Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഭാവിയിലേക്ക്​...

ഭാവിയിലേക്ക്​ കേരളത്തിന്റെ നിക്ഷേപം

text_fields
bookmark_border
ഭാവിയിലേക്ക്​ കേരളത്തിന്റെ നിക്ഷേപം
cancel
camera_alt

ഇൻവെസ്റ്റ് കേരള ഉച്ചകോടിയുടെ സദസ്സ്

വ്യവസായത്തിലും നിക്ഷേപത്തിലും ഭാവി കേരളം എങ്ങനെയാകണം? ഈ രംഗങ്ങളിൽ നമ്മുടെ സംസ്ഥാനം എവിടെ നിൽക്കുന്നു? ഇക്കാര്യങ്ങൾ ലോകത്തിന്​ പരിചയപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള സംസ്ഥാന സർക്കാറിന്‍റെ സുപ്രധാന ചുവടുവെപ്പായിരുന്നു ‘ഇൻവെസ്റ്റ്​ കേരള’ എന്ന പേരിൽ ഫെ​ബ്രുവരി 21, 22 തീയതികളിൽ കൊച്ചി ലുലു ബോള്‍ഗാട്ടി ഇന്‍റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന ആഗോള നിക്ഷേപക ഉച്ചകോടി. വ്യവസായ വാണിജ്യ വകുപ്പിന് വേണ്ടി സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെ.എസ്.ഐ.ഡി.സി) സംഘടിപ്പിച്ച ഉച്ചകോടിയിൽ കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, ആഗോള ബിസിനസ് നയകര്‍ത്താക്കള്‍, നിക്ഷേപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജര്‍മനി, വിയറ്റ്നാം, നോര്‍വേ, ആസ്​ത്രേലിയ, മലേഷ്യ, ഫ്രാൻസ്​ എന്നീ രാജ്യങ്ങളുടെ സഹകരണവും 3000 പ്രതിനിധികളുടെ സാന്നിധ്യവും നൂറിലധികം സ്റ്റാളുകൾ അണിനിരന്ന പ്രദർശനവും കൊണ്ട്​ ശ്രദ്ധിക്കപ്പെട്ട ഉച്ചകോടിയിൽ വ്യവസായവും നിക്ഷേപവുമായി ബന്ധപ്പെട്ട 30ഓളം സെഷനുകളിലായി 200ഓളം പ്രഭാഷകർ ആശയങ്ങൾ പങ്കുവെച്ചു.

എന്തു​കൊണ്ട്​ ഉച്ചകോടി?

വിജ്ഞാനാധിഷ്​ഠിത സമ്പദ്​വ്യവസ്ഥയുടെ ​കേ​ന്ദ്രമായി കേരളം വളരുന്നു എന്നാണ്​ സർക്കാർ വിലയിരുത്തൽ. അത്തരമൊരു സമ്പദ്​വ്യവസ്ഥക്ക്​ ആവശ്യമായ തൊഴിൽ വൈദഗ്ധ്യമുള്ള മനുഷ്യവിഭവശേഷിയാണ് കേരളത്തിന്‍റെ സമ്പത്ത്​. ഉത്തരവാദിത്ത വ്യവസായം, ഉത്തരവാദിത്ത നി​ക്ഷേപം എന്ന മു​ദ്രാവാക്യം മുന്നോട്ടുവെക്കുന്ന സർക്കാർ കേരളത്തിലെ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിന്​​ തെളിവായി പല ഘടകങ്ങളും ചൂണ്ടിക്കാട്ടുന്നുണ്ട്​.

ആഗോള ഐ.ടി കമ്പനികൾ സോഫ്റ്റ്​ വെയർ വികസന കേന്ദ്രമായി കേരളത്തെ പരിഗണിക്കുന്നു എന്നാണ്​ അതിലൊന്ന്​​. ഓട്ടോമൊബൈല്‍ സോഫ്റ്റ് ​വെയര്‍ സാങ്കേതികവിദ്യയില്‍ തിരുവനന്തപുരത്ത് ആഗോള കേന്ദ്രം വരാന്‍ ഒരുങ്ങുന്നു. ജെനറേറ്റീവ് എ.ഐയില്‍ ഐ.ബി.എം സെന്‍ർ ഓഫ് എക്സലൻസ്​ കൊച്ചി ഇന്‍ഫോപാര്‍ക്കിൽ പ്രവർത്തിക്കുന്നുണ്ട്​.

കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ, മുഖ്യമന്ത്രി പിണറായി വിജയൻ, വ്യവസായ മന്ത്രി പി. രാജീവ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ ഉച്ചകോടിയുടെ ഉദ്ഘാടന വേദിയിൽ

31 സ്വകാര്യ വ്യവസായ പാര്‍ക്കുകളും വിദ്യാർഥികള്‍ക്ക് നൈപുണ്യ-തൊഴില്‍ പരിശീലനം ലക്ഷ്യമിട്ട്​ 10 കാമ്പസ് വ്യവസായ പാര്‍ക്കുകളും സ്ഥാപിക്കാനൊരുങ്ങുന്നു. രാജ്യത്തെ മെഡിക്കല്‍ ഉപകരണങ്ങളുടെ ആകെ വിറ്റുവരവിന്‍റെ 24 ശതമാനവും ലോക​ത്തെ രക്തബാഗ്​ ഉൽപാദനത്തില്‍ 12 ശതമാനത്തിലധികവും കേരളത്തില്‍നിന്നാ​ണെന്ന്​ വ്യവസായമന്ത്രി പി. രാജീവ്​ പറയുന്നു.

സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി 22,104.42 കോടിയുടെ നിക്ഷേപമെത്തിയെന്നാണ്​ സർക്കാർ കണക്ക്​. ഇത്തമൊരു വ്യവസായ അന്തരീക്ഷം ലോകത്തിന്​​ പരിചയപ്പെടുത്തുക എന്നതായിരുന്നു മൂന്നുവർഷം നീണ്ട മുന്നൊരുക്കത്തോടെ സംഘടിപ്പിച്ച ഉച്ചകോടിയുടെ ലക്ഷ്യം. എ.ഐ ആന്‍ഡ് റോബോട്ടിക്സ്, എയ്റോസ്പേസ് ആന്‍ഡ് ഡിഫന്‍സ്, ലോജിസ്റ്റിക്സ്, മാരിടൈം ആന്‍ഡ് പാക്കേജിങ്, ഫാര്‍മ-മെഡിക്കല്‍ ഉപകരണങ്ങള്‍- ബയോടെക്, പുനരുപയോഗ ഊർജം, ആയുര്‍വേദം, ഫുഡ്ടെക്, മൂല്യവര്‍ധിത റബര്‍ ഉൽപന്നങ്ങള്‍, ടൂറിസവും ഹോസ്പിറ്റാലിറ്റിയും മാലിന്യ സംസ്കരണം-നിയന്ത്രണം എന്നീ ​മേഖലകൾക്കാണ്​ ഉച്ച​കോടി ഊന്നൽ നൽകിയത്​.

സാധ്യതകളുടെ കേരളം

വ്യവസായങ്ങള്‍ ആരംഭിക്കാൻ കേരളത്തിലേക്ക് വരുന്ന നിക്ഷേപകർ ഒരുതരത്തിലും ആശങ്കപ്പെടേണ്ടതില്ലെന്നാണ്​ ഉച്ചകോടി ഉദ്ഘാടനം ചെയ്ത്​ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്​. മാനവവികസനത്തില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ച സംസ്ഥാനം നിക്ഷേപ സൗഹൃദ കേന്ദ്രത്തിന്‍റെ പദവിയിലേക്ക് കുതിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളം ആകർഷകമായ നിക്ഷേപ കേന്ദ്രമാണെന്ന കേന്ദ്രമന്ത്രി പീയൂഷ്​ ഗോയലിന്‍റെയും നാടിന്‍റെ വികസനത്തിന്​ രാഷ്ട്രീയം മറന്ന്​ സർക്കാറിനൊപ്പം നിൽക്കുമെന്ന പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശന്‍റെയും പ്രഖ്യാപനങ്ങൾ നിക്ഷേപകരിൽ ആത്മവിശ്വാസം വളർത്തുന്നതായി.

30ഓളം സെഷനുകളിലായി നടന്ന പാനൽ ചർച്ചകളിൽ കേരളത്തിന്‍റെ നിക്ഷേപഭാവിയിൽ പ്രത്യാശ പ്രകടിപ്പിച്ച വിദഗ്​ധർ ചില ആശങ്കകളും പങ്കുവെച്ചു. മാലിന്യ സംസ്കരണം, അടിസ്ഥാന സൗകര്യ വികസനം, ഡിജിറ്റലൈസേഷന്‍ എന്നിവയിലൂന്നിയ കേരളമാണ് സംരംഭകത്വത്തിന് ആവശ്യമെന്നും ഇതിനായി സര്‍ക്കാര്‍ മികച്ച നിയമങ്ങളും ചട്ടങ്ങളും സൃഷ്ടിക്കണമെന്നും ചിലർ നിർദേശിച്ചു. തന്ത്രപരമായ നിക്ഷേപങ്ങള്‍, സുസ്ഥിര വികസനം, അഭിവൃദ്ധി പ്രാപിച്ച വ്യാവസായിക ആവാസവ്യവസ്ഥ എന്നിവയിലൂടെ 2047 ഓടെ കേരളം 88 ലക്ഷം കോടിയുടെ സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഹരിതോര്‍ജ മേഖലയിലെ ശക്തികേന്ദ്രമായി കേരളത്തിന് ഉയർന്നുവരാൻ സാധിക്കുമെന്ന്​ അഭിപ്രായപ്പെട്ട പ്രതിനിധികൾ ഹരിത ഊര്‍ജ ഉപയോഗം വര്‍ധിപ്പിക്കാൻ ഉൽപാദനം, പ്രസരണം, വിതരണ ഘട്ടങ്ങളിലെ ചെലവ് കുറക്കണമെന്നും നിർദേശിച്ചു. എയ്റോസ്പേസ്, വ്യോമയാനം, പ്രതിരോധ ഉൽപാദനം എന്നീ മേഖലകളില്‍ കേരളത്തിന്​ പരമാവധി നിക്ഷേപ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നും അവർ ചൂണ്ടിക്കാട്ടി.

വാഗ്ദാനം 1.53 ലക്ഷം കോടി നിക്ഷേപം

രണ്ടുദിവസത്തെ ഉച്ചകോടി വഴി 374 കമ്പനികളിൽനിന്നായി സംസ്ഥാനത്തിന്​ 1,52,905.67 കോടിയുടെ നിക്ഷേപ വാഗ്ദാനമാണ്​ ലഭിച്ചത്​. ഇവയിൽ 66 കമ്പനികൾ 500 കോടിക്ക്​ മുകളിലുള്ള വാഗ്ദാനമാണ്​ മന്നോട്ടുവെച്ചത്​.

കേരളത്തിൽ നിലവിലെ പ്രവർത്തനം വിപുലീകരിക്കാൻ 24 ഐ.ടി കമ്പനികള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്​. ഇതിലൂടെ 8500 കോടിയുടെ നിക്ഷേപവും 60,000 തൊഴിലവസരവും പ്രതീക്ഷിക്കുന്നു. നിക്ഷേപം സംബന്ധിച്ച്​ കമ്പനികളുമായി അന്തിമ കരാറല്ല, താൽപര്യപത്രമാണ്​ ഒപ്പിട്ടിരിക്കുന്നത്​. ഇവ യാഥാർഥ്യമാക്കാന്‍ സമയബന്ധിത പരിപാടിക്കും സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്​. ഇനിമുതൽ മൂന്ന്​ വർഷത്തിലൊരിക്കൽ നിക്ഷേപക ഉച്ചകോടി സംഘടിപ്പിക്കാനാണ്​ തീരുമാനം.

Show Full Article
TAGS:Invest Kerala Global Summit 
News Summary - Invest kerala global summit
Next Story