റദ്ദാക്കിയത് നൂറിലേറെ വിമാനങ്ങൾ; പെരുവഴിയിലായത് 36,362 യാത്രക്കാർ
text_fieldsന്യൂഡൽഹി: വിമാന കമ്പനികൾ സർവിസ് റദ്ദാക്കിയത് കാരണം 36,362 പേരുടെ യാത്ര മുടങ്ങിയതായി റിപ്പോർട്ട്. യാത്ര മുടങ്ങിയവർക്ക് കമ്പനികൾ 64.51 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചതായും ആഗസ്റ്റിലെ ആഭ്യന്തര വിമാന സർവിസ് സംബന്ധിച്ച് ഡി.ജി.സി.എ (ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
സർവിസുകൾ റദ്ദാക്കുന്നതും വൈകുന്നതും കാരണം ആഭ്യന്തര വിമാന യാത്രക്കാരിൽ വൻ ഇടിവാണുണ്ടായത്. 1.29 കോടി പേരാണ് രാജ്യത്തിനകത്ത് വിമാനത്തിൽ യാത്ര ചെയ്തത്. കഴിഞ്ഞ വർഷം ആഗസ്റ്റിനെ അപേക്ഷിച്ച് രണ്ട് ലക്ഷം യാത്രക്കാരുടെ കുറവാണിത്. വിമാന സർവിസ് വൈകിയത് 74,381 യാത്രക്കാരെ ബാധിച്ചു. ഇതിന്റെ പേരിൽ നഷ്ടപരിഹാരമായി 1.18 കോടി രൂപ നൽകേണ്ടി വന്നു. മാത്രമല്ല, രാജ്യത്തെ വിമാന കമ്പനികൾ ടിക്കറ്റുണ്ടായിട്ടും 705 പേരുടെ യാത്ര തടഞ്ഞതായും റിപ്പോർട്ട് പറയുന്നു.
അതേസമയം, വിമാനത്തിലെ വൃത്തിയില്ലായ്മയും റീഫണ്ടും അടക്കം 1407 പരാതികളാണ് ഉപഭോക്താക്കൾ നൽകിയത്. ബംഗളൂരു, ഡൽഹി, ഹൈദരാബാദ്, മുംബൈ, ചെന്നൈ, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിലെ സമയം പാലിച്ചുള്ള സേവനത്തിൽ ഇൻഡിഗോ എയർലൈൻസാണ് ഏറ്റവും മുന്നിലുള്ളത്. എയർ ഇന്ത്യയെയും സ്പൈസ് ജെറ്റിനെയും പിന്നിലാക്കി മൂന്ന് വർഷം മുമ്പ് സർവിസ് തുടങ്ങിയ ആകാശ എയർ രണ്ടാം സ്ഥാനത്തെത്തി.