പണം പോകുന്നത് ചൈനയിലേക്ക്; വിദേശനിക്ഷേപകരുടെ വിൽപന ഇന്ത്യൻ വിപണിയെ തളർത്തുന്നു
text_fieldsകഴിഞ്ഞ ദിവസങ്ങളിലായി ഇന്ത്യൻ ഓഹരി വിപണിയിൽ വീഴ്ച തുടരുകയാണ്. പലരുടെയും പോർട്ട്ഫോളിയോ കടുംചുവപ്പിലെത്തി. റിസർവ് ബാങ്ക് പലിശനിരക്ക് കുറച്ചതും ഇന്ത്യ-യു.കെ വ്യാപാര കരാറായതും ഇന്ത്യ-പാക്, ഇറാൻ-ഇസ്രായേൽ സംഘർഷം അവസാനിച്ചതുമൊന്നും അനുകൂല സ്വാധീനം ചെലുത്തിയില്ല. എന്താണ് സംഭവമെന്നും എന്നാണ് ഒരു കരകയറ്റമെന്നും അറിയാതെ ഇരുട്ടിൽ തപ്പുകയാണ് സാധാരണ നിക്ഷേപകർ. യാഥാർഥ്യമെന്തെന്നാൽ വിപണിചക്രം (മാർക്കറ്റ് സൈക്കിൾ) അനുസരിച്ച് ഇന്ത്യൻ ഓഹരി വിപണി ഇപ്പോൾ ടൈം കറക്ഷൻ ഘട്ടത്തിലാണ്.
കുത്തനെയുള്ള വീഴ്ചക്ക് പകരം ഇടക്ക് തിരിച്ചുവരവിന്റെ സൂചന കാണിച്ച് മെല്ലെ മെല്ലെ താഴേക്ക്‍ വരുന്നതാണ് ഈ ഘട്ടത്തിന്റെ സവിശേഷത. വിപണി കൺസോളിഡേഷൻ ഘട്ടത്തിലാണെന്നും പറയാം. നിഫ്റ്റി 26,200നും 22,300നും ഇടയിൽ കയറിയിറങ്ങിക്കൊണ്ടിരിക്കും. എക്കാലത്തെയും ഉയർന്നനില പൊട്ടിച്ച് മുകളിലേക്ക് കയറണമെങ്കിൽ ശക്തമായ മാക്രോ, മൈക്രോ സാമ്പത്തിക പിൻബലം വേണം.
അതിനു വിദേശ നിക്ഷേപ സ്ഥാപനങ്ങൾ പണമിറക്കണം. ഇപ്പോൾ അവർ ഇന്ത്യൻ വിപണിയിൽനിന്ന് പണം പിൻവലിച്ച് ചൈനയിലും ഹോങ്കോങ്ങിലും മറ്റും നിക്ഷേപിക്കുകയാണ്. അതുകൊണ്ടുതന്നെ അവിടത്തെ വിപണി സൂചിക ഉയരുന്നു. മേയ്, ജൂൺ മാസങ്ങളിൽ മുന്നേറിയ ഇന്ത്യൻ വിപണി അമിത മൂല്യത്തിലാണുള്ളത്. നിഫ്റ്റിയുടെ വില വരുമാന അനുപാതം (പി.ഇ അനുപാതം) 23 ആണ് നിലവിൽ. ഇത് 20ലേക്ക് എങ്കിലും താഴേണ്ടതുണ്ട്.
ചൈനീസ് വിപണി ഉയർന്ന മൂല്യത്തിലെത്തുന്ന ഘട്ടത്തിലും വിദേശനിക്ഷേപകർ തിരിച്ചുവരും. അല്ലെങ്കിൽ ഇന്ത്യയിലെ കമ്പനികൾ പാദഫലം പുറത്തുവിടുമ്പോൾ വരുമാനത്തിലും ലാഭത്തിലും വലിയ കുതിപ്പുണ്ടാകണം. നിർഭാഗ്യവശാൽ അതു കാണുന്നില്ല.
വ്യാപാര കരാറും ഓഹരി വിപണിയും
ഇന്ത്യ-യുകെ വ്യാപാര കരാർ ചരിത്രപരമാണ്. ടെക്സ്റ്റൈൽസ്, സമുദ്രവിഭവങ്ങൾ, പ്ലാസ്റ്റിക്, ഭക്ഷ്യവസ്തുക്കൾ തുടങ്ങി ഇന്ത്യയിൽനിന്ന് കയറ്റി അയക്കുന്ന 99 ശതമാനം ഉൽപന്നങ്ങൾക്കും യു.കെ തീരുവ ഒഴിവാക്കിയത് ഗുണം ചെയ്യും. 85 ശതമാനം ബ്രിട്ടീഷ് ഉൽപന്നങ്ങൾ തീരുവരഹിതമാക്കുമെന്ന് ഇന്ത്യയും ഉറപ്പുനൽകിയിട്ടുണ്ട്. ഈ ഉൽപന്നങ്ങളുമായി ബന്ധപ്പെട്ട കമ്പനികളുടെ ഓഹരി വില ഉയരേണ്ടതാണ്. അതുണ്ടായില്ല. കാരണം കരാർ ഒപ്പിട്ടുവെങ്കിലും പ്രാബല്യത്തിലാവണമെങ്കിൽ ഇനിയും കടമ്പകളുണ്ട്. മാത്രമല്ല ഘട്ടംഘട്ടമായാണ് നടപ്പാവുക. ഒരുവർഷം വരെ എടുക്കുമെന്നാണ് റിപ്പോർട്ട്. 10 വർഷമായി ചർച്ചയിലുള്ളതാണ് ഇന്ത്യ-യു.കെ വ്യാപാര കരാർ. അതുകൊണ്ടുതന്നെ വിപണിക്കിത് ഞെട്ടിക്കുന്ന വാർത്തയല്ല.