കാഷ് ഓൺ ഡെലിവറിക്ക് അധിക ഫീസ്, ഇ കൊമേഴ്സ് പ്ളാറ്റ്ഫോമുകൾക്കെതിരെ അന്വേഷണവുമായി ഉപഭോക്തൃകാര്യ മന്ത്രാലയം
text_fieldsന്യൂഡൽഹി: കാഷ് ഓൺ ഡെലിവറിക്ക് അധിക നിരക്ക് ഈടാക്കുന്ന ഇ കൊമേഴ്സ് പ്ളാറ്റ്ഫോമുകൾക്കെതിരെ നടപടിയുണ്ടാവുമെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി. വിഷയത്തിൽ ഉപഭോക്തൃ കാര്യ വകുപ്പിന് പരാതികൾ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
‘വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ പ്ലാറ്റ്‌ഫോമുകളുടെ ഇടപാടുകൾ സൂക്ഷ്മമായി പരിശോധിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. ഇന്ത്യയുടെ വളർന്നുവരുന്ന ഇ-കൊമേഴ്‌സ് മേഖലയിൽ സുതാര്യത ഉറപ്പാക്കാനും ന്യായമായ പ്രവണതകൾ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് ഉപഭോക്തൃ അവകാശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും,’ -ജോഷി പറഞ്ഞു.
ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ടിന്റെ വ്യക്തതയില്ലാത്ത നിരക്കുകൾ ചൂണ്ടിക്കാണിക്കുന്ന എക്‌സിലെ ഒരു പോസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു ജോഷി. ‘സൊമാറ്റോയുടെയും സ്വിഗ്ഗിയുടെയും സെപ്‌റ്റോയുടെയും മഴ ഫീസ് മറന്നേക്കുക, ഫ്ലിപ്കാർട്ടിന്റെ മാസ്റ്റർസ്ട്രോക്ക് കാണുക’ എന്നായിരുന്നു ഫ്ലിപ്കാർട്ടിന്റെ ബിൽ പങ്കിട്ടുകൊണ്ട് ഉപഭോക്താവിന്റെ കുറിപ്പ്.
ബില്ലിലെ വിവിധ ചാർജ്ജുകൾ സംബന്ധിച്ചും യുവാവ് ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. ഫ്ളിപ്കാർട്ട് ഓഫർ പരസ്യപ്പെടുത്തിയതിന് തന്നിൽ നിന്ന് ‘ഓഫർ കൈകാര്യം ചെയ്യൽ ഫീസ്’ ഈടാക്കുന്നതെന്തിനെന്ന് യുവാവ് ചോദിക്കുന്നു. പേയ്‌മെന്റ് കൈകാര്യം ചെയ്യൽ ഫീസ്- നിങ്ങൾക്ക് പണം നൽകാൻ എന്നെ അനുവദിച്ചതിന് ഞാൻ അധിക ഫീസ് നൽകണമോ? പ്രോമിസ് ഫീസ്-എന്തിൽ നിന്ന് സംരക്ഷിക്കാൻ ഉദ്ദേശിച്ചാണെന്നും യുവാവ് ചോദിക്കുന്നു. ഓഫർ ഹാൻഡ്‌ലിംഗ് ഫീസായി 99 രൂപയും പേയ്‌മെന്റ് ഹാൻഡ്‌ലിംഗ് ഫീസായി 48 രൂപയും പ്രൊട്ടക്റ്റ് പ്രോമിസ് ഫീസായി 79 രൂപയും ഈടാക്കിയതിന്റെ ബില്ലും കുറിപ്പിനൊപ്പം യുവാവ് പങ്കിട്ടിട്ടുണ്ട്. 24,999 രൂപ കിഴിവുള്ള ഉൽപ്പന്നത്തിന് ആകെ 226 രൂപയാണ് യുവാവിൽ നിന്ന് അധികമായി ഈടാക്കിയത്.
പോസ്റ്റ് വൈറലായതിന് പിന്നാലെ നിരവധിയാളുകൾ സമാനമായ അനുഭവങ്ങൾ കമന്റിൽ കുറിച്ചു. തുടർന്ന് ഇത് ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയായിരുന്നു.