക്കങ്ങളാണ് 47 വർഷം നീണ്ട സേവനം അവസാനിപ്പിക്കാൻ ജെറിയെ നിർബന്ധിച്ചത്. ഇനിയും തനിക്ക് ഈ കമ്പനിക്കു കീഴിൽ ജോലി തുടരാൻ സാധ്യമാകില്ലെന്ന് ജെറി കുറിച്ചു.
ചൈന, ഇന്ത്യ, പാകിസ്താൻ രാഷ്ട്രങ്ങൾ പ്രധാന മയക്കുമരുന്ന് കടത്തുകേന്ദ്രങ്ങളെന്ന് ട്രംപ്
ന്യൂയോർക്: ചൈന, അഫ്ഗാനിസ്താൻ, ഇന്ത്യ, പാകിസ്താൻ എന്നിവ പ്രധാന മയക്കുമരുന്ന് ഉൽപാദന, കടത്തു രാജ്യങ്ങളെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യു.എസിനും യു.എസ് പൗരന്മാർക്കും ഭീഷണിയാകുംവിധം നിയമവിരുദ്ധ മയക്കുമരുന്ന് കടത്തുന്ന 23 രാജ്യങ്ങളിലാണ് ഇന്ത്യയെയും അയൽക്കാരെയും ട്രംപ് ഉൾപ്പെടുത്തിയത്. ബൊളീവിയ, ബർമ, കൊളംബിയ, മെക്സികോ, പെറു, പാനമ, കൊസ്റ്ററീക തുടങ്ങിയ രാജ്യങ്ങളും പട്ടികയിലുണ്ട്.
മയക്കുമരുന്നിനെതിരെ ആവശ്യമായ നടപടി സ്വീകരിക്കുന്നതിൽ അഫ്ഗാനിസ്താൻ, ബൊളീവിയ, ബർമ, കൊളംബിയ, വെനിസ്വേല എന്നീ രാജ്യങ്ങൾ ദയനീയമായി പരാജയപ്പെട്ടെന്നും യു.എസ് കോൺഗ്രസിന് സമർപിച്ച റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. നിയമവിരുദ്ധമായ ഫെന്റാനിൽ ഉൽപാദനത്തിന് ആവശ്യമായ രാസവസ്തുക്കൾ ഏറ്റവും കൂടുതൽ കടത്തുന്ന സ്രോതസ്സ് ചൈനയാണെന്നും അഫ്ഗാനിൽ പുതിയ താലിബാൻ ഭരണകൂടം ഏർപ്പെടുത്തിയ വിലക്ക് മയക്കുമരുന്ന് കടത്ത് തടയുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്.