വിൽപന കുത്തനെ ഇടിഞ്ഞു, ഇന്ത്യക്കാർ ടൂത്ത് പേസ്റ്റ് വാങ്ങുന്നില്ലെന്ന് കോൾഗേറ്റ്
text_fieldsമുംബൈ: ഇന്ത്യക്കാരുടെ സ്വഭാവ സവിശേഷതകളും ജീവിത രീതിയും ലോകത്ത് പലരെയും അമ്പരിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ പൗരന്മാർക്കുണ്ടായ മാറ്റത്തിൽ ഏറ്റവും ഒടുവിൽ അത്ഭുതം പ്രകടിപ്പിച്ചിരിക്കുന്നത് ടൂത്ത് പേസ്റ്റ് നിർമാണ കമ്പനിയായ കോൾഗേറ്റ്-പാമോലിവാണ് . ഇന്ത്യക്കാർ കാർ മുതൽ ചോക്ലേറ്റ് വരെ വാങ്ങുന്നുണ്ട്. എന്നാൽ, പല്ലു തേക്കാൻ ടൂത്ത് പേസ്റ്റ് വാങ്ങുന്നില്ലെന്നാണ് കമ്പനി പറയുന്നത്. ഇതുകാരണം രാജ്യത്തെ ടൂത്ത് പേസ്റ്റ് വിപണിയുടെ പകുതിയും നിയന്ത്രിക്കുന്ന കോൾഗേറ്റിന്റെ വിൽപനയിൽ വൻ ഇടിവാണ് നേരിട്ടത്. നാട്ടുകാരുടെ പല്ല് സംരക്ഷിക്കണമെന്ന് കരുതുന്ന കോൾഗേറ്റിന്റെ ശക്തമായ ബിസിനസിൽ കേടുവന്നു തുടങ്ങിയെന്നാണ് കണക്കുകൾ നൽകുന്ന സൂചന. ഉപഭോക്താക്കൾ കുറച്ചു ടൂത്ത് പേസ്റ്റ് മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്ന് നേരത്തെ തന്നെ കോൾഗേറ്റ് പറഞ്ഞിരുന്നു.
ഇതു തുടർച്ചയായ മൂന്നാമത്തെ സാമ്പത്തിക പാദത്തിലാണ് കമ്പനിയുടെ വിൽപന കുത്തനെ ഇടിയുന്നത്. നഗരങ്ങളിലെ ടൂത്ത് പേസ്റ്റ് വിൽപനയിലാണ് ഏറ്റുവും ഇടിവ് നേരിട്ടത്. എന്നാൽ, ഗ്രാമപ്രദേശങ്ങളിൽ വിൽപനയിൽ മാറ്റമൊന്നുമില്ല. അടുത്ത കാലത്തൊന്നും വിൽപന തിരിച്ചുപിടിക്കാൻ കഴിയില്ലെന്നാണ് കോൾഗേറ്റ്-പാമോലിവ് ചെയർമാനും ആഗോള ചീഫ് എക്സികുട്ടിവുമായ നോയൽ വലയ്സ് പറയുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബർ പാദത്തെ അപേക്ഷിച്ച് വരുമാനത്തിൽ 6.3 ശതമാനത്തിന്റെ കുറവാണുണ്ടായത്. ടൂത്ത് പേസ്റ്റ് അടക്കമുള്ള ദന്ത സംരക്ഷണ ഉത്പന്നങ്ങൾക്ക് ജി.എസ്.ടി 18 ശതമാനത്തിൽനിന്ന് അഞ്ച് ശതമാനമായി കുറഞ്ഞിട്ടും കമ്പനിയുടെ വിൽപന കൂടിയില്ല.
വിതരണത്തിലുണ്ടായ തടസ്സങ്ങൾ വിൽപനയെ കാര്യമായി ബാധിച്ചെന്നാണ് കോൾഗേറ്റിന്റെ വിലയിരുത്തൽ. ഉപഭോക്താക്കളെ ആകർഷിക്കാൻ ഗുണമേന്മയുള്ളതും വില കൂടിയതുമായ പുതിയ ബ്രാൻഡ് ടൂത്ത് പേസ്റ്റുകൾ പുറത്തിറക്കിയിരുന്നു. ഗ്രാമീണ വിപണിയിൽ ഈയിടെ പുറത്തിറക്കിയ ജനപ്രിയ ബ്രാൻഡായ കോൾഗേറ്റ് സ്ട്രോങ് ടീത്ത് പോലും പച്ചപിടിച്ചില്ല. വിൽപന കുറഞ്ഞതിനെ കുറിച്ച് അടുത്ത ആഴ്ച വിശദമായി അവലോകനം ചെയ്യുമെന്നും വിപണിയിൽ ശക്തരാകാൻ പുതിയ തന്ത്രങ്ങൾ ഇറക്കുമെന്നുമാണ് വലയ്സ് പറയുന്നത്.
രാജ്യത്തെ 16,700 കോടി രൂപയുടെ ഓറൽ കെയർ വിപണിയുടെ പകുതിയും കോൾഗേറ്റിന്റെ നിയന്ത്രണത്തിലാണ്. രണ്ട് വർഷമായി ടൂത്ത് പേസ്റ്റ് വിപണിയിൽ കോൾഗേറ്റിന് കഷ്ടകാലമാണ്. രണ്ട് വർഷം മുമ്പ് 46.1 ശതമാനമായിരുന്ന വിപണി പങ്കാളിത്തം ഈ വർഷം സെപ്റ്റംബർ പാദത്തിൽ 42.6 ശതമാനമായി കുറഞ്ഞു. ഡാബർ, ഹിന്ദുസ്ഥാൻ യൂനിലിവർ തുടങ്ങിയ കമ്പനികൾ ശക്തരായതോടെയാണ് കോൾഗേറ്റിന്റെ പിടിവിട്ടത്. രണ്ട് വർഷത്തിനിടെ ഡാബറിന്റെ വിപണി പങ്കാളിത്തം 13.9 ശതമാനമായി ഉയർന്നു. ഹിന്ദുസ്ഥാൻ യൂനിലിവറിന്റെ 15.6 ശതമാനം വിപണി പങ്കാളിത്തത്തിൽ മാറ്റമൊന്നുമുണ്ടായിട്ടില്ല, മാത്രമല്ല, ജി.എസ്.കെ കൺസ്യൂമറും പതഞ്ജലി ആയുർവേദയും വിപണിയിൽ സജീവമായതും തിരിച്ചടിയാണ്.


