ഇൻഡിഗോയുടെ ലാഭത്തിൽ 77 ശതമാനത്തിന്റെ ഇടിവ്; സർവിസ് റദ്ദാക്കലിൽ നഷ്ടമായത് 577.2 കോടി
text_fieldsമുംബൈ: രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര വിമാന സർവിസ് കമ്പനിയായ ഇൻഡിഗോയുടെ ലാഭത്തിൽ കനത്ത ഇടിവ്. ഡിസംബർ സാമ്പത്തിക പാദത്തിലാണ് 77.5 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയത്. 549.8 കോടി രൂപയിലേക്ക് ലാഭം കൂപ്പുകുത്തി. കഴിഞ്ഞ സാമ്പത്തിക വർഷം സമാന കാലയളവിൽ 2448.8 കോടി രൂപയുടെ ലാഭം നേടിയിരുന്നു.
നൂറുകണക്കിന് വിമാന സർവിസുകൾ റദ്ദാക്കിയതും പുതിയ തൊഴിൽ നിയമം നടപ്പാക്കിയതുമാണ് ലാഭം കുറയാൻ കാരണമെന്ന് ഇൻഡിഗോയുടെ മാതൃകമ്പനിയായ ഇന്റർഗ്ലോബ് എവിയേഷൻ അറിയിച്ചു. 1,546.5 കോടി രൂപയുടെ ഈ അസാധാരണ ചെലവുകൾ ഇല്ലായിരുന്നെങ്കിൽ അറ്റാദായം 2,096.3 കോടി രൂപയാകുമായിരുന്നെന്നും കമ്പനി അറിയിച്ചു.
അതേസമയം, കമ്പനിയുടെ വരുമാനത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് ആറ് ശതമാനത്തിന്റെ വർധനവുണ്ടായിട്ടുണ്ട്. 23,471.9 കോടി രൂപയിലേക്കാണ് വരുമാനം ഉയർന്നത്. സെപ്റ്റംബർ സാമ്പത്തിക പാദത്തിൽ കമ്പനിക്ക് 2,582 കോടി രൂപയുടെ നഷ്ടം നേരിട്ടിരുന്നു. വ്യാഴാഴ്ച പുതിയ സാമ്പത്തിക ഫലം പുറത്തുവന്നതിന് ശേഷം ഇൻഡിഗോയുടെ ഓഹരി വില 1.47 ശതമാനം ഉയർന്നു. 4,929 രൂപയിലാണ് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്. സർവിസ് താളം തെറ്റിയതിനെ തുടർന്ന് ഓഹരി വിലയിൽ കഴിഞ്ഞ ഒരു മാസത്തിനിടെ 20 ശതമാനത്തോളം ഇടിവുണ്ടായിട്ടുണ്ട്.
പുതിയ തൊഴിൽ നിയമം നടപ്പാക്കുന്നതിന്റെ പേരിൽ മാത്രം ഇൻഡിഗോക്ക് 969 കോടി രൂപയുടെ അധിക ചെലവുണ്ടായെന്നാണ് കണക്ക്. കഴിഞ്ഞ വർഷം നവംബറിലാണ് കേന്ദ്ര സർക്കാർ പുതിയ ലേബർ കോഡ് നടപ്പാക്കിയത്. ഇതുപ്രകാരം തൊഴിലാളിക്കായി കമ്പനി നീക്കിവെക്കുന്ന ആകെ തുകയുടെ 50 ശതമാനമോ അല്ലെങ്കിൽ കേന്ദ്രസർക്കാർ നിശ്ചയിക്കുന്ന തുകയോ ആയിരിക്കണം തൊഴിലാളികളുടെ ബേസിക് പേ. ഇങ്ങനെ ബേസിക് പേ കണക്കാക്കുന്നതോടെ പി.എഫിലേക്കുള്ള തൊഴിലാളിയുടേയും തൊഴിലുടമയുടേയും സംഭാവന വർധിക്കും. സമാനമായി, ബേസിക് പേ ഉയരുന്നതിന് ആനുപാതികമായി ഗ്രാറ്റുവിറ്റിയും ഉയരും.
പൈലറ്റുമാർക്ക് കൂടുതൽ വിശ്രമ സമയം അനുവദിക്കുന്ന ചട്ടം കേന്ദ്ര സർക്കാർ നടപ്പാക്കിയതോടെ ഡിസംബറിൽ മൂന്ന്, നാല്, അഞ്ച് തിയതികളിൽ ഇൻഡിഗോയുടെ 2507 വിമാന സർവിസുകൾ റദ്ദാക്കിയിരുന്നു. 1852 വിമാനങ്ങൾ വൈകിയതിനാൽ ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിലായി. മൂന്ന് ലക്ഷം വിമാന യാത്രക്കാരെ സർവിസ് റദ്ദാക്കൽ ബാധിച്ചതായാണ് റിപ്പോർട്ട്. ഡിസംബറിലെ പ്രതിസന്ധിയെത്തുടർന്ന് കമ്പനിക്കുണ്ടായ അസാധാരണ നഷ്ടം 577.2 കോടി രൂപയാണ്. വ്യാപകമായി വിമാന സർവിസുകൾ റദ്ദാക്കിയതിന്റെ പേരിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ 22 കോടി രൂപ പിഴയും ചുമത്തിയിരുന്നു.


