വാട്സ്ആപിന്റെ ആഗോള തലവനായി ഇന്ത്യൻ സംരംഭകൻ; ക്രെഡിന്റെ കുനാൽ ഷാ സി.ഇ.ഒയാകും
text_fieldsന്യൂഡൽഹി: ഇന്ത്യൻ ഫിൻടെക് കമ്പനിയായ ക്രെഡിന്റെ (CRED) സ്ഥാപകനും സംരംഭകനുമായ കുനാൽ ഷാ വാട്സ്ആപിന്റെ പുതിയ ആഗോള മേധാവി. വാട്സ്ആപിന്റെ മാതൃകമ്പനിയായ മെറ്റയാണ് നേതൃത്വമാറ്റം പ്രഖ്യാപിച്ചത്. 2019 മുതൽ മെസേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപിനെ നയിച്ചിരുന്ന വിൽ കാത്ത്കാർട്ടിന്റെ പകരക്കാരനായാണ് ഇന്ത്യൻ സംരംഭകനായ കുനാൽ ഷാ എത്തുക.
സ്ഥാനമൊഴിഞ്ഞ ശേഷം വിൽ കാത്ത്കാർട്ട് മെറ്റയിലെ പുതിയ ഉൽപ്പന്ന വികസനവുമായി ബന്ധപ്പെട്ട ചുമതലകളിലേക്ക് മാറും. നേതൃത്വ കൈമാറ്റം സുഗമമാക്കുന്നതിനായി അദ്ദേഹം കുറച്ചുകാലം കൂടി മെറ്റയിൽ തുടരുമെന്നാണ് റിപ്പോർട്ടുകൾ.
ഒരു മെസേജിങ് പ്ലാറ്റ്ഫോം എന്നതിനേക്കാൾ ഉപരിയായി വാട്സ്ആപ് തങ്ങളുടെ മേഖലകൾ വ്യാപിപ്പിക്കുന്നതിനിടെയാണ് നേതൃമാറ്റം. ലോകമെമ്പാടും മൂന്ന് ബില്യണിലധികം ഉപഭോക്താക്കളാണ് വാട്സ്ആപിനുള്ളത്. വാട്സ്ആപിന്റെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്ത്യ. വാട്സ്ആപ് പേയ്മെന്റുകൾ, ബിസിനസ് മെസേജിങ്, എ.ഐ പവേർഡ് സവിശേഷതകൾ തുടങ്ങിയവയിലേക്ക് വാട്സ്ആപ് വിപുലീകരണം നടത്തിയിരുന്നു. പുതിയ നേതൃമാറ്റത്തോടെ പ്ലാറ്റ്ഫോം വിപുലീകരണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് മെറ്റ കടക്കുമെന്നാണ് വിവരം. സംരംഭകൻ, ഉൽപ്പന്ന നിർമാതാവ് തുടങ്ങിയ കുനാൽ ഷായുടെ അനുഭവ സമ്പത്ത് വാട്സ്ആപിനെ നയിക്കാൻ മുതൽക്കൂട്ടാകുമെന്നാണ് മെറ്റയുടെ വിശ്വാസം.
ഒരു സംരംഭകനെന്ന നിലയിൽ കുനാൽ ഷായുടെ ട്രാക്ക് റെക്കോഡിനെ മെറ്റ സി.ഇ.ഒ മാർക്ക് സക്കർബർഗ് പ്രശംസിച്ചു. ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള അറിവും ലോകമെമ്പാടുമുള്ള ആളുകൾക്ക് വാട്സ്ആപ് എങ്ങനെ കൂടുതൽ ഉപയോഗപ്രദമാകുമെന്നത് സംബന്ധിച്ച ദീർഘവീക്ഷണവും കണക്കിലെടുത്താണ് കുനാൽ ഷായെ തിരഞ്ഞെടുത്തതെന്ന് മെറ്റ ചീഫ് പ്രൊഡക്ട് ഓഫിസർ ക്രിസ് കോക്സ് പറഞ്ഞു.
അതേസമയം, മെറ്റ ക്രെഡിൽ ഏകദേശം 900 മില്യൺ ഡോളറിന്റെ നിക്ഷേപത്തിന് നേതൃത്വം നൽകുമെന്നും റിപ്പോർട്ടുകളുണ്ട്. ഇതോടെ മെറ്റയും ക്രഡും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുമെന്നാണ് വിലയിരുത്തൽ.
ഇന്ത്യയിലെ പ്രമുഖ ഫിൻടെക് കമ്പനികളിലൊന്നായി ക്രെഡിനെ വളർത്തിയെടുത്തതിന് ശേഷമാണ് കുനാൽ ഷാ മെറ്റയിലേക്ക് മാറുന്നത്. സ്വന്തം മൂലധനമായ ഒരു മില്യൺ ഡോളറിൽ നിന്ന് ആരംഭിച്ച കുനാൽ ഷാ, ക്രെഡിറ്റ് കാർഡ് ബില്ലുകൾ കൃത്യസമയത്ത് അടക്കുന്ന ഉപയോക്താക്കൾക്ക് പ്രതിഫലം നൽകുക എന്ന ആശയത്തോടെയാണ് ക്രെഡ് നിർമിച്ചത്. തുടർന്ന് പ്ലാറ്റ്‌ഫോമിന് 17 ദശലക്ഷത്തിലധികം ഉപഭോക്താക്കളുണ്ടായി. പേയ്‌മെന്റുകൾ, വായ്പ നൽകൽ, ഇൻഷുറൻസ്, കൊമേഴ്‌സ്, വെൽത്ത് മാനേജ്‌മെന്റ്, ക്രെഡിറ്റ് കാർഡുകൾ എന്നിവയിലേക്ക് ക്രെഡ് വ്യാപിച്ചു. മെറ്റയിലേക്ക് മാറുന്നതിന്റെ ഭാഗമായി കുനാൽ ഷാ ക്രെഡിലെ ഓപറേറ്റിങ് റോളിൽനിന്ന് പടിയിറങ്ങും. എന്നാൽ, ഓഹരി പങ്കാളിത്തത്തിൽ തുടരും. കമ്പനിയുടെ സ്ട്രാറ്റജി, ഫിനാൻസ് കൈകാര്യം ചെയ്തിരുന്ന മിറ്റൻ പുതിയ ക്രെഡ് സി.ഇ.ഒയായി ചുമതലയേൽക്കും.


