വാഹന വിപണിയെ ഉലച്ച് താരിഫ്; 3000 ജീവനക്കാരെ പിരിച്ചുവിടാൻ റിനോ
text_fieldsപാരീസ്: ഫ്രഞ്ച് കാർ നിർമാതാക്കളായ റിനോ നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. വിവിധ രാജ്യങ്ങളിലെ ഫിനാൻസ്, മാർക്കറ്റിങ്, മനുഷ്യ വിഭവശേഷി തുടങ്ങിയ വിഭാഗങ്ങളിൽ 3000 ലേറെ ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. ഫ്രഞ്ച് പത്രമായ ലഫോം ആണ് ഇതു സംബന്ധിച്ച് വാർത്ത പുറത്തുവിട്ടത്. നിലവിലുള്ള ജീവനക്കാരുടെ എണ്ണത്തിൽ 15 ശതമാനം കുറക്കാനാണ് പദ്ധതിയെന്ന് എ.എഫ്.പിയും റിപ്പോർട്ട് ചെയ്തു. റിപ്പോർട്ടുകളോട് റിനോ പ്രതികരിച്ചിട്ടില്ല. എത്ര ജീവനക്കാരെ കുറക്കണമെന്ന് നിശ്ചയിച്ചിട്ടില്ലെന്നും എന്നാൽ, ചെലവ് കുറക്കാൻ തീരുമാനിച്ചതായും റിനോ വ്യക്തമാക്കി.
യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് വർധന നിരവധി കാർ കമ്പനികൾക്ക് തിരിച്ചടിയായതിന് പിന്നാലെയാണ് റിനോയുടെ നീക്കം. യു.എസ് വിപണിയിൽ കാർ വിൽക്കാത്തതിനാൽ താരിഫ് വർധന കമ്പനിയെ നേരിട്ട് ബാധിക്കില്ല. എങ്കിലും, താരിഫ് വർധന ബാധിച്ച കമ്പനികൾ യു.എസ് വിപണിക്ക് പകരം സ്വന്തം തട്ടകമായ യൂറോപിലേക്ക് ശ്രദ്ധയൂന്നിയത് റിനോക്ക് വെല്ലുവിളിയാകുമെന്ന് റോയിട്ടേസ് റിപ്പോർട്ട് ചെയ്തു. ഇതിനു പുറമെ, ചൈനയുടെ ഇലക്ട്രിക്, ഹൈബ്രിഡ് കാർ കമ്പനികളിൽനിന്ന് കടുത്ത മത്സരവും നേരിടുന്നതാണ് റിനോയെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്.
കമ്പനി 70 ശതമാനം കാറുകളും യൂറോപ്യൻ വിപണിയിലാണ് വിൽക്കുന്നത്. 2027 ഓടെ ഇന്ത്യയടക്കമുള്ള വിപണിയിൽ 3.4 ബില്ല്യൻ ഡോളർ അതായത് 28,220 കോടി രൂപ നിക്ഷേപിച്ച് എട്ട് കാറുകൾ പുറത്തിറക്കാനാണ് റിനോയുടെ പദ്ധതി.