നിക്ഷേപിക്കും മുമ്പ് കമ്പനികളെ പഠിക്കുക
text_fieldsസെബി നിബന്ധനപ്രകാരം കമ്പനികൾ മൂന്നുമാസം കൂടുമ്പോൾ പുറത്തുവിടുന്ന പാദവാർഷിക ഫലം നിക്ഷേപകർ ശ്രദ്ധയോടെ നിരീക്ഷിക്കേണ്ടതാണ്. വരുമാനത്തിലും ലാഭത്തിലും വളർച്ചയുണ്ടോ? കടവും നീക്കിയിരിപ്പും കൂടിയോ അതോ കുറഞ്ഞോ? ബിസിനസ് വഴി കമ്പനിയിലേക്ക് യഥേഷ്ടം പണം എത്തുന്നുണ്ടോ? തുടങ്ങിയ നിർണായക വിവരങ്ങൾ ലഭിക്കുന്നത് ഈ റിപ്പോർട്ടിൽനിന്നാണ്.
കമ്പനിയുടെ വെബ്സൈറ്റിൽനിന്നും https://www.bseindia.com/ എന്ന വെബ്സൈറ്റിൽനിന്നും ഈ വിവരങ്ങൾ ലഭിക്കും. വെബ്സൈറ്റിൽ വന്ന് ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തിൽ screener.in എന്ന വെബ്സൈറ്റിലും മറ്റു വിവിധ സ്ക്രീനർ ആപ്പുകളിലും ആർക്കും എളുപ്പത്തിൽ മനസ്സിലാകുന്ന വിധത്തിൽ വിവരങ്ങൾ ലഭ്യമാകും.
പി.ഇ, ഡെബ്റ്റ് ഇക്വിറ്റി, ഇന്ററസ്റ്റ് കവറേജ്, ഡെബ്റ്റ് ടു വർക്കിങ് കാപിറ്റൽ, റിട്ടേൺ ഓൺ ഇക്വിറ്റി, റിട്ടേൺ ഓൺ കാപിറ്റൽ എംപ്ലോയ്ഡ്, ഒ.പി.എം മാർജിൻ, ഇ.പി.എസ്, ഡെബ്റ്റർ ഡേയ്സ്, പെയബിൾ ഡേയ്സ്, ഇൻവെന്ററി ഡേയ്സ് തുടങ്ങിയ വിവിധ അനുപാതങ്ങളും വിവരങ്ങളും മനസ്സിലാക്കേണ്ടതുണ്ട്.
അത്രയൊന്നും ശേഷിയും ധാരണയും ഇല്ലാത്ത, ആരുടെയെങ്കിലും ഉപദേശം സ്വീകരിച്ച് നിക്ഷേപിക്കുന്ന സാധാരണക്കാരിൽ സാധാരണക്കാരായ നിക്ഷേപകർക്ക് ഒരുപക്ഷേ അതിന് കഴിഞ്ഞെന്ന് വരില്ല. എന്നാൽ, ഓഹരി വാങ്ങിവെച്ചിട്ടുള്ള കമ്പനികളുടെ വിൽപനയും ലാഭവും കടവും നീക്കിയിരിപ്പും അടക്കമുള്ള അടിസ്ഥാന വിവരങ്ങൾ അവരും നിരീക്ഷിച്ചേ മതിയാകൂ. അതുപോലും കഴിയാത്തവർക്ക് പറഞ്ഞിട്ടുള്ളതല്ല ഓഹരി നിക്ഷേപം.
മോശം ഫലം സാധാരണ നിലയിൽ ഓഹരി വില ഇടിയാൻ കാരണമാകും. അതുപോലെ ബ്ലോക്ക്ബസ്റ്റർ ഫലം പുറത്തുവിട്ട കമ്പനികളുടെ ഓഹരി വില കുതിക്കാനും സാധ്യത ഏറെയാണ്. സാധ്യത എന്ന് പറയാൻ കാരണം ചിലപ്പോൾ നല്ല ഫലം വന്നാലും ഓഹരി വില കയറാത്ത സാഹചര്യമുണ്ട്. പ്രത്യക്ഷത്തിൽ നല്ലതാണെങ്കിലും വിപണിയുടെ പ്രതീക്ഷക്കൊത്ത് ഉയരാത്തതുകൊണ്ടാകും അത്.
അതുപോലെ മോശം ഫലം വന്നിട്ടും വില ഇടിയാത്തത് വിപണി പ്രതീക്ഷിച്ച അത്ര മോശം ആവാത്തതുകൊണ്ടാകും. വിപണി നേരത്തെ മനസ്സിലാക്കിയതുകൊണ്ട് ചിലപ്പോൾ ഫലം പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ ഓഹരി വില കുതിച്ചുകയറാറുണ്ട്. അത്തരം സാഹചര്യത്തിൽ ഫലം വന്നതിന് ശേഷം കാര്യമായ മുന്നേറ്റം ഇല്ലാതിരിക്കുന്നതും ചിലപ്പോൾ വില ഇടിയുന്നതും കാണാറുണ്ട്.
ഓഹരി വിലയെ സ്വാധീനിക്കുന്ന ഒരേയൊരു ഘടകം പാദവാർഷിക ഫലം അല്ല എന്ന് ഓർക്കണം. പലപ്പോഴും വിലയെ സ്വാധീനിക്കുന്നത് സപ്പോർട്ട്, റെസിസ്റ്റൻസ് പോയന്റുകളാണ്. അതുകൊണ്ടുതന്നെ സാങ്കേതിക വിശകലനം (ടെക്നിക്കൽ അനാലിസിസ്) സംബന്ധിച്ച് ധാരണയുണ്ടാകണം.
പാദഫലത്തോടൊപ്പമുള്ള മാനേജ്മെന്റിന്റെ കമന്റ് നിർണായകമാണ്. ഭാവി പദ്ധതികൾ, സാധ്യതകൾ, കഴിഞ്ഞ പാദ ഫലം ഇങ്ങനെയാകാനുള്ള കാരണം തുടങ്ങിയവ സംബന്ധിച്ച് മാനേജ്മെന്റിന് പറയാനുള്ളത് നിക്ഷേപകരെ സ്വാധീനിക്കും. ആഗോളതലത്തിലെയും രാജ്യത്തിനകത്തെയും രാഷ്ട്രീയ, സാമ്പത്തിക സാഹചര്യങ്ങൾ, സർക്കാർ നയം, ബിസിനസ് അന്തരീക്ഷം, വെല്ലുവിളികൾ, മത്സരം, അസംസ്കൃത വസ്തുക്കളുടെ വില, മാനേജ്മെന്റിലെ മാറ്റം തുടങ്ങി നിരവധി ഘടകങ്ങളുണ്ട്.
ഇതെല്ലാം കമ്പനികളുടെ പ്രകടനത്തെ സ്വാധീനിക്കും എന്നതാണ് കാര്യം. ഇത് പ്രകടമാവുക പാദവാർഷിക ഫലങ്ങളിലാണ്. അതുകൊണ്ടുതന്നെ പാദവാർഷിക ഫലം നിരീക്ഷിക്കാതെ നിക്ഷേപകന് നല്ല നിലയിൽ മുന്നോട്ടുപോകാനാവില്ല.