Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഒടുവിൽ യു.എസ് എണ്ണ...

ഒടുവിൽ യു.എസ് എണ്ണ ഇറക്കുമതി കുത്തനെ വർധിപ്പിക്കാൻ ഇന്ത്യ

text_fields
bookmark_border
ഒടുവിൽ യു.എസ് എണ്ണ ഇറക്കുമതി കുത്തനെ വർധിപ്പിക്കാൻ ഇന്ത്യ
cancel

മുംബൈ: ഉഭയകക്ഷി വ്യാപാര കരാറിന്റെ ഭാഗമായി യു.എസിൽ നിന്ന് എണ്ണ ഇറക്കുമതി കുത്തനെ വർധിപ്പിക്കാൻ ഒരുങ്ങി ഇന്ത്യ. റഷ്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ അളവ് ഇന്ത്യൻ കമ്പനികൾ ഗണ്യമായി കുറച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. യു.എസിൽനിന്ന് എത്രത്തോളം അധിക അസംസ്കൃത എണ്ണയും പ്രകൃതിവാതകവും ഇറക്കുമതി ചെയ്യാമെന്ന് വിലയിരുത്താനായി പൊതുമേഖല എണ്ണ കമ്പനികളുടെയും പ്രകൃതിവാതക കമ്പനികളുടെയും മുതിർന്ന ഉദ്യോഗസ്ഥർ ഈ ആഴ്ച ഊർജ മന്ത്രാലയം പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.

ചെലവ് കൂടുതലാണെങ്കിലും റഷ്യക്കുമേലുള്ള ഉപരോധങ്ങളും ആഭ്യന്തര വിപണിയി​ലെ ഡിമാൻഡും കാരണം പൊതുമേഖല കമ്പനികൾ യു.എസിൽനിന്ന് ഇറക്കുമതി ചെയ്യാനാണ് സാധ്യതയെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പശ്ചിമേഷ്യയെ അപേക്ഷിച്ച് യു.എസിൽനിന്ന് എണ്ണ ഇറക്കുമതി ചെലവ് കൂടുതലാണ്. ബാരലിന് രണ്ട് ഡോളർ അധികം നൽകേണ്ടി വരും. എണ്ണ വില കുറച്ചാൽ മാത്രമേ ഇറക്കുമതി ചെലവ് കമ്പനികൾക്ക് താങ്ങാൻ കഴിയൂവെന്നാണ് യാഥാർഥ്യം.

യു.എസ് ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യമാകണമെന്ന ആഗ്രഹം കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനിടെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കുവെച്ചിരുന്നു. യു.എസിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഏകദേശം 15 ബില്ല്യൻ ഡോളറിൽനിന്ന് 25 ബില്ല്യൻ ഡോളറായി ഉയർത്തുകയാണ് ലക്ഷ്യമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പിന്നീട് വ്യക്തമാക്കുകയും ചെയ്തു.

കഴിഞ്ഞ വർഷം യു.എസിൽനിന്നുള്ള എണ്ണ ഇറക്കുമതി 60 ശതമാനം വർധിച്ചതായാണ് നാവിക വ്യാപാര ഡാറ്റ ശേഖരിക്കുന്ന കെപ്ലർ നൽകുന്ന കണക്ക്. അതായത് ദിവസം 3.18 ലക്ഷം ബാരൽ അസംസ്കൃത എണ്ണയാണ് വാങ്ങുന്നത്. പരമ്പരാഗത വിപണിയായ പശ്ചിമേഷ്യയിൽനിന്ന് മാറി ദ്രവീകൃത പെട്രോളിയം വാതകവും (എൽ.പി.ജി) യു.എസിൽനിന്ന് കൂടുതൽ ഇറക്കുമതി ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഡിസംബറിൽ ഒപ്പിട്ട കരാർ പ്രകാരം ഈ വർഷം 2.2 ദശലക്ഷം ടൺ എൽ.പി.ജിയാണ് യു.എസിൽനിന്ന് വാങ്ങുക. ഇന്ത്യയുടെ മൊത്തം എൽ.പി.ജി ഇറക്കുമതിയുടെ 10 ശതമാനമാണിത്. ഇന്ത്യക്ക് ദ്രവീകൃത പ്രകൃതിവാതകം (എൽ.എൻ.ജി) നൽകുന്ന പ്രധാന രാജ്യംകൂടിയാണ് യു.എസ്.

വരും മാസങ്ങളിൽ ഇന്ത്യയുടെ എണ്ണ ഇറക്കുമതി റഷ്യയിൽനിന്ന് പൂർണമായും യു.എസിലേക്ക് മാറുമെന്നാണ് സൂചന. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് പൂർണമായും അവസാനിച്ചിട്ടില്ലെങ്കിലും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. നിലവിൽ റഷ്യയിൽനിന്ന് വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ച എണ്ണ മാർച്ചിൽ വിതരണം ചെയ്യുമെന്നാണ് പ്രതീക്ഷ.

Show Full Article
TAGS:india us trade deal oil import Russian oil ban 
News Summary - India plans to hike US oil import
Next Story