‘അവിടെ കുറഞ്ഞാലും ഇവിടെ കുറയില്ല’; പെട്രോൾ, ഡീസൽ തീരുവ കുറവ് സഹായിക്കുക എണ്ണക്കമ്പനികളെ
text_fieldsന്യൂഡൽഹി: രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും അധിക എക്സൈസ് തീരുവ കുറച്ചത് ചില്ലറ വിൽപ്പന വിലയിൽ പ്രതിഫലിക്കില്ല. എക്സൈസ് തീരുവ കുറക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് ഗുണം ലഭിക്കില്ല, ആഗോള ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ എണ്ണക്കമ്പനികൾക്കാണ് തീരുമാനം അനുകൂലമാകുക. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് വ്യാഴാഴ്ച പുറത്തിറക്കിയ സർക്കാർ ഉത്തരവ് പ്രകാരം പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ ലിറ്ററിന് 10 രൂപ വീതമാണ് കുറച്ചത്. ഇതോടെ ലിറ്ററിന് 13 രൂപയായിരുന്ന പെട്രോളിന്റെ അധിക എക്സൈസ് തീരുവ മൂന്ന് രൂപയായി കുറഞ്ഞു. ഡീസലിന് ലിറ്ററിന് 10 രൂപയായിരുന്ന അധിക എക്സൈസ് തീരുവ ഒഴിവാക്കുകയും ചെയ്തു.
തീരുമാനം ചില്ലറ വിൽപ്പന വില പെട്ടന്ന് വർധിപ്പിക്കാനുള്ള നീക്കം തടയും. എന്നാൽ, പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ ദീർഘകാലത്തേക്ക് ഇത് ആശ്വാസത്തിന് വക നൽകില്ല. പ്രത്യക്ഷത്തിൽ തീരുമാനം ഉപഭോക്തൃ സൗഹൃദമാണെന്ന് തോന്നുമെങ്കിലും സാധാരണക്കാർക്ക് തീരുമാനത്തിൽ പ്രത്യേകിച്ച് ഗുണം ലഭിക്കില്ല.
ആഗോള ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതോടെ ആഭ്യന്തര ഇന്ധന വിപണി കടുത്ത സമ്മർദ്ദത്തിലായിരുന്നു. പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ക്രൂഡ് ഓയിൽ ബാരലിന് വില 149 ഡോളറിനടുത്താണ്. ഇറാൻ-ഇസ്രായേൽ- യു.എസ് സംഘർഷം ആരംഭിച്ചതിന് ശേഷം ആഗോള എണ്ണവില കുത്തനെ ഉയർന്നിരുന്നു. ഇത് എണ്ണ വിപണന കമ്പനികളുടെ ചെലവ് വർധിപ്പിക്കുകയും ചെയ്തിരുന്നു. ചില്ലറ വിൽപ്പന വില കുറക്കുന്നിന് പകരം വർധിച്ചുവരുന്ന ചെലവുകളിൽനിന്ന് കമ്പനികളെ രക്ഷിക്കുക എന്നതാണ് തീരുവ കുറക്കലിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ നിലവിൽ പെട്രോൾ, ഡീസലിന്റെ വിലയിൽ മാറ്റമുണ്ടാകില്ല, വിലവർധനവ് തടയാനും സഹായിച്ചേക്കാം.
സ്വകാര്യ എണ്ണക്കമ്പനിയായ നയാര പെട്രോളിന്റെയും ഡീസലിന്റെയും വില കഴിഞ്ഞദിവസം വർധിപ്പിച്ചിരുന്നു. വില കൂട്ടാനുള്ള സർമ്മദ്ദം വർധിക്കുന്നുവെന്നതിന്റെ സൂചനയായിരുന്നു നയാരയുടെ വില വർധന. മറ്റു കമ്പനികളും വില വർധിപ്പിച്ചേക്കുമോ എന്ന ആശങ്കകൾക്കിടെയാണ് എക്സൈസ് തീരുവ വെട്ടിക്കുറച്ചുകൊണ്ടുള്ള തീരുമാനം.


