Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഐ.ടി ഓഹരികളിൽ...

ഐ.ടി ഓഹരികളിൽ ചോരപ്പുഴ; 2020 മാർച്ചിനു ശേഷമുള്ള ഏറ്റവും കനത്ത വിൽപന

text_fields
bookmark_border
ഐ.ടി ഓഹരികളിൽ ചോരപ്പുഴ; 2020 മാർച്ചിനു ശേഷമുള്ള ഏറ്റവും കനത്ത വിൽപന
cancel

മുംബൈ: യു.എസുമായി വ്യാപാര കരാർ യാഥാർഥ്യമാകാനിരിക്കെ ഇന്ത്യൻ വിപണിയി​​ലെ ​ഇൻഫർമേഷൻ ടെക്നോളജി (ഐ.ടി) ഓഹരികളിൽ കനത്ത വിൽപന. ബുധനാഴ്ച നിഫ്റ്റി ഐ.ടി സൂചിക ആറ് ശതമാനത്തിലേറെ ഇടിവ് നേരിട്ടു. നിക്ഷേപകരുടെ 1.9 ലക്ഷം കോടി രൂപയാണ് നഷ്ടമായത്. 2020 മാർച്ചിൽ കോവിഡ് ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്നുണ്ടായ തകർച്ചക്ക് ശേഷം ആദ്യമായാണ് ഇത്രയും രൂക്ഷമായ വിൽപന സമ്മർദം നേരിടുന്നത്. അന്ന് നിഫ്റ്റി ഐ.ടി സൂചിക 9.6 ശതമാനം ഇടിഞ്ഞിരുന്നു. ഇന്നത്തെ തകർച്ച കാരണം ഐ.ടി കമ്പനികളുടെ മൊത്തം വിപണി മൂല്യം 29.85 ലക്ഷം കോടി രൂപയുടെ താഴെയെത്തി.

യു.എസിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ട്അപ് ആന്ത്രോപിക് കഴിഞ്ഞ ദിവസം പുതിയ 11 എ.ഐ സാ​ങ്കേതിക വിദ്യകൾ പുറത്തിറക്കിയിരുന്നു. നിരവധി പ്രഫഷനൽ ജോലികൾ സോഫ്റ്റ്വെയറുകളുടെ സഹായമില്ലാതെ ചെയ്യാൻ സഹായിക്കുന്നതാണ് ഈ എ.ഐ സാ​ങ്കേതിക വിദ്യകൾ. ആന്ത്രോപികിന്റെ പുതിയ ​എ.ഐ സംവിധാനം പരമ്പരാഗത ഐ.ടി കമ്പനികളുടെ പ്രവർത്തനങ്ങൾക്കും വരുമാനത്തിനും കനത്ത വെല്ലുവിളിയുയർത്തുമെന്ന ആശങ്കയാണ് ഓഹരികളിൽ കൂട്ടവിൽപനക്ക് ഇടയാക്കിയത്.

ആന്ത്രോപികിന്റെ എ.ഐ പ്ലാറ്റ്ഫോമായ ക്ലോഡ് കോവർക്കാണ് പുതിയ എ.ഐ സാ​ങ്കേതിക വിദ്യകൾ പുറത്തിറക്കിയത്. കോർപറേറ്റ് കമ്പനികൾക്ക് വേണ്ടി നിർമിച്ച കോഡ് ഇല്ലാത്ത എ.​ഐ അസിസ്റ്റന്റാണ് ക്ലോഡ് കോവർക്ക്. കോഡ് ചെയ്യുകയോ സോഫ്റ്റ്‌വെയർ നിർമിക്കുകയോ ചെയ്യാതെ തന്നെ കമ്പനികൾക്ക് ബിസിനസ് പ്രക്രിയകൾ യാന്ത്രികമായി സജ്ജീകരിക്കാനും പ്രവർത്തിപ്പിക്കാനും കഴിയുമെന്നതാണ് ആന്ത്രോപികിന്റെ പുതിയ ​എ.ഐ സംവിധാനത്തിന്റെ പ്രത്യേകത.

15 വർഷത്തിനിടെ 2013ലാണ് നിഫ്റ്റി ​ഐ.ടി സൂചികയിൽ ഏറ്റവും ശക്തമായ വിൽപന നേരിട്ടത്. എയ്സ് ഇക്വിറ്റിയുടെ കണക്ക് പ്രകാരം അന്ന് ഏപ്രിൽ 12ന് സൂചിക 12 ശതമാനം ഇടിഞ്ഞു. പിന്നീട് 2022ലും നിക്ഷേപകർ കൂട്ടമായി ഐ.ടി ഓഹരികൾ വിറ്റൊഴിവാക്കിയതോടെ ആറ് ശതമാനം നഷ്ടമുണ്ടായി. ബുധനാഴ്ച ഇൻ​ഫോസിസും ടി.സി.എസുമാണ് നിക്ഷേപകർ ഏറ്റവും അധികം വിറ്റൊഴിവാക്കിയത്. ഇരു ഓഹരികളും ഏഴ് ശതമാനത്തിലേറെ നഷ്ടത്തിലേക്ക് പതിച്ചു. കോഫോർജ്, എൽടിഐമൈൻഡ്ട്രീ, എംഫസിസ്, പെർസിസ്റ്റന്റ് എന്നിവ ആറ് ശതമാനം വരെ വീതം ഇടിഞ്ഞു. വിപ്രോ, എച്ച്‌സിഎൽ ടെക്, ടെക് മഹീന്ദ്ര എന്നിവ ഏകദേശം അഞ്ച് ശതമാനം വരെ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

ഇന്ത്യൻ വിപണിയിൽ മാത്രമല്ല ഐ.ടി ഓഹരികൾക്ക് കനത്ത വിൽപന സമ്മർദം നേരിട്ടത്. യു.എസിലെ നസ്ദാഖ് 1.4 ശതമാനം ഇടിഞ്ഞു. അതായത് വിപണി മൂല്യത്തിൽ 300 ബില്ല്യൻ ഡോളർ നഷ്ടമുണ്ടായി. ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ച് ഗ്രൂപ്പ് 13 ശതമാനവും തോംസൺ റോയ്ട്ടേസ് കോർപറേഷൻ 16 ശതമാനവും സി.എസ് ഡിസ്കോ ​12 ശതമാനവും ലീഗൽസൂം 20 ശതമാനവും നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

Show Full Article
TAGS:stockmarket sell stock bloodbath Nifty IT companies AI technology 
News Summary - Indian IT stocks face huge sell off
Next Story