ഹലോ കേൾക്കുന്നുണ്ടോ?.... ബി.എസ്.എൻ.എല്ലിന് 25 വയസ്സ്
text_fieldsപൊതുമേഖല ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗാം ലിമിറ്റഡിന് (ബി.എസ്.എൻ.എൽ) ഒക്ടോബർ ഒന്നിന് 25 വയസ്സ് തികഞ്ഞു. ടെലികോം വകുപ്പിൽനിന്ന് വിഭജിച്ച് പൊതുമേഖല കമ്പനിയായി 2000 സെപ്റ്റംബറിൽ രൂപവത്കരിക്കുകയും ഒക്ടോബർ ഒന്നിന് പ്രവർത്തനം തുടങ്ങുകയും ചെയ്ത ബി.എസ്.എൻ.എൽ പിന്നിടുന്നത് കുതിപ്പിന്‍റെയും അതിലുമധികം കിതപ്പിന്‍റെയും കാലമാണ്. രജത ജൂബിലി വർഷത്തിൽ എത്തിനിൽക്കുമ്പോൾ സ്വകാര്യ ടെലികോം കമ്പനികളേക്കാൾ ഏറെ പിന്നിലാണെങ്കിലും വീഴ്ചയിൽനിന്ന് എഴുന്നേറ്റ് നടക്കാനുള്ള ശ്രമത്തിലാണ് സ്ഥാപനം. വിളിച്ചാൽ കിട്ടില്ലെന്നും വിളി മുറിയുന്നു എന്നുമുള്ള പരാതികൾ 4ജിയുടെ വരവോടെ അവസാനിക്കുമെന്ന പ്രതീക്ഷയിൽ പ്രതാപകാലം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് കമ്പനി.
ലാഭത്തിൽനിന്ന് നഷ്ടത്തിലേക്ക്
രൂപവത്കരിച്ച് ആദ്യ വർഷങ്ങളിൽ ലാഭത്തിലായിരുന്ന കമ്പനി 2009 മുതൽ തുടർച്ചയായ വർഷങ്ങളിൽ നഷ്ടത്തിലായി. റിലയൻസ് ജിയോയും ഭാരതി എയർടെലും മൊബൈൽ സേവന മേഖല ശക്തിപ്പെടുത്തിയതോടെ മത്സരത്തിൽ ബി.എസ്.എൻ.എൽ ഏറെ പിന്നിലായി. സ്വകാര്യ കമ്പനികൾ അവരുടെ ആകാശം വിസ്തൃതമാക്കിയപ്പോൾ ബി.എസ്.എൻ.എല്ലിന് വികസന വഴികളിൽ കേന്ദ്ര സർക്കാർ കടമ്പകൾ തീർത്തു.
ഏറ്റവും വിപുലമായ ശൃംഖലയുടെ ഉടമയായിട്ടും ഇപ്പോൾ വോഡഫോൺ-ഐഡിയ ഉൾപ്പെടെ മൂന്ന് ടെലികോം കമ്പനികൾക്കും പിന്നിൽ കിതക്കുകയാണ് ബി.എസ്.എൻ.എൽ. 2007 മാർച്ചിൽ വാർഷിക വരുമാനം 40,000 കോടി രൂപ ഉണ്ടായിരുന്നത് 2022 മാർച്ച് 31ന് നഷ്ടം 57,621 കോടിയായി. വരിക്കാരുടെ എണ്ണവും അതിവേഗം കുറഞ്ഞു. 2005ൽ എയർടെലിനൊപ്പം 21 ശതമാനം വിപണി പങ്കാളിത്തം ഉണ്ടായിരുന്നത് 2022ഓടെ വെറും 7.9 ശതമാനമായി ഇടിഞ്ഞു. ബാക്കി 92 ശതമാനവും ജിയോ, എയർടെൽ, വോഡഫോൺ എന്നിവയുടെ കൈകളിലായി.
താരിഫ് പോര് സൃഷ്ടിച്ച ചോർച്ച
താരിഫ് യുദ്ധവുമായാണ് ജിയോ വിപണിയിൽ എത്തിയത്. താരതമ്യേന കുറഞ്ഞ താരിഫോടെ ജിയോ പരമാവധി ഉപഭോക്താക്കളെ മറ്റുള്ളവരിൽനിന്ന്, പ്രത്യേകിച്ച് ബി.എസ്.എൻ.എല്ലിൽനിന്ന് അടർത്തിയെടുത്തു. പിന്നീട് ജിയോ ഉൾപ്പെടെ നിരക്ക് ഉയർത്തിയപ്പോൾ ബി.എസ്.എൻ.എൽ പഴയ നിരക്കിൽ തുടർന്നെങ്കിലും ആളോഹരി ഉപഭോക്തൃ വരുമാനത്തിൽ സ്വകാര്യ കമ്പനികളെ അപേക്ഷിച്ച് വൻ കുറവിന് അത് ഇടയാക്കി. അതോടൊപ്പം 4ജിയിലേക്കും 5ജിയിലേക്കുമുള്ള സ്വകാര്യ കമ്പനികളുടെ പ്രയാണത്തിൽ ബി.എസ്.എൻ.എൽ കാഴ്ചക്കാരായി. കഴിഞ്ഞദിവസം രാജ്യവ്യാപക 4ജി സേവനം തുടങ്ങിയെങ്കിലും ഇപ്പോഴും 2ജി, 3ജി സേവനം നൽകുന്ന ഏക ടെലികോം കമ്പനിയാണ് ബി.എസ്.എൻ.എൽ.
സ്വകാര്യ കമ്പനികൾക്ക് വിദേശിയാവാം, ബി.എസ്.എൻ.എല്ലിന് സ്വദേശി മതി
പൊതുമേഖല സ്ഥാപനങ്ങൾക്ക് സംഭവിക്കുന്ന ‘മുറപോലെ’യുള്ള നടത്തിപ്പിന്‍റെ പൊല്ലാപ്പ് മുഴുവൻ ബി.എസ്.എൻ.എൽ അനുഭവിക്കുന്നുണ്ട്. ഏറ്റവുമൊടുവിൽ 4ജി കൊണ്ടുവരുന്നതിലും ഇത് സംഭവിച്ചു. ജിയോയും എയർടെലും വി.ഐയും വിദേശ ഉപകരണങ്ങൾ ഉപയോഗിച്ച് 4ജിയും കടന്ന് 5ജി സങ്കേതം വികസിപ്പിച്ചപ്പോൾ ബി.എസ്.എൻ.എൽ 4ജിക്ക് സ്വദേശി ഉപകരണങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് കേന്ദ്രത്തിലെ എൻ.ഡി.എ സർക്കാർ ശഠിച്ചത് ഏൽപിച്ച ആഘാതം ചെറുതല്ല. ‘ആത്മനിർഭർ ഭാരതി’ന്‍റെ പേര് പറഞ്ഞുള്ള ഈ സ്വദേശി പ്രേമത്തിൽ വികസന രംഗത്ത് നഷ്ടപ്പെട്ടത് വർഷങ്ങളാണ്. ഏറെ അന്വേഷണത്തിനുശേഷം ഈ മേഖലയിൽ പ്രവർത്തന പരിചയമില്ലാത്ത ടാറ്റ കൺസൾട്ടൻസി സർവിസസിന്‍റെ സഹകരണത്തോടെയാണ് ഇപ്പോൾ 4ജി വികസിപ്പിച്ച് ഉദ്ഘാടനം ചെയ്തത്.
വി.ആർ.എസിൽ ഒതുങ്ങിയ പുനരുദ്ധാരണ പാക്കേജ്
ബി.എസ്.എൻ.എല്ലിന്‍റെ സമഗ്ര പുനരുദ്ധാരണം പറഞ്ഞാണ് 2019ൽ വിവിധ പദ്ധതികൾ പ്രഖ്യാപിച്ചതെങ്കിലും 2020 ജനുവരി ഒന്നിന് നടപ്പായ സ്വയം വിരമിക്കൽ പദ്ധതിയിൽ (വി.ആർ.എസ്) അത് ഏറക്കുറെ ഒതുങ്ങി. കമ്പനിയിലെ ജോലിക്കാരിൽ പകുതി, 80,000ത്തോളം പേർ വി.ആർ.എസ് സ്വീകരിച്ച് പടിയിറങ്ങിയതുമുതൽ തുടങ്ങിയ ദുരവസ്ഥ ഇപ്പോഴും തുടരുകയാണ്. അവശ്യ സേവനങ്ങൾക്കുപോലും ആളില്ലാത്ത അവസ്ഥ പരിഹരിക്കാൻ പുറംകരാർവത്കരണം പോലുള്ള ‘ഓട്ടയടക്കലാണ്’ കേന്ദ്രം നടപ്പാക്കുന്നത്. രണ്ടാമതൊരു വി.ആർ.എസ് വരുമെന്ന അഭ്യൂഹത്തിന്‍റെ നിഴലിലാണ് കമ്പനി.
ലാഭത്തിന്‍റെ വെള്ളിവെളിച്ചം
തുടർച്ചയായ നഷ്ടത്തിന്‍റെ ക്ഷീണത്തിൽനിന്ന് പതിയെ ലാഭത്തിലേക്ക് നീങ്ങുന്നതിന്‍റെ ശുഭസൂചനകൾ സമീപകാലത്തുണ്ട്. 17 വർഷത്തിനുശേഷം 2024-25 സാമ്പത്തിക വർഷത്തിൽ രണ്ട് പാദവാർഷികങ്ങളിലായി 262 കോടിയും 280 കോടിയും ലാഭമുണ്ടാക്കി. മുൻവർഷത്തെ 5,370 കോടിയിൽനിന്ന് 2024-25ൽ നഷ്ടം 2,247 കോടിയായി കുറഞ്ഞു.
കായിക പരിശീലനത്തിന് വിലക്ക്
കായിക താരങ്ങൾ ഏറെയുള്ള സ്ഥാപനമാണ് ബി.എസ്.എൻ.എൽ. എന്നാൽ, സാമ്പത്തിക പ്രതിസന്ധിയുടെയും ചെലവ് ചുരുക്കലിന്‍റെയും പേരിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇവർക്ക് കായിക പരിശീലനത്തിനും മത്സരങ്ങളിൽ പങ്കെടുക്കാനും നൽകിയ ഇളവുകൾ പിൻവലിച്ചിരിക്കുകയാണ്. ജീവനക്കാർക്ക് ടെലികോം സെന്‍ററുകളിൽ പരിശീലനത്തിന് നൽകിയിരുന്ന അലവൻസും പിൻവലിച്ചു.
വിൽപന ഭീഷണി
പൊതുമേഖല സ്ഥാപനങ്ങളുടെ ആസ്തി വിറ്റ് പണമുണ്ടാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിന്‍റെ പ്രത്യാഘാതം ഏറ്റവുമധികം അനുഭവിക്കാൻ പോകുന്നത് ബി.എസ്.എൻ.എല്ലാണ്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കണ്ണായ പ്രദേശങ്ങളിൽ കമ്പനിയുടെ ഫാക്ടറി കെട്ടിടങ്ങളും ഭൂമിയും വിൽക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. ഇതിനെതിരെ ജീവനക്കാരുടെ ഭാഗത്തുനിന്ന് ശക്തമായ എതിർപ്പുണ്ടെങ്കിലും അവഗണിച്ച് മുന്നോട്ടുപോവുകയാണ്.
4ജി എന്ന ‘പരീക്ഷണം’
കുറഞ്ഞ നിരക്കിന്‍റെ പേരിൽ കൂടുമാറി ബി.എസ്.എൻ.എല്ലിലേക്ക് വന്ന ഉപഭോക്താക്കൾ കൂട്ടത്തോടെ സ്വകാര്യ കമ്പനികളെത്തന്നെ ആശ്രയിക്കുന്നത് സമീപകാല അനുഭവമാണ്. വോയ്സ് കോൾ മുറിയുന്നതും കണക്ട് ചെയ്യാൻ വൈകുന്നതും ഇഴയുന്ന ഡേറ്റയുമാണ് ഇതിന് കാരണം. പരീക്ഷണാടിസ്ഥാനത്തിൽ 4ജി നടപ്പാക്കിയ ഇടങ്ങളിൽ ബി.എസ്.എൻ.എൽതന്നെ നടത്തിയ പഠനത്തിൽ സേവനം കാര്യക്ഷമമല്ലെന്ന് കണ്ടെത്തിയിരുന്നു. ഈ അവസ്ഥ നിലനിൽക്കെയാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി രാജ്യവ്യാപക 4ജി സേവനം ഉദ്ഘാടനം ചെയ്തത്. ഇതിന്‍റെ പ്രവർത്തനം അനുസരിച്ചിരിക്കും കമ്പനിയുടെ ഭാവി.


