ട്രേഡിങ് തട്ടിപ്പുമായി റഷ്യക്കാർ; ഒമ്പത് മാസം കൊണ്ട് കടത്തിയത് 800 കോടി
text_fieldsമുംബൈ: റഷ്യ അടക്കമുള്ള വിദേശ രാജ്യങ്ങളിലെ കമ്പനികൾ ഇന്ത്യയിൽ ട്രേഡിങ് തട്ടിപ്പുകളിലൂടെ കോടികൾ കടത്തുന്നതായി റിപ്പോർട്ട്. റഷ്യൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒക്ടഎഫ്എക്സ് ഓൺലൈൻ ട്രേഡിങ് കമ്പനി ഒമ്പത് മാസത്തിനിടെ 800 കോടി രൂപയാണ് കടത്തിയത്. എൻഫോഴ്സ്മെന്റ ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്തുവന്നത്. ഈ കമ്പനിയുടെ ഉടമസ്ഥർ റഷ്യയിലാണെങ്കിലും സാങ്കേതിക വിഭാഗം ജോർജിയയിലും സർവറുകൾ ബാഴ്സലോണയിലും ഇന്ത്യയിലെ പ്രവർത്തനം കൈകാര്യം ചെയ്യുന്നത് ദുബൈയിലുമാണ്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.
സൈപ്രസിൽ സ്ഥാപിച്ച കമ്പനി കറൻസി, കമ്മോഡിറ്റി, ക്രിപ്റ്റോകറൻസി തുടങ്ങിയ രംഗത്ത് നടത്തിയ തട്ടിപ്പിലൂടെയാണ് വൻ തുക കടത്തിയത്. സാമ്പത്തിക തട്ടിപ്പുകളിലൂടെ ലഭിക്കുന്ന കോടികൾ കൊണ്ട് ക്രിപ്റ്റോകറൻസികൾ വാങ്ങിക്കുകയും ദുബൈയിലും മറ്റും വിൽക്കുകയുമാണ് ഇവരുടെ രീതി. സേവനങ്ങൾക്ക് സിങ്കപ്പൂരിലെ കമ്പനികൾക്ക് നൽകിയ തുകയാണെന്ന വ്യാജ രേഖയുണ്ടാക്കിയാണ് ചില സാമ്പത്തിക ഇടപാടുകൾ നടത്തിയത്. ഇന്ത്യയിലും വിദേശത്തുമായി 172 കോടി രൂപയുടെ ആസ്തിയും കണ്ടെടുത്തിട്ടുണ്ട്.
ഇ.ഡി മുംബൈ സോൺ യൂനിറ്റാണ് ഒക്ടഎഫ്എക്സിനെ കുറിച്ച് അന്വേഷണം നടത്തുന്നത്. ഈ കേസ് അന്വേഷണത്തോടെ മറ്റു നിരവധി വ്യാജ ട്രേഡിങ് കമ്പനികൾക്കാണ് ഇ.ഡി പൂട്ടിട്ടത്. ബംഗളൂരുവിലെ പവർ ബാങ്ക്, കൊൽക്കത്തയിലെ ഏഞ്ചൽ വൺ, ടി.എം ട്രേഡേഴ്സ്, വിവൻ ലി, കൊച്ചിയിലെ സാറ തുടങ്ങിയവ ഇ.ഡി കണ്ടെത്തിയ വ്യാജ ട്രേഡിങ് കമ്പനികളിൽ ചിലതാണ്. ബിർഫ ഐ.ടി എന്ന കമ്പനിയടക്കം ക്രിപ്റ്റോകറൻസി ബ്രോക്കർമാർ എന്ന വ്യാജേന കോടിക്കണക്കിന് രൂപയാണ് കടത്തുന്നത്.