ലോകത്തിൽ ഏഴാമത്, ഏഷ്യയിൽ രണ്ടാമതും; വമ്പൻ നേട്ടവുമായി ജിയോ പ്ലാറ്റ്‌ഫോംസ്
text_fieldsന്യൂഡൽഹി: ലോകത്തെ ഏഴാമത്തെ വലിയ ടെലികോം കമ്പനിയായി മാറി ജിയോ പ്ലാറ്റ്‌ഫോംസ്. ഓഹരി വിപണിയില്‍ 30,188 കോടി രൂപയുടെ ഐ.പി.ഒയിലൂടെ വിപണിയിലെത്തിയ കമ്പനിയുടെ ഓഹരികള്‍ ഇഷ്യു വിലയേക്കാള്‍ ഏകദേശം 21 ശതമാനം നേട്ടത്തിൽ ലിസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഈ നേട്ടം. ഏകദേശം 131.5 ബില്യൺ ഡോളർ അഥവാ 12.5 ലക്ഷം കോടി രൂപ വിപണി മൂല്യമാണ് കമ്പനിക്ക് ലഭിച്ചത്. ഇതോടെ ഏഷ്യയിലെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയായും ജിയോ മാറി.
218.9 ബില്യൺ ഡോളർ വിപണി മൂല്യമുള്ള ചൈന മൊബൈൽ ആണ് ആഗോള റാങ്കിങ്ങിൽ ഒന്നാമത്. വെരിസോൺ (182.5 ബില്യൺ ഡോളർ), സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് (169.6 ബില്യൺ ഡോളർ), ടി മൊബൈൽ യു.എസ് (157.5 ബില്യൺ ഡോളർ), എ.ടി ആൻഡ് ടി (141.1 ബില്യൺ ഡോളർ) എന്നിവയാണ് തൊട്ടുപിന്നിലുള്ളത്. നിലവിൽ 135.6 ബില്യൺ ഡോളർ മൂല്യമുള്ള ജർമ്മനിയുടെ ഡോയ്ച്ചെ ടെലികോമിന് തൊട്ടുപിന്നിലാണ് ജിയോ.
1,119 രൂപ ഐ.പി.ഒ വിലയുണ്ടായിരുന്ന ജിയോ 1,358 രൂപയ്ക്കാണ് ഓഹരി വിപണിയിൽ വ്യാപാരം ആരംഭിച്ചത്. ഇതോടെ ഭാരതി എയർടെലിനെ വിപണിമൂല്യത്തില്‍ മറികടന്നു. ഭാരതി എയർടെല്ലിന്റെ വിപണി മൂല്യം ഏകദേശം 122.8 ബില്യൺ ഡോളറാണ്. 30,213 കോടി രൂപ സമാഹരിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ഐ.പി.ഒയായതിന് ശേഷമാണ് ഈ ലിസ്റ്റിങ്. മൊത്തത്തിൽ 22.19 ഇരട്ടി അധികം അപേക്ഷകളാണ് ഈ ഓഹരി ലേലത്തിന് ലഭിച്ചത്. ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ ബയേഴ്‌സ് (ക്യു.ഐ.ബി) തങ്ങൾക്ക് അനുവദിച്ച ഓഹരികളുടെ 70.55 മടങ്ങ് അധികം ബിഡ് ചെയ്തു.
പരമ്പരാഗത കണക്റ്റിവിറ്റിക്കപ്പുറത്തേക്ക് വളർന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ), ക്ലൗഡ് കമ്പ്യൂട്ടിങ്, എന്റർപ്രൈസ് സേവനങ്ങൾ, ഉപഗ്രഹ ആശയവിനിമയം എന്നിവയിലേക്ക് വ്യാപിച്ച് സ്വന്തം സാങ്കേതിക വിദ്യയെ പണമാക്കി മാറ്റാനുള്ള ജിയോയുടെ കഴിവിനെ ആശ്രയിച്ചായിരിക്കും അടുത്ത ഘട്ട വളർച്ച. 4ജി, 5ജി, 6ജി, എ.ഐ തുടങ്ങിയ മേഖലകളിലായി 7,220 പേറ്റന്റുകൾ കമ്പനി ഫയൽ ചെയ്തിട്ടുണ്ട്. സ്വന്തം ടെക്നോളജി സ്റ്റാക്ക് ഉപയോഗിച്ച് അന്താരാഷ്ട്ര ലൈസൻസിങ്ങാണ് ജിയോ ലക്ഷ്യമിടുന്നത്.


