ട്രംപിന്‍റെ ‘താരിഫ് യുദ്ധം’ തിരിച്ചടിയാകും; രാജ്യത്തെ വളര്‍ച്ചാ അനുമാനം വെട്ടിക്കുറച്ച് ആർ.ബി.ഐ
text_fieldsമുംബൈ: നടപ്പ് സാമ്പത്തിക വര്‍ഷത്തെ രാജ്യത്തെ വളര്‍ച്ചാ അനുമാനം വെട്ടിക്കുറച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2025-26 ഒന്നാം പാദത്തിൽ വളര്‍ച്ചാ അനുമാനം 6.7 ശതമാനത്തില്‍ നിന്ന് 6.5 ശതമാനമായാണ് വെട്ടിക്കുറച്ചത്. നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ പണനയ യോഗത്തിന് ശേഷം ആർ.ബി.ഐ ഗവർണർ സഞ്ജയ് മൽഹോത്രയാണ് ഇക്കാര്യം അറിയിച്ചത്.
രണ്ടാം പാദത്തിൽ 6.7 ശതമാനവും മൂന്നാം പാദത്തിൽ 6.6 ശതമാനവും നാലാ പാദത്തിൽ 6.3 ശതമാനവുമായിരിക്കും വളർച്ചാ നിരക്കിലുള്ള ആർ.ബി.ഐയുടെ പുതിയ അനുമാനം.
2025-26 സാമ്പത്തിക വർഷത്തിൽ രാജ്യം വളർച്ച നേടുമെന്നാണ് കഴിഞ്ഞ ഏപ്രിലിലെ പണനയ യോഗത്തിന് ശേഷം ആർ.ബി.ഐ പ്രഖ്യാപിച്ചിരുന്നത്. ഇതുപ്രകാരം രാജ്യത്തെ വളര്‍ച്ചാ അനുമാനം 6.6 ശതമാനത്തില്‍ നിന്ന് 6.7 ശതമാനത്തിലേക്ക് റിസർവ് ബാങ്ക് ഉയർത്തിയിരുന്നു.
യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തുടക്കം കുറിച്ച താരിഫ് യുദ്ധം ആഗോള സാമ്പത്തിക രംഗത്ത് അനിശ്ചിതത്വം വഴിവെച്ച സാഹചര്യത്തിലാണ് വളര്‍ച്ചാ അനുമാനത്തിൽ ആർ.ബി.ഐ മാറ്റം വരുത്തിയത്. അമേരിക്കൻ ഭരണകൂടം ഇന്ത്യക്കുമേൽ ചുമത്തിയ 25 ശതമാനം തീരുവ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ അടിസ്ഥാന നിരക്ക് കുറച്ച് വളർച്ചക്ക് അനുകൂല നിലപാട് സ്വീകരിക്കുക എന്ന നയമാണ് ആർ.ബി.ഐ സ്വീകരിച്ചത്.
രാജ്യത്തെ പണപ്പെരുപ്പം 4 ശതമാനത്തിന് താഴെ നിർത്തുക എന്ന ലക്ഷ്യവും കൈവരിച്ചിട്ടുണ്ട്. ഫെബ്രുവരിയിൽ 3.61 ശതമാനമായിരുന്നു പണപ്പെരുപ്പം.
അതിനിടെ, റിപ്പോ നിരക്കിലും റിസർവ് ബാങ്ക് 0.25 ശതമാനം കുറവ് വരുത്തിയിട്ടുണ്ട്. റിപ്പോ നിരക്ക് 6.25 ശതമാനത്തിൽ നിന്ന് 6 ശതമാനമായാണ് കുറച്ചത്. കഴിഞ്ഞ ഏപ്രിലിൽ റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ 0.25 ശതമാനം കുറവ് വരുത്തിയിരുന്നു.
റിപ്പോ ദശാബ്ദത്തിലെ ഉയർന്ന നിരക്കായ 6.5ൽ നിന്ന് 6.25 ശതമാനമായാണ് അന്ന് കുറഞ്ഞത്. അഞ്ച് വര്‍ഷത്തിനു ശേഷം ആദ്യമായാണ് കഴിഞ്ഞ ഏപ്രിലിൽ നിരക്ക് കുറക്കുന്നത്. 2020 മേയിലാണ് റിസർവ് ബാങ്ക് അവസാനമായി റിപ്പോ നിരക്ക് കുറച്ചത്. അതിനുശേഷം ഘട്ടം ഘട്ടമായി 6.50 ശതമാനം വരെ ഉയര്‍ത്തുകയായിരുന്നു.
റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാല വായ്പകൾക്ക് ചുമത്തുന്ന പലിശ നിരക്കാണ് റിപ്പോ. നിരക്ക് 6 ശതമാനത്തിലേക്ക് താഴ്ന്നതോടെ വായ്പ, നിക്ഷേപ പലിശ നിരക്ക് കുറയും. ഭവന, വാഹന, വിദ്യാഭ്യാസ, കാര്‍ഷിക, വ്യക്തിഗത വായ്പകളുടെയെല്ലാം പ്രതിമാസ തിരിച്ചടവ് തുകയില്‍ കാല്‍ ശതമാനത്തിന്‍റെ കൂടി കുറവുവരും.
വായ്പകളുടെ പലിശ ഭാരവും കുറയുകയെന്നത് ഇടത്തരക്കാർക്ക് നേട്ടമാണ്. വായ്പകളുടെ പ്രതിമാസ തിരിച്ചടവ് കുറയും എന്നതിനാൽ വായ്പാ ഇടപാടുകാർക്ക് ഓരോ മാസവും കൂടുതൽ തുക വരുമാനത്തിൽ മിച്ചം പിടിക്കാം. ഈ തുക മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കും.