Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഇൗ ഇടിവിന്...

ഇൗ ഇടിവിന് അറുതിയില്ലേ?

text_fields
bookmark_border
ഇൗ ഇടിവിന് അറുതിയില്ലേ?
cancel

ചരിത്രത്തിലാദ്യമായാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ ഇത്ര നീണ്ടുനിൽക്കുന്നതും ശക്തവുമായ കൂട്ടവിൽപന. സാധാരണനിലക്ക് ഒരുമാസം വിൽപനക്കാരായാൽ അടുത്ത മാസം വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്.ഐ.ഐ) വിപണിയിലേക്ക് തിരിച്ചുവരാറുണ്ട്. ഇതിന് അറുതിയായില്ലേ എന്ന് അന്വേഷിക്കുമ്പോഴാണ് ഞെട്ടിക്കുന്ന മറ്റൊരു വസ്തുത നമുക്ക് മുന്നിലെത്തുന്നത്. ഇത്രയൊക്കെ വിറ്റിട്ടും വിദേശ സ്ഥാപനങ്ങളുടെ ഇന്ത്യയിലെ നിക്ഷേപത്തിന്റെ 95 ശതമാനവും വിപണിക്കകത്തുതന്നെ. വേണമെങ്കിൽ ഇനിയും കുറെയൊക്കെ വിൽപന തുടരാം.

ഇന്ത്യൻ ഓഹരി വിപണിയ​ുടെ ആകെ മൂല്യത്തിൽ 17.9 ശതമാനം വിദേശ നിക്ഷേപകരുടെ പക്കലാണ്. (ചാർട്ട് കാണുക). വിപണിയുടെ ദിശ നിർണയിക്കാൻ മാത്രം അവർ ശക്തരാണെന്നർഥം. ഒക്ടോബർ തുടക്കത്തെ അപേക്ഷിച്ച് വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ വിൽപനയുടെ തോത് കുറഞ്ഞുവെന്നത് ആശ്വാസമാണ്. അതേസമയം, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ വാങ്ങലും കുറച്ചിട്ടുണ്ട്. ഇനിയും തിരുത്തൽ പ്രതീക്ഷിച്ചുള്ള കാത്തിരിപ്പായും ഇതിനെ കാണുന്നവരുണ്ട്. നിഫ്റ്റി പത്ത് ശതമാനത്തിലധികം ഇടിഞ്ഞു കഴിഞ്ഞു. നാലുവർഷത്തിനിടെ ഇതാദ്യമായാണ്. കോവിഡിനുശേഷം ഓഹരി വിപണിയിലേക്ക് വന്നവർ ഇത്തരമൊരു തിരുത്തൽ കണ്ടവരല്ല. നഷ്ടത്തിലായവർ നിരാശ കാരണം വിറ്റൊഴിയുന്നത് വിപണിയുടെ വീഴ്ചയുടെ ആഴം വർധിപ്പിക്കുന്നു.

യു.എസ് ബോണ്ട് യീൽഡ് ശ്രദ്ധിക്കുക

അമേരിക്കൻ ട്രഷറി ബോണ്ട് യീൽഡ് ഉയർന്ന് നിൽക്കുന്നതുകൊണ്ട് ഓഹരിയിൽനിന്ന് പണം പിൻവലിച്ച് ബോണ്ടിൽ നിക്ഷേപിക്കുന്ന പ്രവണത ഇന്ത്യയിൽനിന്ന് പണം പുറത്തേക്കൊഴുകുന്നതിന് പ്രധാന കാരണമാണ്. യു.എസ് ബോണ്ട് യീൽഡ് ഡേറ്റ നിക്ഷേപകർ നിരീക്ഷിച്ചുകൊണ്ടിരിക്കണം. ബോണ്ട് യീൽഡ് നിലവിൽ 4.45 ശതമാനമാണ്. ഇത് നാല് ശതമാനത്തിലും താഴണം.

ട്രംപിന്റെ വരവ് യു.എസിലെ കോർപറേറ്റുകൾക്ക് കൂടുതൽ സൗകര്യങ്ങളും അവസരവും നൽകുമെന്ന ധാരണയിൽ ഇവിടെനിന്ന് പണം പിൻവലിച്ച് യു.എസിൽ നിക്ഷേപിക്കുന്നു. ട്രംപിന്റെ ‘അമേരിക്ക ഫസ്റ്റ്’ നിലപാടിന് മറുപടിയായി ചൈന സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചത് അവിടെയും മികച്ച അവസരങ്ങളുണ്ടാക്കി. ഇതെല്ലാം ഇന്ത്യക്ക് ക്ഷീണമായി. ഇന്ത്യൻ ഓഹരികൾ അമിത മൂല്യത്തിലാണെന്ന വസ്തുതയും തിരുത്തലിന് കാരണമായി.

സ്വിഗ്ഗി ജീവനക്കാർക്ക് കോളടിച്ചു

ഭക്ഷണ വിതരണ സ്റ്റാർട്ടപ് കമ്പനിയായ സ്വിഗ്ഗി ഐ.പി.ഒ നടത്തിയപ്പോൾ നിലവിലെയും മുമ്പത്തെയും നിരവധി ജീവനക്കാർക്ക് കോളടിച്ചു. എംപ്ലോയി സ്റ്റോക്ക് ഓണര്‍ഷിപ് പ്ലാന്‍ വഴി സ്വിഗ്ഗി മൂന്ന് തവണകളായി ജീവനക്കാർക്ക് ഓഹരികള്‍ വിതരണം ചെയ്തിട്ടുണ്ട്. കമ്പനിയുടെ ഓഹരികള്‍ യോഗ്യരായ ജീവനക്കാര്‍ക്ക് അനുവദിക്കുന്ന പദ്ധതിയാണ് എംപ്ലോയി സ്റ്റോക്ക് ഓണർഷിപ് പ്ലാൻ.

സെബി നിർബന്ധിത ലോക്ക്-ഇൻ പിരീഡ് മറികടന്ന് ഐ.പി.ഒ കഴിഞ്ഞ് ഒരു മാസത്തിനുശേഷം ഇത് വിൽക്കാൻ കഴിയും. 5000 ജീവനക്കാര​ുടെ കൈവശമുള്ള ഓഹരിയുടെ മൂല്യം 9000 കോടി രൂപയിലധികമാണ്. അഞ്ഞൂറോളം പേർ കോടിപതികളാകും. ഇതിൽ സ്വിഗ്ഗി സ്ഥാപകനും സി.ഇ.ഒയുമായ ശ്രീഹർഷ മജെറ്റി, സഹസ്ഥാപകരായ നന്ദൻ റെഡ്ഡി, ഫാണി കിഷൻ അദ്ദേപ്പള്ളി എന്നിവരും ഉൾപ്പെടുന്നു. 50 കോടിയുടെ സ്വത്ത് ലഭ്യമാകാൻ പോകുന്നവരിൽ മാനേജ്‌മെന്റിലെ ഒമ്പത് ഉന്നതരാണ് ഉൾപ്പെടുന്നത്. ഓഹരിയൊന്നിന് 420 രൂപക്കാണ് സ്വിഗ്ഗി കഴിഞ്ഞ ദിവസം നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തത്.

Show Full Article
TAGS:Business News 
News Summary - Is there no end to this decline?
Next Story