Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightവാട്ടർ മെട്രോ...

വാട്ടർ മെട്രോ പദ്ധതികൾക്ക് 9,200 കോടി; കൊച്ചി മാതൃക രാജ്യത്തുടനീളം നടപ്പാക്കുന്നു

text_fields
bookmark_border
വാട്ടർ മെട്രോ പദ്ധതികൾക്ക് 9,200 കോടി; കൊച്ചി മാതൃക രാജ്യത്തുടനീളം നടപ്പാക്കുന്നു
cancel

മുംബൈ: സുസ്ഥിത ഗതാഗത സൗകര്യങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള നയത്തിന്റെ ഭാഗമായി രാജ്യത്തുടനീളം വാട്ടർ മെട്രോ പദ്ധതി വരുന്നു. വിവിധ നഗരങ്ങളിൽ വാട്ടർ മെട്രോ പദ്ധതി വികസിപ്പിക്കാൻ 9200 കോടി രൂപ അനുവദിച്ചു. തുറമുഖ, ഷിപ്പിങ്, ജലപാത മന്ത്രാലയമാണ് പദ്ധതിക്ക് തുക മാറ്റിവെച്ചത്. അടുത്ത പത്തു വർഷത്തിനുള്ളിൽ നടപ്പാക്കുന്ന പദ്ധതികൾക്കാണ് ഫണ്ട് നൽകുക. പൂർണമായും സർക്കാർ ധനസഹായത്തോടെയും പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയും നടപ്പാക്കുന്ന വാട്ടർ മെട്രോ പദ്ധതികൾക്ക് സർക്കാർ പിന്തുണ നൽകുമെന്ന് മന്ത്രാലയം തയാറാക്കിയ കരട് മാർഗനിർദ്ദേശത്തിൽ പറഞ്ഞു.​ കൊച്ചി വാട്ടർ മെട്രോ പദ്ധതി വൻ വിജയമായതിന് പിന്നാലെയാണ് രാജ്യവ്യാപകമായി നടപ്പാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്. പദ്ധതി നടപ്പാക്കി രണ്ടര വർഷം തികയും മുമ്പ് 50 ലക്ഷം പേരാണ് കൊച്ചി വാട്ടർ മെട്രോയിൽ സഞ്ചരിച്ചത്. സുസ്ഥിര നഗര ഗതാഗതത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് കൊച്ചി വാട്ടർ മെട്രോയെന്ന് കേന്ദ്ര സർക്കാറിന്റെ സാമ്പത്തിക സർവേ റിപ്പോർട്ടിൽ പ്രശംസിച്ചിരുന്നു.

ഏത് കാലാവസ്ഥയിലും സുരക്ഷിതമായ യാത്രക്ക് സാധ്യതയുള്ള ജലപാതകളി​ൽ വാട്ടർ മെട്രോ പദ്ധതി തുടങ്ങാനാണ് ഫണ്ട് നൽകുക. 18 നഗരങ്ങളിലെ വാട്ടർ മെട്രോ പദ്ധതിക്ക് ഉൾനാടൻ ജലപാത അതോറിറ്റി കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ സാധ്യതാ പഠനം നടത്തിയിരുന്നു. ജനസംഖ്യ, സഞ്ചാരയോഗ്യമായ ജലപാതകൾ, നിലവിലുള്ള ഫെറി ഉപയോഗം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ നഗരങ്ങളെ തിരഞ്ഞെടുത്തത്. മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഓരോ പദ്ധതിക്കും 800 കോടി മുതൽ 1,300 കോടി വരെ ചെലവ് വരും. വാട്ടർ മെട്രോകൾക്ക് ഉപയോഗിക്കുന്ന ബോട്ടുകൾ ഇലക്ട്രിക് അല്ലെങ്കിൽ ഹൈബ്രിഡ് ആയിരിക്കും. മാത്രമല്ല, ആഭ്യന്തര കപ്പൽ നിർമാണ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യൻ കമ്പനികൾ തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമിച്ചതുമായിരിക്കും.

നഗരവൽക്കരണം വർധിക്കുന്നതിനാൽ കൂടുതൽ ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കേണ്ടതിന്റെ സമ്മർദ്ദംം ശക്തമാണെന്ന് സാമ്പത്തിക സർവേ റിപ്പോർട്ടിൽ മന്ത്രാലയം ചൂണ്ടിക്കാണിച്ചിരുന്നു. നഗരവത്കരണത്തിന്റെ ഫലമായി വാഹന ഉപയോഗവും കുതിച്ചുയരുകയാണ്. 2012 മുതൽ 2022 വരെയുള്ള കാലയളവിൽ രാജ്യത്തെ വാഹന റജിസ്ട്രേഷനിൽ ശരാശരി 9.8 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. അതായത് റജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണം 2023 ഓടെ 226 ദശലക്ഷമായി. 2050 ഓടെ വാഹനങ്ങളുടെ എണ്ണം 494 ദശലക്ഷമായി ഉയരുമെന്നാണ് കണക്ക്. വാഹന റജിസ്ട്രേഷനിലെ കുതിച്ചുചാട്ടം ഗതാഗതക്കുരുക്ക്, വായു മലിനീകരണം, റോഡ് അപകട മരണങ്ങൾ തുടങ്ങിയ വിവിധ പ്രശ്നങ്ങൾക്ക് കാരണമായെന്നും മന്ത്രാലയം പറയുന്നു.

Show Full Article
TAGS:water metro Kochi Water Metro Inland Water Transport Department automotive news Business News 
News Summary - Centre government plans to give 9,200 cr for water metros
Next Story