ഖത്തറിൽ കൈയൊപ്പ് ചാർത്തിയ മർസ
text_fieldsജാഫർ കണ്ടോത്ത്, മനേജിങ് ഡയറക്ടർ -മർസ ഗ്രൂപ്പ്, സി.ഇ.ഒ സിഗ്നേച്ചർ ബൈ മർസ റസ്റ്റോറന്റ്
നാലു പതിറ്റാണ്ട് പിന്നിട്ട വിജയഗാഥയുമായി ഖത്തറിലെ വ്യാപാര മേഖലയിൽ കൈയൊപ്പ് ചാർത്തുകയാണ് മർസ ഗ്രൂപ്പ്. ഹൈപ്പർമാർക്കറ്റുകളും ഇതര വ്യാപര സ്ഥാപനങ്ങളുമായി പടർന്നു പന്തലിച്ച മർസ ‘സിഗ്നേച്ചർ ബൈ മർസ’യിലൂടെ റസ്റ്ററന്റ് മേഖലയിൽ ചുവടുവെക്കുമ്പോൾ ഒരു കുടുംബ സ്ഥാപനത്തിന്റെ ജൈത്രയാത്രയുടെ വിശേഷങ്ങൾ മാനേജിങ് ഡയറക്ടർ ജാഫർ കണ്ടോത്ത് പങ്കുവെക്കുന്നു.....
ഭാഗ്യം തേടി മലയാള മണ്ണിൽ നിന്നും ലോഞ്ചിലും വിമാനത്തിലുമായി അറേബ്യൻ മണ്ണിലേക്ക് പ്രവാസം തുടങ്ങുന്ന കാലം. ഗൾഫ് മരുഭൂമിയുടെ തരിശു നിലത്ത് മലയാളികളുടെ സ്വപ്നങ്ങൾ വിത്തെറിഞ്ഞ് പച്ചപിടിക്കുന്ന കാലം കൂടിയായിരുന്നു അത്. പേർഷ്യൻ ഗൾഫിനെ സ്വപ്നങ്ങൾ വിളയുന്ന മണ്ണായി തിരിച്ചറിഞ്ഞ് കേരളക്കരയിൽ നിന്നും യുവാക്കൾ യാത്ര തുടങ്ങിയ നാളുകൾ. ആ കുത്തൊഴുക്കിനിടെയാണ് കോഴിക്കോട് ജില്ലയുടെ വടക്കേ അറ്റത്ത് വടകരക്കപ്പുറത്ത് എടച്ചേരിയിലെ കണ്ടോത്ത് കുടുംബത്തിൽ നിന്നും ആദ്യമായൊരാൾ പ്രവാസിയാവുന്നത്. അമ്മോട്ടി ഹാജിയുടെയും ഖദീജ ഹജ്ജുമ്മയുടെ മക്കളിൽ മൂത്തവനായ അഹമ്മദ് 1980കളിൽ ഖത്തറിലേക്ക് വിമാനം കയറുമ്പോൾ പ്രായം പതിനേഴ് കടന്നിട്ടേ ഉണ്ടായിരുന്നുള്ളൂ.
കേരളത്തിന്റെ വിവിധ ദിക്കുകളിൽ നിന്നും മലയാളി പ്രവാസികളുടെ ആദ്യ തലമുറ ദുബൈയും ഖത്തറും സൗദിയും ഉൾപ്പെടെ ഗൾഫ് നാടുകളിലേക്ക് ഭാഗ്യം തേടി യാത്രയാവുന്ന കാലത്തിന്റെ തുടക്കം കൂടിയായിരുന്നു അത്. ഖത്തർ എന്ന കുഞ്ഞു രാജ്യം എണ്ണയുടെ കരുത്തിൽ ഉയരുന്നതിനൊപ്പം എടച്ചേരിയിലെ കണ്ടോത്ത് കുടുംബത്തിലും പ്രവാസം പുതിയ പറുദീസയായി തുടങ്ങുകയായിരുന്നു. ഖത്തറിലെത്തിയ ശേഷം, പൊലീസിൻെറ ഭാഗമായാണ് അഹമ്മദ് പ്രവാസം ആരംഭിക്കുന്നത്. ജോലിയും കഴിഞ്ഞുള്ള സമയം എങ്ങനെ ക്രിയാത്മകമാക്കാമെന്ന ആലോചനയിൽ നിന്നും ആ കൗമാരക്കാരന്റെ മനസ്സിലെ സംരംഭകൻ ഉണർന്നു. പൊലീസിലെ ജോലിയിൽ തുടരുമ്പോൾ തന്നെ ഏതാനും വർഷങ്ങൾക്കുള്ളിൽ സഹോദരൻ മായൻഹാജിക്കൊപ്പം സൂഖ് അൽ ജാബറിൽ സ്വന്തമായൊരു വസ്ത്ര വിൽപന കേന്ദ്രം ആരംഭിച്ചു. 1985ൽ ചെറിയ തോതിൽ തുടങ്ങിയ ഷോപ്പിൽനിന്നും അധികം വൈകാതെ പുതുസംരംഭങ്ങളും പിറന്നു.
പതിറ്റാണ്ടുകൾകൊണ്ട് അവ ഓരോന്നും ഖത്തറിൽ നിർണായക സാന്നിധ്യമായ വ്യാപാര ശൃംഖലകളിലേക്ക് വളർന്നു. ദീർഘകാലം പ്രവാസിയായ അഹമ്മദ് ഹാജിക്കു പിന്നാലെ സഹോദരങ്ങൾ ഓരോരുത്തരായി കടൽ കടന്നെത്തി സജീവമായി. വൈവിധ്യമാർന്ന വിൽപന കേന്ദ്രങ്ങൾ അടങ്ങിയ അൽ റഹീബ് ഇന്റർനാഷണൽ ഗ്രൂപ്പ് മർസ ഹൈപ്പർമാർക്കറ്റ് എന്ന പുതിയ റീട്ടെയിൽ ബ്രാൻഡായി മാറിയത് ചരിത്ര സാക്ഷ്യം. അഞ്ചു പതിറ്റാണ്ടിലേക്ക് നീങ്ങുന്ന ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പ് ഇപ്പോൾ പുതു വഴിത്തിരിവിലേക്കാണ് ഈ ഏപ്രിൽ നാലിന് ചുവടുവെക്കുന്നത്. മർസ ഗ്രൂപ്പിനു കീഴിലെ ആദ്യ റസ്റ്റോറന്റായി ‘സിഗ്നേച്ചർ’ പിറവിയെടുക്കുന്നു. ഹൈപ്പർമാർക്കറ്റുകളും ബേക്കറി ഡിവിഷനായ ലസീസ് മർസക്കും പിന്നാലെ, രുചിയുടെ പുതുലോകവുമായി സിഗ്നേച്ചറിലൂടെ കൈയൊപ്പ് ചാർത്തുന്ന മർസയുടെ വിശേഷങ്ങൾ മാനേജിങ് ഡയറക്ടർ ജാഫർ കണ്ടോത്ത് പങ്കുവെക്കുന്നു.
സൂഖ് അൽ ജാബറിൽ തുടക്കം
വടകര എടച്ചേരിയിലെ കണ്ടോത്ത് കുടുംബത്തിൽ നിന്നും മുതിർന്ന സഹോദരൻ അഹമ്മദ് ഹാജി പ്രവാസിയായി എത്തുന്നതോടെയാണ് ഖത്തറിലെ സാന്നിധ്യം ആരംഭിക്കുന്നത്. സൂഖ് അൽ ജാബിറിലെ ചെറിയ ടെക്സ്റ്റൈൽസ് സ്ഥാപനത്തിൽ നിന്നായിരുന്നു തുടക്കം. പൊലീസ് സർവീസിലെ ജോലിക്കിടയിൽ സഹോദരൻ മായൻ ഹാജിയുമായി ചേർന്ന് ആരംഭിച്ച ഷോപ്പ് നല്ല നിലയിൽ തന്നെ മുന്നോട്ട് പോകുന്നതിനിടെ മറ്റൊരു സഹോദരൻ അഷ്റഫ് ഹാജിയും പ്രവാസിയായെത്തി. സഹോദരങ്ങൾ ചേർന്ന് സൂഖിലെ കടകൾ കൂടുതൽ സജീവമാക്കി. വളരെ വേഗത്തിൽ ബിസിനസ് തന്ത്രം പഠിച്ചെടുത്തവർ സ്ഥാപനത്തെ കരുത്തോടെ നയിച്ചു. വിവിധ മേഖലകളിലേക്ക് ബിസിനസ് വ്യാപിപ്പിക്കുന്നതിനിടെ, കുടുംബത്തിൽ നിന്നും ഓരോരുത്തരായി കടൽ കടന്നെത്തി. അബ്ദുൽ ഗഫൂറും, പിന്നാലെ 1993ൽ കുടുംബത്തിലെ ഇളമുറക്കാരനായി ജാഫർ കണ്ടോത്തും ഖത്തറിലേക്ക് വിമാനം കയറി.
അൽ സറാർ ട്രേഡിങ് കമ്പനി, റഹീബ് പെർഫ്യൂംസ്, ബൈ ബൈ ഫുഡ്കോർട്ട്, റഹീബ് ഇന്റർനാഷണൽ ബിസിനസ് ഗ്രൂപ്പ്, ഡ്രീം വേൾഡ്, കിഡ്സ് ഷോപ്പ് തുടങ്ങി വിവിധ ഷോപ്പുകളിലൂടെ വസ്ത്ര, കളിപ്പാട്ട, ഇലക്ട്രോണിക്സ്, ഫർണിച്ചർ തുടങ്ങി കൈവെക്കാത്ത മേഖലകളില്ലെന്നായി. ദോഹയിലെ തിരക്കേറിയ മാർക്കറ്റുകളിലൊന്നായ നജ്മയിൽ ഫർണിച്ചർ, ടെക്സ്റ്റൈൽ രംഗത്തെ മൊത്തവിതരണ സ്ഥാപനങ്ങളായ ബേപോയിൻറ് ട്രേഡിങ്, സെൻട്രൽ ലൈൻ ട്രേഡിങ് എന്നീ സ്ഥാപനങ്ങൾ ശ്രദ്ധേയമാണ്. എട്ടോളം ഷോപ്പുകളായി വ്യാപര മേഖലയിൽ സജീവമാകുന്നതിനിടെയാണ് 2010ൽ ഹൈപ്പർമാർക്കറ്റ് മേഖലയിലേക്കും പ്രവേശിക്കുന്നത്. മായൻ ഹാജി ചെയർമാനും, ജാഫർ കണ്ടോത്ത് മാനേജിങ് ഡയറക്ടറും, അഷ്റഫ് ഹാജി, അബ്ദുൽ ഗഫൂർ എന്നിവർ ഡയറക്ടർമാരുമായി പതിറ്റാണ്ടുകളുടെ പാരമ്പര്യവുമായി മർസ ആധുനികതയുടെ കുതിപ്പിലും മുന്നേറുന്നു.
മർസ; ജനപ്രിയ ബ്രാൻഡിന്റെ വളർച്ച
2010 ജനുവരിയില്‍ ഐന്‍ ഖാലിദില്‍ പ്രവര്‍ത്തനം ആരംഭിച്ച ‘പാര്‍ക്ക് ആന്‍ഡ് ഷോപ്പ്’ ഹൈപ്പര്മാര്ക്കറ്റിലൂടെയാണ് അല്‍ റഹീബ് ഗ്രൂപ്പ് ഖത്തറിലെ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയില്‍ സ്ഥാനമുറപ്പിച്ചത്. വിവിധ ഷോപ്പുകളിൽനിന്നും ഹൈപ്പർമാർക്കറ്റായി വ്യാപിച്ചു തുടങ്ങിയ സ്ഥാപനങ്ങൾ 2021ലാണ് മർസ എന്ന പേരിൽ പുതിയ ബ്രാൻഡിലേക്ക് മാറുന്നത്. നിലവിൽ ഹസം അൽ മർഖിയ ജെ മാൾ, ഐൻ ഖാലിദ്, ബിൻ ഉംറാൻ, മുശൈരിബ് എന്നിവിടങ്ങളിലെ മർസ ഹൈപ്പർമാർക്കറ്റുകൾ ഇന്ന് ഖത്തറിൽ സ്വദേശികൾക്കും താമസക്കാർക്കുമിടയിൽ സ്വീകാര്യമായ ബ്രാൻഡായി വളർന്നു.
യൂറോപ്യൻ മാതൃകയിലെ ഷോപ്പിങ് അനുഭവം ഉപഭോക്താക്കൾക്ക് പകരുന്ന ജെ മാളിലെ മർസ ഹൈപ്പർമാർക്കറ്റ് സ്വദേശികളും വിദേശികളും ഷോപ്പിങ്ങിനെത്തുന്ന പ്രധാന കേന്ദ്രങ്ങളിൽ ഒന്നാണ്. 65,000 ചതുരശ്ര അടി വിസ്തൃതിയിലുള്ള ഔട്ലെറ്റ് ചുരുങ്ങിയ നാളുകൾക്കുള്ളിൽ ഖത്തറിന്റെ പ്രധാന ഷോപ്പിങ് ഡെസ്റ്റിനേഷനുമായി മാറി. ഉൽപന്നങ്ങൾ നേരിട്ട് വാങ്ങി ഉപഭോക്താക്കളിലേക്ക് എത്തിക്കുകയും, ആകർഷകവിലയിൽ ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്നത് മർസയുടെ സവിശേഷതയാണെന്ന് ജാഫർ കണ്ടോത്ത് സാക്ഷ്യപ്പെടുത്തുന്നു. ഒരു ടീമായി പ്രവർത്തിക്കുന്ന ജീവനക്കാരും മാനേജ്മെന്റുമാണ് മർസയുടെ വിജയരഹസ്യമെന്നും അദ്ദേഹം പറയുന്നു. അഞ്ചാമത്തെ മർസ ഹൈപ്പർമാർക്കറ്റ് അബൂഹമൂറിൽ ഉടൻ തുറക്കും.
രുചിയുടെ കൈയൊപ്പാവാൻ ‘സിഗ്നേച്ചർ’
അഞ്ചു വർഷം മുമ്പേ മനസ്സിൽ വരച്ചുവെച്ച പ്ലാനാണ് ഞങ്ങളുടെ ഗ്രൂപ്പിൽ നിന്നും ഒരു റസ്റ്റോറന്റ് എന്നത്. മർസയായി റീബ്രാൻഡ് ചെയ്ത വേളയിൽ തന്നെ റസ്റ്റോറന്റും ബേക്കറിയും തുടങ്ങാനുള്ള പദ്ധതി അവതരിപ്പിച്ചിരുന്നു. ബേക്കറി ഡിവിഷനായ ലസീസ് ഇതിനകം പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു. കൂടുതൽ തയ്യാറെടുപ്പോടെ, ഖത്തറിലെ സവിശേഷമായ റസ്റ്റോറന്റ് ആയാണ് ഇപ്പോൾ സിഗ്നേച്ചർ പ്രവർത്തനമാരംഭിക്കാൻ ഒരുങ്ങുന്നത്. ലാഭം മാത്രമല്ല റസ്റ്റോറന്റിലൂടെ ലക്ഷ്യമിടുന്നത്. സാധാരണക്കാരനും കുറഞ്ഞ നിരക്കിൽ മനസ്സും വയറും നിറയും വിധം ഭക്ഷണം കഴിക്കാൻ മികച്ച ഒരു കേന്ദ്രമായാണ് ‘സിഗ്നേച്ചറിലൂടെ’ സ്വപ്നം കാണുന്നത്. ആയിരം ചതുരശ്ര മീറ്ററിന് മുകളിൽ വിശാലതയുള്ള റസ്റ്റോറന്റ് എന്ന സ്വപ്നവുമായി അന്വേഷണത്തിലായിരുന്നു ഞങ്ങൾ.
അതിനൊടുവിലാണ് സൽവറോഡിൽ മിഡ്മാകിന് അരികിലായി മൂന്ന് നിലയുള്ള കേന്ദ്രത്തിലെത്തുന്നത്. ഖത്തറിലെ ഏറ്റവും മികച്ച ഇന്ത്യൻ റസ്റ്റോറന്റായി സിഗ്നേച്ചർ മാറുമെന്നതിൽ ഉറപ്പുണ്ട്. ഗുണമേന്മയിലും അനുഭവത്തിലും സിഗ്നനേച്ചർ ഭക്ഷണ പ്രേമികൾക്കൊരു കൈയൊപ്പമായി മാറും. 1800 സ്ക്വയർ മീറ്റർ വിസ്തൃതിയുള്ള റസ്റ്റോറന്റ് 300 ഡൈനിങ് കപ്പാസിറ്റി, വ്യത്യസ്ത വലുപ്പത്തിൽ കോൺഫറൻസ്-പാർട്ടി ഹാളുകൾ, ആകർഷകമായ ലോഞ്ച്, വിശാലമായ പാർക്കിങ് എന്നിവയുമായി ശ്രദ്ധേയ ചുവടുവെപ്പായാണ് ‘സിഗ്നേച്ചർ’ വരുന്നത്. വർഷങ്ങൾക്ക് മുമ്പ് മനസ്സിൽ കൊത്തിവെച്ച പ്ലാൻ സിഗ്നേച്ചറിലൂടെ സാക്ഷാത്കരിക്കപ്പെടുന്നതിന്റെ സന്തോഷത്തിൽ കൂടിയാണ് ജാഫറും സഹോദരങ്ങളും. ഏപ്രിലിൽ ഖത്തറിൽ തുടക്കം കുറിക്കുന്നതിനു പിന്നാലെ, അടുത്ത ഒരു വർഷത്തിനുള്ളിൽ ദുബൈയിലും സിഗ്നേച്ചർ പ്രവർത്തനമാരംഭിക്കാനും സ്വപ്നമുണ്ട്. പിന്നാലെ, ബംഗളൂരുവിലേക്ക് സിഗ്നേച്ചർ ഒരു ബ്രാൻഡായി വളരും.
ഐക്യമാണ് മഹാബലം
മൂത്ത സഹോദരൻ തുടക്കം കുറിച്ച്, ഇളമുറക്കാരനായ ജാഫർ കണ്ടോത്ത് ആധുനീകരിച്ച വ്യാപാര ഗ്രൂപ്പിന്റെ കരുത്ത് സഹോദരങ്ങൾക്കിടയിലെ ഐക്യവും ഒത്തൊരുമയുമാണെന്ന് മർസയുടെ കുതിപ്പ് സാക്ഷ്യപ്പെടുത്തുന്നു. തീരുമാനങ്ങൾ എടുക്കുന്നതിലും നടപ്പാക്കുന്നതിലും മാതൃകയാണ് ഈ സഹോദര കൂട്ടായ്മ. അഞ്ച് സഹോദരങ്ങൾ പലകാലങ്ങളിലായി തോളോട് തോളുചേർന്ന് അറേബ്യൻ മണ്ണിൽ ഒരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത് വിജയത്തിലേക്ക് മുന്നേറുമ്പോൾ കരുത്തായി അടയാളപ്പെടുത്തുന്നത് ഈ സഹോദര ഐക്യംതന്നെയാണ്. എടച്ചേരിയിലെ കണ്ടോത്ത് കുടുംബത്തിൻെറയും പിതാവ് അമ്മോട്ടി ഹാജിയുടെയും കരുത്തായിരുന്ന ഉമ്മ ഖദീജ ഹജ്ജുമ്മ തന്നെയാണ് ഞങ്ങൾക്കും മാതൃകയെന്ന് ജാഫർ കണ്ടോത്ത് പറയുന്നു.
മർസ ഖത്തറിന് പുറത്തേക്കും
ഞങ്ങളുടെ ഭാവി പദ്ധതികളിൽ ഒന്നാണ് ഖത്തറിന് പുറത്തേക്കും മർസയുടെ ബ്രാഞ്ചുകൾ വ്യാപിപ്പിക്കുകയെന്നത്. അധികം വൈകാതെ യു.എ.ഇ, സൗദി തുടങ്ങിയ ഇതര രാജ്യങ്ങളിലേക്കും മർസയുടെ ഔട്ലെറ്റുകൾ തുറക്കാൻ ആഗ്രഹിക്കുന്നു.