ബാങ്കുകളിൽ അഞ്ച് പ്രവൃത്തിദിനം സജീവ പരിഗണനയിലെന്ന് കേന്ദ്രം
text_fieldsകൊച്ചി: ബാങ്കുകളിൽ ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനമെന്ന നിർദേശം സജീവ പരിഗണനയിലാണെന്ന് കേന്ദ്ര ധനമന്ത്രാലയം. കേന്ദ്ര ചീഫ് ലേബർ കമീഷണറുടെ ഓഫിസിൽ ചേർന്ന ബാങ്ക് യൂനിയനുകളുടെയും (യു.എഫ്.ബി.യു) ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന്‍റെയും കേന്ദ്രസർക്കാർ പ്രതിനിധികളുടെയും യോഗത്തിലാണ് മന്ത്രാലയ പ്രതിനിധി ഇക്കാര്യം അറിയിച്ചത്.
ഇതുസംബന്ധിച്ച അർധ ഔദ്യോഗിക കത്ത് (ഡി.ഒ ലെറ്റർ) ഉടൻ ധനകാര്യ സെക്രട്ടറിക്ക് കൈമാറുമെന്ന് കൺസീലിയേഷൻ ഓഫിസർ അറിയിച്ചപ്പോഴാണ് വിഷയം സജീവ പരിഗണനയിലാണെന്ന് ധനമന്ത്രാലയ പ്രതിനിധി അറിയിച്ചത്. യു.എഫ്.ബി.യുവും ഐ.ബി.എയും ഇതിനകം അഞ്ച് പ്രവൃത്തി ദിനത്തിന്‍റെ കാര്യത്തിൽ ധാരണയിൽ എത്തിയതാണ്. നിലവിൽ ഞായറാഴ്ചകൾക്ക് പുറമെ രണ്ട് ശനിയാഴ്ച ബാങ്കുകൾക്ക് അവധിദിനമാണ്. അവശേഷിക്കുന്ന ശനിയാഴ്ചകൾകൂടി അവധിയാക്കി അഞ്ച് പ്രവൃത്തിദിനം നടപ്പാക്കണമെന്നും എൽ.ഐ.സി പോലുള്ള കേന്ദ്രസ്ഥാപനങ്ങളിൽ ഇത് നേരത്തേ നടപ്പായതാണെന്നുമാണ് യൂനിയനുകൾ ഉന്നയിക്കുന്നത്. പ്രവൃത്തിദിനം കുറക്കുമ്പോൾ ജോലിസമയം വർധിപ്പിക്കുന്നത് സംബന്ധിച്ചും ധാരണയിൽ എത്തിയിരുന്നു.
ആഗസ്റ്റ് 11ന് നടന്ന കൺസീലിയേഷൻ യോഗത്തിന്‍റെയും സെപ്റ്റംബർ 26ന് ചേർന്ന ഐ.ബി.എ-യു.എഫ്.ബി.യു യോഗത്തിന്‍റെയും തുടർച്ചയായാണ് ചൊവ്വാഴ്ച യോഗം ചേർന്നത്. ബാങ്ക് ഓഫിസർമാർക്കും ജീവനക്കാർക്കും ജോലിമികവിനെ അടിസ്ഥാനമാക്കിയുള്ള ഇൻസെന്‍റിവ് (പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്‍റിവ്) സംബന്ധിച്ച് ധനമന്ത്രാലയം മുമ്പാകെ കുറെക്കൂടി വ്യക്തതയുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ ചർച്ച തുടരാൻ തീരുമാനമായി. സബ്-സ്റ്റാഫ്, സുരക്ഷ വിഭാഗം ജീവനക്കാരുടെ നിയമനം ബാങ്കുകൾ ഊർജിതമാക്കണമെന്ന് യു.എഫ്.ബി.യു പ്രതിനിധികൾ ആവശ്യപ്പെട്ടു.


