കേരളത്തിന് ഈ വർഷം 39,876 കോടി കടമെടുക്കാം; 2,938 കോടി കേന്ദ്രം വെട്ടി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തിന് ഈ സാമ്പത്തിക വർഷം 39,876 കോടി രൂപ വായ്പയെടുക്കാം. ആകെ ആഭ്യന്തര ഉൽപാദത്തിന്റെ മൂന്ന് ശതമാനമാണിത്. കേന്ദ്രസർക്കാർ ഔദ്യോഗികമായി ഇക്കാര്യം സംസ്ഥാനത്തെ അറിയിച്ചു.
വൈദ്യുതി മേഖലയിൽ നടപ്പാക്കുന്ന പരിഷ്കരണങ്ങളുടെ പേരിൽ ആഭ്യന്തര ഉൽപാദത്തിന്റെ 0.5 ശതമാനം കൂടി കടമെടുക്കാം. ഇത് ഏകദേശം 6600 കോടി വരും. ഇതുകൂടി ചേരുമ്പോൾ നടപ്പുവർഷം കടമെടുക്കാവുന്ന തുക 46,476 കോടിയാകും. വൈദ്യുതി മേഖലയുടെ പേരിലെ വായ്പ മാറ്റിനിർത്തിയാൽ തന്നെ 42,814 കോടിയുടെ കടമെടുപ്പിന് അനുമതി ലഭിക്കുമെന്നായിരുന്നു കേരളത്തിന്റെ പ്രതീക്ഷ.
കണക്കുകൾ പ്രകാരം 2025-26 സാമ്പത്തിക വർഷം കേരളത്തിന്റെ ആഭ്യന്തര ഉൽപാദനം 14,26,147 കോടിയാണ്. ഇതിന്റെ മൂന്ന് ശതമാനമെന്ന കണക്കിലായിരുന്നു 42,814 കോടി പ്രതീക്ഷിച്ചത്. എന്നാൽ, ഇതിൽ 2938 കോടി കേന്ദ്രം വെട്ടി. അങ്ങനെയാണ് വാർഷിക വായ്പാനുമതി 39,876 കോടിയായി കുറഞ്ഞത്.
നിത്യനിദാന ചെലവുകൾക്ക് കടമെടുക്കേണ്ട സ്ഥിതിയാണിപ്പോഴും. കഴിഞ്ഞ വർഷം ഏപ്രിൽ പിന്നിട്ടിട്ടും വായ്പാനുമതിയിൽ കേന്ദ്രം വ്യക്തത വരുത്താത്തതിനെ തുടർന്ന് ഏപ്രിലിലെ ചെലവുകൾക്കായി പ്രത്യേക അനുമതി വാങ്ങി കടമെടുക്കേണ്ട സ്ഥിതിയായിരുന്നു. 2000 കോടി വായ്പയെടുക്കുന്നതിന് ചൊവ്വാഴ്ച കടപ്പത്രമിറക്കാനാണ് സർക്കാർ തീരുമാനം.