'ഒറ്റക്ക് ഷോപ്പിങ്ങിനുപോയി ബുദ്ധിമുട്ടേണ്ട'; സഹായിയായി പുതിയ ഷോപ്പിങ് അസിസ്റ്റൻസ് സ്റ്റാർട്ടപ്പ് രംഗത്ത്
text_fieldsചിത്രം:എ.ഐ
നിങ്ങൾക്ക് എപ്പോഴെങ്കിലും ഒറ്റക്ക് ഷോപ്പിങ്ങിന് പോകേണ്ടി വന്നിട്ടുണ്ടോ? ഒരു വലിയ ഷോപ്പിങിനു ശേഷം ബാഗുകൾ പിടിക്കാൻ ബുദ്ധിമുട്ടിയിട്ടുണ്ടോ? തീർച്ചയായും ഉണ്ടാകാം. എന്നാൽ ഇതിനൊരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഡൽഹി ആസ്ഥാനമായുള്ള 'കാരിമെൻ' എന്ന ഷോപ്പിങ് അസിസ്റ്റൻസ് സ്റ്റാർട്ടപ്പ്.
മാർക്കറ്റുകളിലെ തിരക്കും കൂടെവരുന്നവരുടെ മടുപ്പും സ്വയമേ അനുഭവിച്ചറിഞ്ഞാണ് ഈ ആശയത്തിലേക്ക് എത്തിയതെന്ന് സ്ഥാപകർ പറയുന്നു . ഡൽഹി സ്വദേശികളായ ഈ സ്റ്റാർട്ടപ്പിന്‍റെ സ്ഥാപകർ, ചെറുപ്പം മുതലേ കുടുംബത്തോടൊപ്പം തിരക്കേറിയ മാർക്കറ്റുകളിൽ പോയി വളർന്നവരാണ്. അപ്പോഴൊക്കെ, ഭാരമേറിയ ബാഗുകളും, നടത്തവും, ഭക്ഷണത്തിനായുള്ള ക്യൂവും, കടുത്ത ശാരീരിക തളർച്ചയും കാരണം ഷോപ്പിങ്ങിന്റെ യഥാർത്ഥ സന്തോഷം നഷ്ടപ്പെടുന്നത് അവർ ശ്രദ്ധിച്ചിരുന്നു.
ഒരു മണിക്കൂറിന് 149 രൂപ നിരക്കിൽ കാരിമെൻ സേവനം ലഭ്യമാണ്. ഇതിനുപുറമേ രണ്ടോ മൂന്നോ അല്ലെങ്കിൽ നാലോ മണിക്കൂർ വരെയുള്ള പ്രത്യേക പാക്കേജുകളും ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം. വാട്‌സാപ്പ് വഴി വളരെ ലളിതമായി ഈ കാരിമെൻ ബുക്ക് ചെയ്യാവുന്നതാണ്. ഷോപ്പിങ്ങിനിടയിൽ ബാഗുകൾ ചുമക്കുക, ആവശ്യമുള്ള കടകൾ കണ്ടെത്തുക, പാർക്കിങ് ഏരിയയിലേക്കോ മെട്രോ ഗേറ്റുകളിലേക്കോ വഴികാണിക്കുക, വിശ്രമിക്കാനുള്ള സ്ഥലങ്ങൾ കണ്ടെത്തുക എന്നിവയിലെല്ലാം പരിശീലനം ലഭിച്ച സഹായി ഒപ്പമുണ്ടാകും. ഇത് ഷോപ്പിങ് എളുപ്പമാക്കാൻ സഹായിക്കുന്നു.
ചെറിയ കുട്ടികളുമായി വരുന്നവർക്കായി സഹായിക്കൊപ്പം സ്‌ട്രോളറുകളും ഈ സ്റ്റാർട്ടപ്പ് വാടകക്ക് നൽകുന്നുണ്ട്. കൂടാതെ ദീർഘനേരം നടന്ന് തളരുമ്പോൾ വിശ്രമിക്കാനായി പോർട്ടബിൾ ക്യാമ്പിങ് ചെയറുകളും ലഭ്യമാകും. നിലവിൽ പ്രായമായവരാണ് ഈ സേവനം ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്നത്. എന്നാൽ ഒരു സഹായി പരമാവധി 12 കിലോഗ്രാം വരെയുള്ള ബാഗുകൾ മാത്രമേ ചുമക്കൂ. അതിൽ കൂടുതൽ ഭാരമുണ്ടെങ്കിൽ രണ്ടാമതൊരു സഹായിയുടെ സേവനം കൂടി തേടേണ്ടി വരും.
കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ആരംഭിച്ച ഈ സംരംഭത്തിന് ആദ്യ മാസം തന്നെ 50ൽ അധികം ബുക്കിങ്ങുകൾ ലഭിച്ചിരുന്നു. നിലവിൽ ഡൽഹിയിലെ ലജ്പത് നഗറിലാണ് ഈ സേവനം ലഭ്യമായിട്ടുള്ളത്. വൈകാതെ തന്നെ ചന്ദ്‌നി ചൗക്കിലേക്ക് വ്യാപിപ്പിക്കാനുള്ള നീക്കം നടക്കുന്നുണ്ട്.


