Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightവിദേശ മൂലധന ഭ്രമത്തിൽ...

വിദേശ മൂലധന ഭ്രമത്തിൽ ഫെഡറൽ ബാങ്കും

text_fields
bookmark_border
വിദേശ മൂലധന ഭ്രമത്തിൽ ഫെഡറൽ ബാങ്കും
cancel

ഇന്ത്യയിലെ സ്വകാര്യ മേഖല ബാങ്കുകൾ വിദേശ മൂലധനത്തിലേക്ക് കണ്ണുംനട്ട് ഇരിക്കുന്ന കാലമാണ്. സമീപകാലത്ത് നിരവധി സ്വകാര്യ ബാങ്കുകളിൽ വിദേശ ധനകാര്യ സ്ഥാപനങ്ങൾ വൻതോതിൽ ഓഹരി വാങ്ങിക്കൂട്ടുന്ന പ്രവണത ചർച്ചയാവുന്നതിനിടക്ക് ഏറ്റവും ഒടുവിൽ പുറത്തുവന്ന വിവരം അമേരിക്കയിലെ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ബ്ലാക്ക് സ്റ്റോൺ ഫെഡറൽ ബാങ്കിൽ 9.9 ശതമാനം ഓഹരി വാങ്ങുന്നതാണ്. സിംഗപ്പൂരിലെ അനുബന്ധ സ്ഥാപനമായ ‘ഏഷ്യ - രണ്ട് ടോപ്കോ 13’ വഴി 6196.51 കോടി രൂപക്ക് 272.97 ദശലക്ഷം വാറൻറുകളാണ് ഫെഡറൽ ബാങ്കിൽ നിന്ന് ബ്ലാക്ക് സ്റ്റോൺ സ്വന്തമാക്കുന്നത്. 18 മാസത്തിനകം ഈ വാറന്റുകൾ ഓഹരിയാക്കണമെന്നാണ് വ്യവസ്ഥ.

വാറന്റുകൾ വിൽക്കാനുള്ള തീരുമാനത്തിന് ഫെഡറൽ ബാങ്കിന്റെ ബോർഡ് അനുമതി നൽകിക്കഴിഞ്ഞു. ഓഹരി ഉടമകളുടെ അംഗീകാരത്തിനായി നവംബർ 19ന് ഓൺലൈനായി അസാധാരണ യോഗം വിളിച്ചിട്ടുണ്ട്. റിസർവ് ബാങ്ക് അംഗീകാരം കൂടി ലഭിച്ചാൽ ബ്ലാക്ക് സ്റ്റോൺ ഫെഡറൽ ബാങ്കിന്റെ ഉടമകളിൽ ഒന്നാവും.

2006ൽ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ആദ്യമായി ലിസ്റ്റ് ചെയ്യപ്പെട്ട ഇന്ത്യയിലെ സ്വകാര്യ ബാങ്കാണ് ഫെഡറൽ ബാങ്ക്. 1931ൽ തിരുവല്ലയിൽ രജിസ്റ്റർ ചെയ്ത ട്രാവൻകൂർ ഫെഡറൽ ബാങ്ക് ആണ് 1945ൽ കെ.പി. ഹോർമിസ് ആലുവയിലേക്ക് ഫെഡറൽ ബാങ്ക് എന്ന പേരിൽ മാറ്റിസ്ഥാപിച്ചത്. 1970ൽ ഷെഡ്യൂൾഡ് ബാങ്ക് പദവി ലഭിച്ച ഫെഡറൽ ബാങ്ക് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെട്ട അതേവർഷം മഹാരാഷ്ട്രയിലെ ഗണേഷ് ബാങ്ക് എന്ന സഹകരണ ബാങ്കിനെ ഏറ്റെടുത്തിരുന്നു. ചാലക്കുടി പബ്ലിക് ബാങ്ക്, കൊച്ചി യൂനിയൻ ബാങ്ക്, ആലപ്പി ബാങ്ക്, സെൻറ് ജോർജ് യൂനിയൻ ബാങ്ക്, മാർത്താണ്ഡം കമേഴ്സ്യൽ ബാങ്ക് എന്നിവയെ ഏറ്റെടുത്ത മുൻകാല ചരിത്രം ബാങ്കിനുണ്ട്.

ഓഹരി വിറ്റ് 6,000 കോടി രൂപ സമാഹരിക്കാൻ ഏറ്റവും ഒടുവിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗം തീരുമാനിച്ചിരുന്നു. ഇത് യാഥാർഥ്യമാകുമ്പോൾ മൂലധനവുമായി വരുന്നത് വിദേശ സ്ഥാപനമാണ് എന്ന പ്രത്യേകതയുണ്ട്. ഇടപാട് യാഥാർഥ്യമാകുന്നതോടെ ബ്ലാക്ക് സ്റ്റോണിന് ഫെഡറൽ ബാങ്കിൽ ഒരു എക്സിക്യൂട്ടിവ് ഇതര ഡയറക്ടറെയും ലഭിക്കും.

ദേശസാത്കരണവും സ്വകാര്യവത്കരണവും പിന്നിട്ട് ഇന്ത്യയുടെ നയം മുന്നോട്ടുപോകുമ്പോൾ ലോകത്തെ വൻകിട ധനകാര്യ, ഇക്വിറ്റി സ്ഥാപനങ്ങൾ ഇന്ത്യയിലെ സ്വകാര്യ ബാങ്കുകളെ ലക്ഷ്യം വെക്കുന്ന പ്രവണത ശക്തമാണ്. സി.എസ്.ബി ബാങ്ക്, ആർ.ബി.എൽ ബാങ്ക്, യെസ് ബാങ്ക് തുടങ്ങിയവ വിദേശ വഴിയിലേക്ക് നീങ്ങിയവയാണ്. ബ്ലാക്ക് സ്റ്റോൺ ഫെഡറൽ ബാങ്കിന്റെ ഓഹരി വാങ്ങുന്നുവെന്ന വിവരം നിക്ഷേപക ലോകം ഉത്സാഹത്തോടെയാണ് കാണുന്നത് എന്നതിന് ഉദാഹരണമാണ് രേഖ ജുൻജുൻവാല കഴിഞ്ഞ ദിവസം ഫെഡറൽ ബാങ്കിൽ ഓഹരി പങ്കാളിത്തം വർധിപ്പിച്ചത്.

ഓഹരി കമ്പോളത്തിലെ പ്രധാന സ്ഥാപനമായ ‘റെയർ എന്റർപ്രൈസസ്’ ഉടമയായ രേഖ കഴിഞ്ഞ ദിവസത്തെ നിക്ഷേപത്തോടെ ഫെഡറൽ ബാങ്കിന്റെ 5.9 കോടി ഓഹരികൾക്ക് ഉടമയായിരിക്കുകയാണ്. ഇന്ത്യയിലെ പഴയ തലമുറ സ്വകാര്യ ബാങ്കുകൾ സ്വന്തമാക്കാൻ വിദേശ സ്ഥാപനങ്ങൾ മുന്നോട്ടുവരുകയും കേന്ദ്ര സർക്കാറും റിസർവ് ബാങ്കും അതിന് അനുകൂലമായ നിലപാട് എടുക്കുകയും ചെയ്യുമ്പോൾ രാജ്യത്തിനകത്ത് വൻകിട നിക്ഷേപകരും അവരോട് കൈകോർക്കുകയാണ്.

Show Full Article
TAGS:Federal Bank 
News Summary - federal bank
Next Story