നാല് ലക്ഷം കിറ്റ്കാറ്റ് മോഷണം പോയെന്ന് നെസ്‌ലെ; അനധികൃത വിൽപനക്ക് സാധ്യത!
text_fieldsജനീവ: യൂറോപ്പിൽ നെസ്‌ലെയുടെ ലോകപ്രിയ കിറ്റ്കാറ്റ് ചോക്കലേറ്റുകളുടെ വൻ ശേഖരം മോഷണം പോയതായി കമ്പനി അറിയിച്ചു. ഇത് ഈസ്റ്ററിന് തൊട്ടുമുമ്പ് കടകളിൽ കിറ്റ്കാറ്റുകൾ ലഭ്യമല്ലാത്ത അവസ്ഥയുണ്ടാക്കുമെന്നും നെസ്‌ലെ മുന്നറിയിപ്പ് നൽകി.
സ്വിസ് ഭക്ഷ്യ നിർമാതാക്കളായ നെസ്‌ലെ എ.എഫ്.പിക്ക് നൽകിയ പ്രസ്താവനയിലാണ് മോഷണത്തെ പറ്റി അറിയിച്ചത്. യൂറോപ്പിൽ 4,13,739 കിറ്റ്കാറ്റ് ചോക്കലേറ്റുകളുമായി സഞ്ചരിച്ച ചരക്ക് ലോറിയാണ് മോഷണം പോയത്. ഇത് ഏതാണ്ട് 12 ടൺ ഉണ്ടാകുമെന്നും കമ്പനി അറിയിച്ചു. നിർമാണ കേന്ദ്രത്തിൽ നിന്ന് വിതരണ കേന്ദ്രത്തിലേക്ക് പോകുംവഴിയാണ് മോഷണം.
കിറ്റ്കാറ്റ് ഉപയോഗിച്ച് ഒരു ബ്രേക്കെടുക്കാൻ ഞങ്ങൾ എപ്പോഴും ആളുകളെ പ്രോത്സാഹിപ്പിക്കുമായിരുന്നു. എന്നാൽ മോഷ്ടാക്കൾ ഈ സന്ദേശം അക്ഷരാർഥത്തിൽ സ്വീകരിച്ച് 12 ടണ്ണിലധികമുള്ള ഞങ്ങളുടെ ചോക്ലേറ്റ് മോഷ്ടിച്ച് ഇടവേള എടുത്തതാണെന്ന് തോന്നുന്നുവെന്ന് ബ്രാൻഡിന്‍റെ വക്താവ് തമാശ രൂപേണ പറഞ്ഞു.
ഇറ്റലിയിൽ നിന്ന് പോളണ്ടിലേക്ക് പോയ ട്രക്കാണ് കാണാതായത്. യാത്രക്കിടയിൽ കടന്നുപോകുന്ന രാജ്യങ്ങളിൽ വിൽപന നടത്താനുള്ള ചോക്ലേറ്റുകളാണ് നഷ്ടപ്പെട്ടത്. പ്രാദേശിക ഭരണകൂടങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ടെന്ന് കമ്പനി അറിയിച്ചു.
മോഷണം പോയ കിറ്റ്കാറ്റുകൾ അനധികൃതമായി വിൽപന നടത്താൻ സാധ്യതയുണ്ടെന്നും എന്നാൽ യുനീക്ക് ബാച്ച് കോഡ് വഴി ഇത് കണ്ടെത്താൻ കഴിയുമെന്നും നെസ്ലെ പ്രതികരിച്ചു.


