Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightകുരുമുളക് വിപണിയിൽ...

കുരുമുളക് വിപണിയിൽ ആവേശം; കൊപ്ര, തേങ്ങ മുന്നോട്ട്

text_fields
bookmark_border
pepper
cancel

കുരുമുളക്‌ കർഷകരെ ആവേശം കൊള്ളിച്ച്‌ ഉൽപന്ന വില മുന്നേറുന്നു. കാർഷിക മേഖല ചരക്കുനീക്കം നിയന്ത്രിച്ചത്‌ വിപണി ചൂടുപിടിക്കാൻ അവസരമൊരുക്കി. ഹൈറേഞ്ചിൽ നിന്നും മറ്റ്‌ ഭാഗങ്ങളിൽ നിന്നുമുള്ള മുളക്‌ നീക്കത്തിലെ കുറവ്‌ വാങ്ങലുകാരെ സമ്മർദത്തിലാക്കി. കാലാവസ്ഥ വ്യതിയാനം മൂലം വിളവെടുപ്പ്‌ പതിവിലും വൈകാനുള്ള സാധ്യതകൾ മുന്നിൽക്കണ്ടാണ്‌ കർഷകർ വിൽപന കുറച്ചത്‌. വിപണി സ്‌റ്റോക്കിസ്‌റ്റുകളുടെ നിയന്ത്രണത്തിലേക്ക്‌ വഴുതുമെന്ന പ്രതീക്ഷയും ഉൽപാദന മേഖലയിൽ പരന്നത്‌ ചരക്ക്‌ റീലിസിങ്ങിൽ നിന്ന് വിട്ടുനിൽക്കാൻ ചെറുകിട കർഷകരെ പ്രേരിപ്പിച്ചു. പിന്നിട്ടവാരം കുരുമുളക്‌ വില ക്വിൻറലിന്‌ 1000 രൂപ ഉയർന്ന്‌ അൺ ഗാർബിൾഡ്‌ 64,700 രൂപയിൽ വ്യാപാരം നടന്നു.

രാജ്യാന്തര വിപണിയിൽ ഇതര ഉൽപാദന രാജ്യങ്ങളും വിൽപനത്തോത്‌ കുറച്ചു. ഓഫ്‌ സീസൺ കാലയളവായതിനാൽ താഴ്‌ന്ന വിലക്ക്‌ കയറ്റുമതി രാജ്യങ്ങൾ താൽപര്യം കാണിക്കുന്നില്ല. വിയറ്റ്‌നാമിൽ മുളകിന്റെ ലഭ്യത ഉറപ്പുവരുത്താൻ നിരക്ക്‌ അടിക്കടി വർധിപ്പിച്ചു. എന്നിട്ടും വിൽപനക്കാരില്ല.

********

നാളികേര വിളവെടുപ്പ്‌ പല ഭാഗങ്ങളിലും തുടങ്ങി. റെക്കോഡ്‌ പ്രകടനം കാഴ്‌ചവെച്ച്‌ കൊപ്രയും പച്ചത്തേങ്ങയും മുന്നേറുന്നതിനാൽ പരമാവധി നേരത്തെ വിളവെടുപ്പിന്‌ ഉൽപാദകർ ഉത്സാഹിക്കുന്നുണ്ട്‌. മധ്യകേരളത്തിന്റെ ചില ഭാഗങ്ങളിലും മലബാർ മേഖലയിലും ചെറിയതോതിൽ തുടങ്ങിയ വിളവെടുപ്പ്‌ മാസമധ്യം പിന്നിടുന്നതോടെ ഊർജിതമാകും. പുതിയ പച്ചത്തേങ്ങ ശേഖരിക്കാനുള്ള തയാറെടുപ്പിലാണ്‌ ചെറുകിട മില്ലുകാർ. കേരളത്തിലും തമിഴ്‌നാട്ടിലും കൊപ്ര ഒരേ നിരക്കിലാണ്‌ വിപണനം നടക്കുന്നത്‌. കാങ്കയത്തെ മില്ലുകാർ കൊപ്ര ക്ഷാമത്തിന്റെ പിടിയിലാണ്‌. മാർച്ചിൽ അവിടെ വിളവെടുപ്പ്‌ തുടങ്ങുമെന്ന കണക്കുകൂട്ടലിലാണ്‌ വ്യവസായികൾ. തമിഴ്‌നാട്‌ അതിർത്തി ജില്ലകളിൽ നിന്നുള്ള പച്ചത്തേങ്ങക്കായി അവർ ഏജൻറുമാരെ ഇതിനകം തന്നെ കേരളത്തിൽ ഇറക്കിയിട്ടുണ്ട്‌.

********

താപനില ഉയർന്നതോടെ ഏലത്തോട്ടങ്ങളിൽ ഭൂമി വരണ്ടുണങ്ങുന്നു. ഹൈറേഞ്ച്‌ മേഖലയിലെ പല തോട്ടങ്ങളിലും ഉൽപാദനം ചുരുങ്ങുന്നത്‌ കണക്കിലെടുത്താൽ അടുത്ത മാസം കർഷകർ വിളവെടുപ്പിൽ നിന്ന് പിന്മാറേണ്ടി വരും. പുതിയ സാഹചര്യത്തിൽ മുന്നിലുള്ള മാസങ്ങളിൽ പുതിയ ഏലക്കയുടെ വരവ്‌ ചുരുങ്ങുമെന്ന്‌ വ്യക്തമായതോടെ കയറ്റുമതിക്കാരും ആഭ്യന്തര വാങ്ങലുകാരും ലേലത്തിൽ സജീവമായി. ശരാശരി ഇനങ്ങൾ കിലോ 3100 രൂപയായും വലുപ്പം കൂടിയ ഇനങ്ങൾ 4500 രൂപ വരെയും ഉയർന്ന്‌ കൈമാറ്റം നടന്നു.

********

ഏഷ്യൻ റബർ വിപണികളിൽ വീണ്ടും ഉണർവ്‌. യെന്നിന്റെ വിനിമയ മൂല്യം ആഗസ്‌റ്റിന്‌ ശേഷമുള്ള ഏറ്റവും ദുർബലാവസ്ഥയിൽ അകപ്പെട്ടതുകണ്ട്‌ വിദേശ നിക്ഷേപകർ റബറിലേക്ക്‌ ശ്രദ്ധതിരിച്ചു. വിദേശ ഇടപാടുകാരെ സംബന്ധിച്ച്‌ നാണയത്തിന്റെ മൂല്യം ഇടിയുന്ന സന്ദർഭങ്ങളിൽ ഉൽപന്നങ്ങളിൽ പിടിമുറുക്കുന്നതാണ്‌ ലാഭകരം. ജപ്പാൻ ഒസാക്ക എക്‌സ്ചേഞ്ചിലെ ഉണർവ്‌ സിംഗപ്പൂർ, ചൈനീസ്‌ മാർക്കറ്റിനും കരുത്ത്‌ സമ്മാനിച്ചു. ഇതിനിടയിൽ പ്രമുഖ കയറ്റുമതി വിപണിയായ ബാങ്കോക്കിൽ റബർ മൂന്നാം ഗ്രേഡ്‌ 18,919 രൂപയിൽ നിന്നും വാരാന്ത്യം 19,785 രൂപയായി ഉയർന്നു.

രാത്രി തണുപ്പിന്‌ കാഠിന്യം കൂടിയതോടെ റബർ മരങ്ങളിൽ നിന്നുള്ള പാൽ ലഭ്യത ഉയരുമെന്ന നിഗമനത്തിലായിരുന്നു ഉൽപാദകർ. എന്നാൽ, അപ്രതീക്ഷിതമായി പകൽ ചൂടിന്‌ കാഠിന്യമേറിയത്‌ മരങ്ങളിൽ നിന്നുള്ള യീൽഡ്‌ കുറഞ്ഞത്‌ കാർഷിക മേഖലക്ക്‌ കനത്ത പ്രഹരമായി. കൊച്ചിയിൽ ആർ.എസ്‌.എസ്‌ നാലാം ഗ്രേഡ്‌ ഷീറ്റ്‌ 18,800 രൂപയിൽ നിന്നും 19,100 രൂപയായി.

********

കേരളത്തിലും കർണാടകത്തിലും കാപ്പി വിളവെടുപ്പ്‌ പുരോഗമിക്കുന്നു. മുഖ്യ ഉൽപാദന മേഖലയായ വയനാട്ടിലെ തോട്ടങ്ങളിൽ വിളവ്‌ പ്രതീക്ഷിച്ചതോതിൽ ഉയർന്നില്ലെന്നാണ്‌ കർഷകരിൽ നിന്നുള്ള ആദ്യ വിലയിരുത്തൽ. സീസൺ ആരംഭത്തിലെ മഴ കാപ്പിപ്പൂക്കൾ കൊഴിഞ്ഞുവീഴാൻ ഇടയാക്കിയതാണ് മൊത്തം ഉൽപാദനം കുറയാൻ മുഖ്യകാരണം. പിന്നീട്‌ കാലാവസ്ഥ പല അവസരത്തിലും മാറിമറിഞ്ഞതും വിളയെ ബാധിച്ചു. കാപ്പി വിപണിയുടെ ചരിത്രത്തിൽത്തന്നെ ആദ്യമായാണ്‌ വിളവെടുപ്പ്‌ വേളയിൽ ഉൽപന്നം റെക്കോഡ്‌ വിലയിൽ കൈമാറ്റം നടക്കുന്നത്‌. വയനാട്ടിൽ ഉണ്ടക്കാപ്പി 54 കിലോ 12,200 രൂപയിലും കാപ്പിപ്പരിപ്പ്‌ വില കിലോ 410 രൂപയിലുമാണ്‌. കട്ടപ്പനയിൽ റോബസ്‌റ്റ്‌ കാപ്പി 225 രൂപയിലും കാപ്പിപ്പരിപ്പ്‌ 415 രൂപയിലുമാണ്‌.

********

കേരളത്തിൽ സ്വർണ വില വർധിച്ചു. പവന്‌ 57,720 രൂപയിൽ നിന്നും 58,520 ലേക്ക്‌ ഉയർന്നു. ന്യൂയോർക് എക്‌സ്‌ചേഞ്ചിൽ സ്വർണം ട്രോയ്‌ ഔൺസിന്‌ 2638 ഡോളറിൽനിന്നും 2690 ഡോളറായി.

Show Full Article
TAGS:Business News Market price 
News Summary - Rising market price of pepper
Next Story