Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഊഹക്കച്ചവടക്കാരുടെ...

ഊഹക്കച്ചവടക്കാരുടെ തന്ത്രം പാളി; ഇന്ത്യ ലോകത്തെ ഏറ്റവും ശാന്തമായ ഓഹരി വിപണി

text_fields
bookmark_border
ഊഹക്കച്ചവടക്കാരുടെ തന്ത്രം പാളി; ഇന്ത്യ ലോകത്തെ ഏറ്റവും ശാന്തമായ ഓഹരി വിപണി
cancel

മുംബൈ: ലോകത്തെ ഏറ്റവും ശാന്തമായ ഓഹരി വിപണിയായി ഇന്ത്യ. ചാഞ്ചാട്ടം നിലച്ചതോടെ ഊഹക്കച്ചവടക്കാ​രുടെ തന്ത്രങ്ങൾ പാളി. ആഗോള സാമ്പത്തിക അനിശ്ചിതാവസ്ഥയും ഓഹരികളിലും ക്രിപ്റ്റോകറൻസികളിലും കൂട്ടവിൽപനയും നേരിട്ടപ്പോഴാണ് സുപ്രധാന സൂചികയായ നിഫ്റ്റി 50 ഒരു കുലുക്കവുമില്ലാതെ നിലനിന്നത്. വിദേശ നിക്ഷേപകർ പിൻവാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപകർ വൻതോതിൽ ഓഹരികൾ വാങ്ങിക്കൂട്ടിയതും ഡെറിവേറ്റിവ് വ്യാപാരത്തിന് നിയന്ത്രണം ഏ​ർപ്പെടുത്തിയതുമാണ് വിപണിയുടെ ചാഞ്ചാട്ടത്തിന് വിരാമമിട്ടത്.

വരും ദിവസങ്ങളിൽ വിപണി ഇടിയുമോ ഉയരുമോയെന്ന് സൂചന നൽകുന്ന ഇന്ത്യ എൻ.എസ്.ഇ വൊലറ്റിലിറ്റി ഇൻഡക്സ് (ഇന്ത്യ വിഐഎക്സ്) വെള്ളിയാ​ഴ്ച ​​​​ഏറ്റവും താഴ്ന്ന നിലയിലെത്തി. ഓഹരി വിപണിയിൽ വളരെ ചെറിയ ചാഞ്ചാട്ടം മാത്രമേ നിക്ഷേപകർ പ്രതീക്ഷിക്കുന്നുള്ളൂവെന്നാണ് ഇന്ത്യ വിഐഎക്സ് പറയുന്നത്.

അതേസമയം, ലോകത്ത് ഏറ്റവും കൂടുതൽ ഊഹക്കച്ചവടം (ഡെറിവേറ്റിവ് വ്യാപാരം) നടക്കുന്ന വിപണിയിലെ ചാഞ്ചാട്ടം നിലച്ചത് വ്യാപാരികൾക്ക് തിരിച്ചടിയായിരിക്കുകയാണ്. അറിയാവുന്ന എല്ലാ തന്ത്രങ്ങൾ പ്രയോഗിച്ചിട്ടും ലാഭം നേടാൻ കഴിയാത്ത സ്ഥിതിയാണ്. ഓഹരി വിപണിയിൽ അനിശ്ചിതാവസ്ഥ നിലനിന്നാൽ മാത്രമേ ഡെറിവേറ്റിവ് വ്യാപാരത്തിലൂടെ വ്യാപാരികൾക്ക് ലാഭം നേടാൻ കഴിയൂ. വിപണി ശക്തമായി ഉയരുകയോ ഇടിയുകയോ ചെയ്യുമ്പോഴാണ് ഫ്യൂച്ചേസ് ആൻഡ് ഒപ്ഷൻസ് ​വ്യാപാരങ്ങൾ കൂടുതൽ നടക്കുക.

വിപണിക്ക് കൂടുതൽ കാര്യക്ഷമതയും മത്സരക്ഷമതയും കൈവന്നതിനാലാണ് ​സാധാരണ പ്രയോഗിക്കുന്ന വ്യാപാര തന്ത്രങ്ങളിലൂടെ വൻ ലാഭം നേടാൻ കഴിയാത്തതെന്ന് കർണ സ്റ്റോക്ക് ബ്രോക്കിങ് കമ്പനിയുടെ പാർട്ണറും ഡെറിവേറ്റിവ് വ്യാപാരിയുമായ നിതേഷ് ഗുപ്ത പറഞ്ഞു. ഈ സാഹചര്യത്തിൽ മികച്ച ലാഭം നേടണമെങ്കിൽ വ്യാപാരികൾ കൂടുതൽ അപകടകരമായ തന്ത്രങ്ങൾ പ്രയോഗിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഊഹക്കച്ചവടം നടത്തുന്ന ചെറുകിട ഓഹരി വ്യാപാരികൾക്ക് കനത്ത നഷ്ടം സംഭവിക്കാൻ തുടങ്ങിയതോടെയാണ് ഡെറിവേറ്റിവ് വ്യാപാരത്തിന് സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) നിയന്ത്രണങ്ങൾ ഏ​ർപ്പെടുത്തിയത്. വ്യാപാരികളുടെ പ്രിയപ്പെട്ട പ്രതിവാര ഓപ്ഷനുകൾ സെബി റദ്ദാക്കി. ഇതോടെ ഡെറിവേറ്റിവ് വ്യാപാരം കുറയുകയും വിപണി ശാന്തമാകുകയും ചെയ്തു. കഴിഞ്ഞ വർഷത്തെ ​അപേക്ഷിച്ച് ശരാശരി പ്രതിദിന ഓഹരി വ്യാപാരത്തിൽ 35 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. 2017ന് ശേഷം വ്യാപാരത്തിൽ നേരിടുന്ന ഏറ്റവും വലിയ കുറവാണിത്.

നിഫ്റ്റി 50 സൂചികയുടെ ദൈനംദിന നീക്കം തുടർച്ചയായ 151 വ്യാപാര ദിവസങ്ങളിൽ 1.5 ശതമാനത്തിൽ കവിഞ്ഞിട്ടില്ല. 2023ലാണ് ഇതിനു മുമ്പ് ഓഹരി വിപണി ഇത്രയും ശാന്തമായി നിലനിന്നത്. മൂന്ന് മാസത്തെ ശരാശരി ​വൊലറ്റിലിറ്റി സൂചിക പോയന്റ് എട്ടിലേക്ക് ഇടിഞ്ഞു. മറ്റുള്ള രാജ്യങ്ങളുടെ വിപണിയെ അപേക്ഷിച്ച് ഏറ്റവും കുറവാണിത്.

അതേസമയം, വിദേശ നിക്ഷേപകർ ഈ വർഷം ഇന്ത്യൻ വിപണിയിൽ 1.52 ലക്ഷം കോടി രൂപയുടെ ഓഹരികളാണ് വിറ്റത്. യു.എസ് താരിഫും എ​.ഐ കമ്പനി ഓഹരികളുടെ കുറവുമാണ് ഇന്ത്യയെ വിദേശികൾ കൈവിടാൻ കാരണം. എന്നാൽ, 7.16 ലക്ഷം കോടി രൂപയുടെ ഓഹരികൾ വാങ്ങിക്കൂട്ടിയ ആഭ്യന്തര നിക്ഷേപകർ 2009ന് ശേഷം ആദ്യമായി ഓഹരി പങ്കാളിത്തത്തിൽ വിദേശികളെ മറികടന്നു. ​

Show Full Article
TAGS:stock market trading Stock News 
News Summary - India’s stock mkt calmest but a challenge for options traders
Next Story