കരുതലോടെ റബർ വിപണി
text_fieldsചൈനീസ് ഉൽപന്നങ്ങൾക്ക് അമേരിക്ക അധിക നികുതി ചുമത്തുന്നത് മുൻനിർത്തി ടയർ വ്യവസായികൾ റബർ വിപണിയിൽ കരുതലോടെയാണ് നീങ്ങിയത്. വാരത്തിന്റെ ആദ്യ പകുതിയിൽ വിദേശ ഓർഡറുകളുടെ വരവ് മുന്നിൽക്കണ്ട് തായ്‌ലൻഡ് റബർ വില ഉയർത്തിയെങ്കിലും വാങ്ങലുകാരുടെ അഭാവം മൂലം പിന്നീട് നിരക്ക് താഴ്‌ന്നു. ചൈനീസ് ടയർ വ്യവസായികളാണ് ആഗോള തലത്തിൽ ഏറ്റവും കൂടുതൽ റബർ ഇറക്കുമതി നടത്തുന്നത്. യു.എസ് നീക്കങ്ങൾ തിരിച്ചടിയാവുമെന്ന ആശങ്കയിൽ ഒരു വിഭാഗം ഫണ്ടുകൾ ഏഷ്യൻ റബർ അവധി വ്യാപാരത്തിലെ വാങ്ങൽ താൽപര്യം കുറച്ചത് വിപണിയുടെ അടിയൊഴുക്കിൽ അടുത്ത വാരം വിള്ളലുളവാക്കാൻ ഇടയുണ്ട്. വിദേശ വിപണികളിൽ നിന്നുള്ള പ്രതികൂല വാർത്തകൾ അവസരമാക്കി ഇന്ത്യൻ ടയർ ലോബി ആഭ്യന്തര ഷീറ്റ് വില 19,300 രൂപയിൽ നിന്നും 19,100ലേക്ക് താഴ്‌ത്തി. പകൽ താപനില ഉയർന്നതോടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും റബർ ടാപ്പിങ്ങിൽ നിന്നും ഉൽപാദകർ പിന്മാറുകയാണ്.
******
കുരുമുളക് വിപണി കുതിച്ചുചാട്ടങ്ങൾ കാഴ്‌ചവെച്ച ശേഷം സാങ്കേതിക തിരുത്തലിന് ശ്രമം തുടങ്ങി. അന്തർസംസ്ഥാന വാങ്ങലുകാർ ചരക്ക് സംഭരണ രംഗത്ത് താൽക്കാലികമായി അകന്നത് വാരാന്ത്യം ഉൽപന്ന വിലയെ ചെറുതായി ബാധിച്ചു. കാർഷിക മേഖലകളിൽ നിന്നുള്ള മുളകുനീക്കം കുറവായതിനാൽ വൈകാതെ വില തിരിച്ചുവരവ് കാഴ്‌ചവെക്കുമെന്ന് കണക്കുകൂട്ടുന്നവരും രംഗത്തുണ്ട്. ഹൈറേഞ്ച് മുളകിന്റെ ലഭ്യത വിപണിയുടെ ഡിമാൻഡിന് അനുസൃതമായി ഉയരുന്നില്ല. ഫെബ്രുവരി ആദ്യ വാരം പിന്നിടുമ്പോഴും കൊച്ചിയിലേക്കുള്ള കുരുമുളക് ലഭ്യത കുറവാണ്. വാരാന്ത്യം അൺ ഗാർബിൾഡ് 64,600 രൂപ.
******
പച്ച ഇഞ്ചിയുടെ വിലയിടിവ് ചുക്ക് സ്‌റ്റോക്കിസ്‌റ്റുകളെ സമ്മർദത്തിലാക്കി. ഇഞ്ചി വില ആകർഷകമായതിനാൽ നടപ്പുവർഷം ചുക്ക് ഉൽപാദനം വർധിക്കാം. കൊച്ചിയിൽ ചുക്ക് സ്‌റ്റോക്ക് കുറവാണെങ്കിലും ഉൽപാദന കേന്ദ്രങ്ങളിൽ നീക്കിയിരിപ്പുണ്ട്. പിന്നിട്ടവാരം ചുക്ക് വില ക്വിൻറലിന് 10,000 രൂപ കുറഞ്ഞു. മീഡിയം ചുക്ക് ക്വിൻറലിന് 22,500 രൂപയായും ബെസ്‌റ്റ് ചുക്ക് 25,000 രൂപയായും താഴ്‌ന്നു.
******
നാളികേര വിളവെടുപ്പ് ഊർജിതമെങ്കിലും വ്യാവസായിക ആവശ്യത്തിനനുസൃതമായി പച്ചത്തേങ്ങ വിൽപനക്ക് ഇറങ്ങുന്നില്ല. ഗ്രാമീണ മേഖലകളിൽ നിന്നുള്ള ചരക്കുവരവ് ചുരുങ്ങിയത് മില്ലുകളുടെ പ്രവർത്തനങ്ങളെയും ബാധിക്കുന്നു. വെളിച്ചെണ്ണ വിൽപന ഉയർന്നെങ്കിലും വൻ വിലക്ക് പച്ചത്തേങ്ങ ശേഖരിക്കാൻ മില്ലുകാർ തയാറായില്ല. കൊച്ചിയിൽ കൊപ്ര ക്വിന്റലിന് 15,100ലും വെളിച്ചെണ്ണ 22,500 രൂപയിലും സ്‌റ്റെഡിയാണ്.