പണം ഇന്നു വരും, നാളെ പോകും, പക്ഷേ മറ്റന്നാൾ?
text_fieldsപണം നമ്മുടെ ജീവിതം സുഖകരമാക്കുന്നതുപോലെ, ശരിയായി ചെലവഴിച്ചില്ലെങ്കിൽ അതേ പണം തർക്കങ്ങൾക്കും അസ്വസ്ഥതകൾക്കും വഴിവെക്കും, കുടുംബത്തിലും സൗഹൃദത്തിലുമെല്ലാം. പണത്തെച്ചൊല്ലിയുള്ള തർക്കമാണ് സ്വസ്ഥത കെടുത്തുന്ന ഏറ്റവും വലിയ തർക്കങ്ങളിലൊന്ന്. ദമ്പതിമാർ തമ്മിലാണ് ഈ തർക്കമെങ്കിൽ അധികം നീളാൻ ഇടവരുത്താതെ ഉടൻ പരിഹരിക്കേണ്ടതുണ്ട്. പങ്കാളികളിലൊരാൾക്ക് ‘ധാരാളിത്ത’ സ്വഭാവമുണ്ടെങ്കിൽ അതു പതിയെ വാദപ്രതിവാദങ്ങളിലേക്കും പിന്നെ സ്ഥിരം തർക്കത്തിലേക്കും നയിക്കും.
അതേസമയം, പങ്കാളിയുടെ ചെലവിടൽ സസൂക്ഷ്മം നിരീക്ഷിച്ച് ഒരു ‘സാമ്പത്തിക പൊലീസ്’ ആയി മാറി സീൻ മൊത്തം അലമ്പാക്കേണ്ടതുമില്ല എന്നാണ് മനഃശാസ്ത്രജ്ഞർ പറയുന്നത്. കാരണം, ഉത്തരവാദിത്തമില്ലായ്മകൊണ്ടായിരിക്കണമെന്നില്ല ഈ ധാരാളിത്തം. മറിച്ച് മനോസമ്മർദം മറികടക്കുന്നതിനും മൂഡ് മാറ്റുന്നതിനും വേണ്ടി ചിലർ നടത്തുന്ന, ‘റീട്ടെയിൽ തെറപ്പി’ എന്നു വിശേഷിപ്പിക്കപ്പെടുന്ന വാങ്ങൽ ശീലത്തിന്റെ ഭാഗമായിട്ടാകാം. അതുകൊണ്ട്, അവരുടെ അമിത ചെലവിടലിന്റെ കാരണം കണ്ടെത്തണം. ഒപ്പം സാധാരണ ചെലവഴിക്കലും ധൂർത്തും തമ്മിലെ വ്യത്യാസം മനസ്സിലാക്കുകയും വേണം. ശേഷം പ്രശ്നത്തിൽനിന്ന് കരകയറാൻ പങ്കാളിയെ സഹായിക്കുകയും വേണം.
സൂചനകൾ ശ്രദ്ധിക്കുക
‘‘വരവിനേക്കാൾ കൂടുതൽ ചെലവിടുന്നത്, ഉദാഹരണത്തിന് അത്യാവശ്യ വീട്ടു പലചരക്കു സാധനങ്ങൾ വാങ്ങാൻ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുക, പർച്ചേസുകൾ മറച്ചുവെക്കുക, പണത്തെക്കുറിച്ച് ഓർത്ത് നിരന്തരം ആധി പിടിക്കുക തുടങ്ങിയവ പങ്കാളിയിൽ കണ്ടെത്തിയാൽ സൂക്ഷിക്കണം.’’ -സാമ്പത്തിക കാര്യ വിദഗ്ധൻ അഭിഷേക് കുമാർ ചൂണ്ടിക്കാട്ടുന്നു. സ്വന്തം ബജറ്റിലൊതുങ്ങുന്ന ചെലവിടൽ, കൃത്യമായ സമ്പാദ്യശീലം, വാങ്ങണമെന്ന അമിത ആഗ്രഹത്തിനപ്പുറം കൃത്യമായ തീരുമാനങ്ങളുടെ പുറത്തുള്ള പ്രവൃത്തികൾ എന്നിവയുള്ളവർക്ക് മുകളിൽ പറഞ്ഞ ധാരാളിത്തമുണ്ടാകില്ലെന്നും അദ്ദേഹം പറയുന്നു. പണത്തെ ചൊല്ലി പങ്കാളിയുമായി നിരന്തരം വാക്കുതർക്കമുണ്ടാവുകയോ അല്ലെങ്കിൽ അവരുടെ ധാരാളിത്തം കാരണം സമ്പാദ്യത്തിനോ അടിയന്തര ഫണ്ടിനോ മാറ്റി വെക്കാൻ പണം ഇല്ലാതാവുകയോ ചെയ്യുന്ന സാഹചര്യമുണ്ടെങ്കിൽ കാര്യങ്ങൾ ശ്രദ്ധിക്കണം.
ചൂണ്ടിക്കാട്ടാം, കുറ്റപ്പെടുത്തേണ്ട
ചെലവിടലിൽ പ്രശ്നം കണ്ടെത്തിയാൽ പങ്കാളിയുമായി സംസാരിച്ചുതുടങ്ങാം. അതിനാദ്യം വേണ്ടത്, വെറും ധൂർത്താണോ മാനസിക പ്രശ്നമാണോ എന്ന് മനസ്സിലാക്കലാണ്. ‘‘ധാരാളിത്തം പലപ്പോഴും മനോസമ്മർദം, ഉത്കണ്ഠ, സഫലമാകാത്ത ആവശ്യങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടു കിടക്കുന്നു. കുറ്റപ്പെടുത്താതെ അവരുമായി സംസാരിച്ചു മനസ്സിലാക്കുകയാണ് വേണ്ടത്’’ -സൈക്കോ തെറപ്പിസ്റ്റ് ഡോ. ചാന്ദ്നി തുഗ്നെയ്ത്ത് അഭിപ്രായപ്പെടുന്നു.
ധാരാളിത്ത മനസ്സ് മാറ്റാം
- 24 മണിക്കൂർ നിയമം: നിശ്ചിത തുകയ്ക്ക് മുകളിലുള്ള, അത്യാവശ്യമല്ലാത്ത പർച്ചേസുകൾ നടത്തുംമുമ്പ് ഒരു ദിവസം കാത്തിരിക്കുക. ‘ഒരാവേശത്തിനുള്ള’ വാങ്ങലുകൾ ഒഴിവാക്കാൻ ഈ ഗ്യാപ് സഹായിക്കുന്നു.
- ഫൺ മണി ബജറ്റ്: കുറ്റബോധമില്ലാത്ത ചെലവിടലിനായി പങ്കാളികൾക്ക് പരസ്പരം ഒരു ചെറു തുക അലവൻസായി നീക്കിവെക്കാം.
- ആദ്യം സ്വയം പണം നൽകുക: നിങ്ങളുടെ പ്രതിമാസ ബജറ്റിലെ ആദ്യത്തെ ‘ചെലവ്’ എന്നത് സമ്പാദ്യത്തിനാകട്ടെ. അപ്പോൾ അമിത ചെലവഴിക്കാൻ പണമില്ലാതെയാകും.
- ചെലവുകൾ ഒരുമിച്ച് ട്രാക്ക് ചെയ്യുക: പരസ്പരം സുതാര്യത നിലനിർത്തുന്നതിനും രഹസ്യ ചെലവുകൾ ഇല്ലാതാക്കുന്നതിനും സംയുക്ത ബജറ്റിങ് ആപ്പുകൾ ഉപയോഗിക്കാം.