വീണ്ടും കേന്ദ്രത്തിന്‍റെ ഇരുട്ടടി: പാചക വാതക വില കൂട്ടി
text_fieldsന്യൂഡൽഹി: രാജ്യത്ത് പാചക വാതകവില കൂട്ടി കേന്ദ്ര സർക്കാർ. സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്. 853 രൂപയാണ് പുതുക്കിയ വില. നേരത്തെ, 803 രൂപയായിരുന്നു സിലിണ്ടറിന്‍റെ വില.
പ്രധാനമന്ത്രി ഉജ്വൽ യോജന പദ്ധതിയിൽ ഉള്ളവർക്കും 50 രൂപ വില കൂടും. പുതുക്കിയ നിരക്ക് സിലിണ്ടറിന് 550 രൂപയാണ്. നേരത്തെ, 500 രൂപയായിരുന്നു ഉജ്വൽ സിലിണ്ടറിന്‍റെ വില.
പുതുക്കിയ നിരക്ക് നാളെ മുതൽ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര മന്ത്രി ഹർജീപ് സിങ് പുരി അറിയിച്ചു. രാജ്യത്തെ പാചകവാതക വില രണ്ടാഴ്ചയിലൊരിക്കൽ സർക്കാർ അവലോകനം ചെയ്യുമെന്നും പുരി വ്യക്തമാക്കി.
അതേസമയം, പെട്രോളിനും ഡീസലിനും എക്സൈസ് തിരുവ കേന്ദ്ര സർക്കാർ ഉയർത്തിയിട്ടുണ്ട്. രണ്ട് രൂപയാണ് വർധിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വിലയിൽ വൻ വിലക്കുറവാണെങ്കിലും ഇതിന്റെ ഗുണം ജനങ്ങൾക്ക് ലഭിക്കില്ല. പകരം തിരുവ കൂട്ടി കേന്ദ്ര സർക്കാർ ജനങ്ങൾക്ക് ലഭിക്കേണ്ടിയിരുന്ന സാമ്പത്തിക ആശ്വാസം തട്ടിയെടുക്കുകയാണ്.
തുടക്കത്തിൽ എക്സൈസ് തിരുവയാണ് കേന്ദ്ര സർക്കാർ കൂടിയത്. ഈ വാർത്ത പുറത്തായതോടെ ജനത്തിന് തിരിച്ചടിയാകുമെന്ന് കരുതിയിരുന്നു. എന്നാൽ, വിപണിയെ ബാധിക്കില്ലെന്ന് സർക്കാർ വാർത്താകുറിപ്പ് ഇറക്കുകയായിരുന്നു.
അന്താരാഷ്ട്ര വിപണിയിൽ വില കുറയുമ്പോൾ അതിന്‍റെ നേട്ടം ജനത്തിന് ലഭിക്കുമെന്നാണ് സാധാരണ കേന്ദ്ര സർക്കാർ പറയാറ്. എന്നാൽ, കേന്ദ്ര സർക്കാറിന്റെ പുതിയ നീക്ക പ്രകാരം അന്തരാഷ്ട്ര വിപണിയിലെ വിലക്കുറവ് ജനത്തിന് നേട്ടമാകില്ല.