സ്വർണ വില കൂടിയപ്പോൾ നിക്ഷേപകന് ഇരട്ടി ലാഭം; സർക്കാറിന് നഷ്ടം ഒരു ലക്ഷം കോടി
text_fieldsമുംബൈ: ലോകത്ത് സ്വർണത്തിന്റെ ഏറ്റവും വലിയ രണ്ടാമത്തെ ഉപഭോക്താവാണ് ഇന്ത്യ. ഇറക്കുമതിയിലൂടെയാണ് സ്വർണം ഇന്ത്യക്ക് ലഭിക്കുന്നത്. സ്വർണം ഇറക്കുമതി ചെയ്യുന്നത് കുറക്കുകയെന്ന ലക്ഷ്യമിട്ട് തുടങ്ങിയ വൻ പദ്ധതി കേന്ദ്ര സർക്കാറിന് തിരിച്ചടിയായിരിക്കുകയാണ്. സോവറിൻ ഗോൾഡ് ബോണ്ടാണ് (സ്വർണ കടപ്പത്രങ്ങൾ-എസ്.ജി.ബികൾ) കനത്ത നഷ്ടമുണ്ടാക്കിയിരിക്കുന്നത്.
വർഷങ്ങൾക്ക് മുമ്പ് കുറഞ്ഞ വിലയ്ക്ക് വാങ്ങിയ എസ്.ജി.ബികൾ കാലാവധി കഴിഞ്ഞ് നിക്ഷേപകർ തിരിച്ചുനൽകിയപ്പോൾ വൻ തുക ലാഭം നൽകേണ്ടി വന്നതോടെയാണ് സർക്കാറിന് സാമ്പത്തിക നഷ്ടം നേരിട്ടത്.
93,284 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്. നിക്ഷേപകന് നൽകേണ്ട 2.5 ശതമാനം പലിശകൂടി കണക്കാക്കിയാൽ നഷ്ടം ഒരു ലക്ഷം കോടി രൂപ കവിയും. 2017-18 സീരീസ് ഗോൾഡ് ബോണ്ടുകളുടെ കാലാവധി കഴിഞ്ഞപ്പോൾ നിക്ഷേപകർക്ക് ഗ്രാമിന് 12,704 രൂപ എന്ന തോതിലാണ് പണം തിരികെ നൽകിയത്.
2015 നവംബറിലാണ് സർക്കാർ എസ്.ജി.ബികൾ വിതരണം ചെയ്തു തുടങ്ങിയത്. അന്ന് 10 ഗ്രാം സ്വർണത്തിന് 25,000 രൂപ മാത്രമാണുണ്ടായിരുന്നത്. ഇന്ന് 10 ഗ്രാം സ്വർണത്തിന്റെ വില 1.29 ലക്ഷം രൂപയായി ഉയർന്നു. ഈ വർഷം ഒക്ടോബർ 23 വരെയുള്ള കണക്ക് പ്രകാരം 125.3 ടൺ സ്വർണത്തിന്റെ നിക്ഷേപമാണ് എസ്.ജി.ബികളിലുള്ളത്. 65,284 കോടി രൂപയാണ് എസ്.ജി.ബികളിലൂടെ സർക്കാർ നിക്ഷേപകരിൽനിന്ന് സ്വീകരിച്ചത്. എന്നാൽ, ഗ്രാമിന് 12,704 എന്ന ഇന്നത്തെ വില കണക്കാക്കിയാൽ കാലാവധി കഴിയുമ്പോൾ നിക്ഷേപകന് 1.59 ലക്ഷം കോടി രൂപ നൽകണം. അതായത് സർക്കാറിന് 93,284 കോടി രൂപയുടെ അധിക ചെലവ് വരും.
അതേസമയം, വൻ ലാഭമാണ് നിക്ഷേപകന് ഗോൾഡ് ബോണ്ട് നൽകിയത്. 2017-18 സീരീസ് എസ്.ജി.ബികൾ എട്ട് വർഷത്തിനുള്ളിൽ 325 ശതമാനം ലാഭം നൽകി. 2018-19 സീരീസ് ബോണ്ടുകൾ 300 ശതമാനവും 2019-20 സീരീസ് ബോണ്ടുകൾ 200 ശതമാനവും റിട്ടേൺ സമ്മാനിച്ചു.
സർക്കാറിനുവേണ്ടി റിസർവ് ബാങ്ക് (ആർ.ബി.ഐ) നൽകുന്ന നിക്ഷേപ പദ്ധതിയാണ് സോവറിൻ ഗോൾഡ് ബോണ്ടുകൾ (എസ്.ജി.ബികൾ). ഭൗതിക രൂപത്തിൽ സ്വർണം വാങ്ങാതെ തന്നെ സ്വർണത്തിൽ നിക്ഷേപിക്കാൻ അവസരം നൽകുന്നുവെന്നതാണ് എസ്.ജി.ബികളുടെ പ്രത്യേകത. ഒരു ഗ്രാം സ്വർണത്തിന്റെ വിലയ്ക്കാണ് എസ്.ജി.ബികൾ നിക്ഷേപം തുടങ്ങുന്നത്. ഏട്ട് വർഷത്തെ നിക്ഷേപ കാലാവധി കഴിയുമ്പോൾ സ്വർണത്തിന്റെ ഏറ്റവും അവസാനത്തെ വിലയിലായിരിക്കും നിക്ഷേപകർക്ക് തിരികെ ലഭിക്കുക. ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിൽനിന്ന് വ്യത്യസ്തമായി എസ്.ജി.ബികൾ ഭൗതിക രൂപത്തിലുള്ള സ്വർണം വാങ്ങി സൂക്ഷിക്കാറില്ല.


