അപൂർവ ധാതുക്കൾക്ക് ബദൽ കണ്ടെത്താമോ? കോടികളുടെ ഓഫറുമായി സർക്കാർ
text_fieldsമുംബൈ: അപൂർവ ധാതുക്കളുടെ കയറ്റുമതി ചൈന നിർത്തിയതിന് പിന്നാലെ ഇലക്ട്രിക് വാഹന വിപണിയുടെ രക്ഷക്ക് വൻ പദ്ധതി ഒരുക്കി കേന്ദ്ര സർക്കാർ. അപൂർവ ധാതുക്കൾക്ക് പകരം ഇലക്ട്രിക് വഹനങ്ങൾക്ക് വേണ്ടി പുതിയ സാങ്കേതിക വിദ്യ വികസിപ്പിക്കാൻ കോടിക്കണക്കിന് രൂപയുടെ പദ്ധതിയാണ് തയാറാക്കിയത്. ഹെവി ഇൻഡസ്ട്രീസ് മന്ത്രാലയം തയാറാക്കിയ പദ്ധതി പ്രകാരം 50,000 കോടി രൂപയാണ് ഓട്ടോമൊബൈൽ വ്യവസായ മേഖലക്ക് നൽകുക. അനുസന്ധൻ നാഷനൽ റിസർച്ച് ഫൗണ്ടേഷന്റെ (എ.എൻ.ആർ.എഫ്) പണമാണ് പദ്ധതിക്കായി അനുവദിക്കുന്നത്.
നിയോഡൈമിയം, പ്രസിയോഡൈമിയം, ഡിസ്പ്രോസിയം, ടെർബിയം, ലാന്തനം തുടങ്ങിയ അപൂർവ ധാതുക്കൾ ഏറ്റവും കൂടുതൽ ഇപയോഗിക്കുന്നത് ഇലക്ട്രിക് വാഹനങ്ങളുടെയും ബാറ്ററികളുടെയും നിർമാണത്തിനാണ്. ലോകത്ത് അപൂർവ ധാതുക്കളുടെ 90 ശതമാനത്തിലേറെയും നിക്ഷേപം ചൈനയിലാണ്. ആയുധ നിർമാണത്തിന് ഉപയോഗിക്കുമെന്ന് ചൂണ്ടിക്കാട്ടി ഏപ്രിലിൽ ചൈന കയറ്റുമതി നിർത്തിയിരുന്നു. ഇതേതുടർന്ന് ഇന്ത്യയിലെ വാഹന നിർമാണ മേഖല കടുത്ത പ്രതിസന്ധിയിലൂടെയാണ് നീങ്ങുന്നത്.
ചൈനയുടെ സമ്മർദത്തിന് വഴങ്ങാതെ ഇലക്ട്രിക് വാഹനങ്ങളുടെ നിർമാണം പ്രോത്സാഹിപ്പിക്കുകയാണ് പുതിയ പദ്ധതി ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രാഥമിക ചർച്ചകൾ നടന്നതായാണ് വിവരം. പുതിയ ഗവേഷണ വികസന പദ്ധതികൾക്ക് കമ്പനികളെ പ്രോത്സാഹിപ്പിക്കുമെന്നും സാമ്പത്തികമായി പിന്തുണക്കുന്ന കാര്യം സർക്കാർ പരിഗണനയിലാണെന്നും ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.
അപൂർവ ധാതുക്കൾ ഉത്പാദിപ്പിക്കാൻ 7300 കോടി രൂപയുടെ ഇൻസെന്റിവ് പാക്കേജ് പ്രഖ്യാപിക്കാനിരിക്കെയാണ് സർക്കാറിന്റെ പുതിയ നീക്കം. ചൈനയുടെ കയറ്റുമതി നിരോധനത്തിന് ശേഷം ഇലക്ട്രിക് സ്കൂട്ടർ നിർമാണത്തിന് അപൂർവ ധാതുക്കളുടെ ബദൽ സാങ്കേതിക വിദ്യ വികസിപ്പിക്കുമെന്ന് ഒല ഇലക്ട്രിക് ലിമിറ്റഡും ടി.വി.എസ് മോട്ടോർ കമ്പനിയും വ്യക്തമാക്കിയിരുന്നു.
ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ 0.6-0.7 ശതമാനം മാത്രമാണ് ഗവേഷണ, വികസന പദ്ധതിക്ക് വേണ്ടിയുള്ള നിക്ഷേപം. യു.എസിലെ നിക്ഷേപം 3.5 ശതമാനവും ചൈനയിൽ 2.4 ശതമാനവുമാണ്. ഗവേഷണ, വികസന പദ്ധതികളിലെ കുറവ് നികത്തനാണ് സർക്കാർ എ.എൻ.ആർ.എഫ് സ്ഥാപിച്ചത്. 14,000 കോടി രൂപയായിരുന്നു എ.എൻ.ആർ.എഫിന് കേന്ദ്ര സർക്കാർ നൽകിയ തുക. എന്നാൽ, ബാക്കി തുക പൊതുമേഖല സ്ഥാപനങ്ങളിൽനിന്ന് സ്വകാര്യ സ്ഥാപനങ്ങളിൽനിന്നും സംഭാവനയായി ലഭിക്കുകയായിരുന്നു.


