ടാറ്റ ഗ്രൂപ്പിന്റെ ഭാവിയെ കുറിച്ച് രത്തൻ ടാറ്റ ഏറെ ആശങ്കപ്പെട്ടിരുന്നു; അധികാര വടംവലിക്കിടെ വെളിപ്പെടുത്തലുമായി സഹോദരിമാർ
text_fieldsമുംബൈ: അധികാര വടംവലി മുറുകുന്നതിനിടെ, വർഷങ്ങളോളം ടാറ്റ ട്രസ്റ്റിനെ നയിച്ച അന്തരിച്ച രത്തൻ ടാറ്റയെ കുറിച്ച് വെളിപ്പെടുത്തലുമായി സഹോദരങ്ങൾ. ടാറ്റ ട്രസ്റ്റിന്റെ ഭാവിയെ കുറിച്ചാണ് ജീവിതത്തിന്റെ അവസാന നിമിഷങ്ങളിൽ രത്തൻ ഏറ്റവും കുടുതൽ ആശങ്കപ്പെട്ടിരുന്നതെന്ന് സഹോദരിമാരായ ഷിറീൻ ജെജീഭോയിയും (73), ഡിയാന ജെജീഭോയിയും (72) പറഞ്ഞു. രത്തൻ ടാറ്റയുടെ വിശ്വസ്തനും സുഹൃത്തുമായിരുന്ന മെഹ്‍ലി മിസ്ട്രിയെ ടാറ്റ ട്രസ്റ്റിൽനിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് വെളിപ്പെടുത്തലുമായി ഇരുവരും രംഗത്തെത്തിയത്.
ചെയർമാൻ നോയൽ ടാറ്റയും വേണു ശ്രീനിവാസനും വിജയ് സിങ്ങും എതിർത്തതിനെ തുടർന്നാണ് കഴിഞ്ഞ ആഴ്ച മെഹ്‍ലി മിസ്ട്രി ടാറ്റ ട്രസ്റ്റിൽനിന്ന് പുറത്തായത്. രത്തന്റെ മരണത്തിന് രണ്ട് ദിവസത്തിന് ശേഷം നോയലിനെ ട്രസ്റ്റുകളുടെ ചെയർമാനായി നിർദ്ദേശിച്ചത് മിസ്ട്രിയായിരുന്നു. ട്രസ്റ്റി സ്ഥാനത്തുനിന്ന് പുറത്താക്കിയ തീരുമാനത്തിനെതിരെ മഹാരാഷ്ട്ര ചാരിറ്റി കമ്മീഷണർക്ക് പരാതി നൽകിയിരിക്കുകയാണ് മെഹ്‌ലി മിസ്ട്രി.
മെഹ്‍ലി മിസ്ട്രിയെ പുറത്താക്കിയത് മറ്റ് അംഗങ്ങളുടെ പ്രതികാര നടപടിയാണെന്ന് ഷിറീനും ഡിയാനയും ആരോപിച്ചു. ഒരു ആശങ്കകളോടെയാണ് രത്തൻ അവസാന വർഷങ്ങൾ ജീവിച്ചത്. ട്രസ്റ്റിന്റെ ഭാവിയെ കുറിച്ചുള്ള ചിന്തകളാണ് അദ്ദേഹത്തെ ഏറ്റവും കൂടുതൽ അലട്ടിയിരുന്നത്.
സ്വകാര്യ സംഭാഷണങ്ങളിൽ അദ്ദേഹം പല തവണ ടാറ്റ ട്രസ്റ്റിന്റെ ഭാവിയെ കുറിച്ച് ആശങ്ക പങ്കുവെച്ചിരുന്നു. രത്തൻ വിടപറഞ്ഞിട്ട് ഒരു വർഷം കഴിയുമ്പോഴാണ് ടാറ്റ ട്രസ്റ്റിൽ തർക്കം നടക്കുന്നത്. രത്തന്റെ ഓർമകളും പൈതൃകവും അദ്ദേഹം ഉയർത്തിപ്പിടിച്ച ടാറ്റാ മൂല്യങ്ങളുമാണ് അപകടത്തിലായിരിക്കുന്നത്. തങ്ങൾക്കും ഇക്കാര്യത്തിൽ ആശങ്കയുണ്ടെന്നും അവർ പറഞ്ഞു.
മെഹ്‍ലി മിസ്ട്രി, ടാറ്റ സൺസ് ചെയർപേഴ്സൺ നടരാജൻ ചന്ദ്രശേഖരൻ, മുംബൈയിലെ പ്രമുഖ അഭിഭാഷകനും ടാറ്റ ട്രസ്റ്റ് അംഗവുമായ ഡേരിയസ് ഖംബാട്ടാ എന്നിവരിലായിരുന്നു രത്തന് ഏറ്റവും കൂടുതൽ വിശ്വാസമുണ്ടായിരുന്നത്. മാധ്യമ വാർത്തകളിൽനിന്ന് അറിഞ്ഞതിനപ്പുറം എന്താണ് ടാറ്റ ട്രസ്റ്റിൽ നടക്കുന്നതെന്ന് അറിയില്ല. കേട്ടിടത്തോളം ഒരു പ്രതികാര നടപടിയായാണ് തോന്നുന്നത്. ട്രംസ്റ്റിന്റെ അധികാരം പിടിച്ചെടുക്കാനുള്ള ഏറ്റുമുട്ടൽ ഏറെ വേദനിപ്പിക്കുന്നുണ്ട്. എന്തിനുവേണ്ടിയാണ് ഈ ഏറ്റുമുട്ടുന്നതെന്നും അവർ ചോദിച്ചു.
ടാറ്റ ഗ്രൂപ്പിനെ ടാറ്റ കുടുംബാംഗം തന്നെ നയിക്കണമെന്ന് ഒരിക്കലും രത്തൻ ആഗ്രഹിച്ചിരുന്നില്ല. കഴിവിലാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്. അതുകൊണ്ടാണ് ടാറ്റ സൺസ് ചെയർമാനായി എൻ. ചന്ദ്രശേഖരൻ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ രത്തൻ ഏറെ സന്തോഷിച്ചിരുന്നത്. രത്തനൊപ്പം അദ്ദേഹം എപ്പോഴും തങ്ങളെ സന്ദർശിക്കാറുണ്ടായിരുന്നു. എന്നാൽ നിലവിലെ ടാറ്റ ട്രസ്റ്റ് ചെയർമാൻ നോയൽ ടറ്റയുമായി അടുപ്പം കുറവാണെന്നും ഷിറീനും ഡിയാനയും വ്യക്തമാക്കി.


