ഐ.ടി.ഐ നിലവാരം ഉയർത്താൻ കേന്ദ്രസർക്കാർ റിലയൻസ്, അദാനി, മഹീന്ദ്ര കമ്പനികളുമായി കൈകോർക്കുന്നു
text_fieldsന്യൂഡൽഹി: യുവാക്കളുടെ തൊഴിൽ നൈപുണ്യം വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഐ.ടി.ഐകൾ ലോകനിലവാരത്തിലേക്ക് ഉയർത്താൻ കേന്ദ്രസർക്കാർ വമ്പൻ കമ്പനികളുമായി കൈകോർക്കുന്നു. കോർപ്പറേറ്റ് കമ്പനികളുമായി ചേർന്ന് 60,000 കോടിയുടെ പദ്ധതിയാണ് സർക്കാർ ഒരുക്കുന്നത്. 1000 ഐ.ടി.ഐകളെ ലോകോത്തര നിലവാരത്തിൽ വികസിപ്പിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.
ഇതിലൂടെ 20 ലക്ഷങ്ങൾ യുവാക്കളെ പരിശീലിപ്പിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ഇതുവരെ പദ്ധതിക്കായി 12 കമ്പനികൾ താൽപര്യം അറിയിച്ചിട്ടുണ്ട്. റിലയൻസ് ഗ്രൂപ്പ്, അദാനി ഗ്രൂപ്പ്, മഹീന്ദ്ര ഗ്രൂപ്പ്, ജെ.കെ സിമന്റ്, ജിൻഡാൽ ഗ്രൂപ്പ്, ടോയോട്ട ഇന്ത്യ, ഷിൻഡർ ഇലക്ട്രിക്, മിത്തൽ നിപ്പൺ സ്റ്റീൽ എന്നീ കമ്പനികളാണ് താൽപര്യം അറിയിച്ചവരിൽ പ്രമുഖർ.
ലാർസൻ&ടുബ്രോ, ബജാജ് ഓട്ടോ, ആദിത്യ ബിർള തുടങ്ങിയ ചില കമ്പനികളുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഭാരത് ഹെവി ഇലക്ട്രിക്കൽസ്, മാസഗോൾ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ്, ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് എന്നീ പൊതുമേഖല കമ്പനികളും പദ്ധതിയുടെ ഭാഗമാാവാനുള്ള സന്നദ്ധത അറിയിച്ചു.
പദ്ധതിപ്രകാരം പ്രധാനപ്പെട്ട ഐ.ടി.ഐകളിൽ ആധുനിക ട്രെയിനിങ് സംവിധാനങ്ങൾ നിലവിൽ വരും. ഇവർ ചെറു ഐ.ടി.ഐകൾക്ക് സഹായം നൽകും. ഇതുപ്രകാരം ജെ.കെ സിമൻൺറ് രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുമ്പോൾ റിലയൻസ് മഹാരാഷ്രട, ഗുജറാത്ത്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ പുതിയ നിർമാണ രീതികൾ, റീടെയിൽ, പെട്രോകെമിക്കൽ വ്യവസായം എന്നിവയിൽ പരിശീലനം നൽകും.
പദ്ധതി നടത്തുന്നതിനായി സ്കിൽ സെക്രട്ടറി രജിത് പുൻഹാനിയുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഈ സംഘത്തിൽ വിദ്യാഭ്യാസം, തൊഴിൽ, വാണിജ്യ വകുപ്പുകളുടെ പ്രതിനിധികളും സ്വകാര്യ കമ്പനികളുടെ വക്താക്കളും ഉൾപ്പെടുന്നുണ്ട്.