Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightപുരപ്പുറത്തെ സോളാർ...

പുരപ്പുറത്തെ സോളാർ കറന്‍റ് ബില്ല് കുറയ്ക്കാൻ മാത്രമല്ല; അറിയാം ഈ അഞ്ച് നേട്ടങ്ങൾ

text_fields
bookmark_border
പുരപ്പുറത്തെ സോളാർ കറന്‍റ് ബില്ല് കുറയ്ക്കാൻ മാത്രമല്ല; അറിയാം ഈ അഞ്ച് നേട്ടങ്ങൾ
cancel

മാസാമാസം ലഭിക്കുന്ന കറന്‍റ് ബില്ലിലെ തുക കുറയ്ക്കുന്നതിനപ്പുറം ഇന്ത്യൻ വീടുകൾക്ക് ഒരു ദീർഘകാല സാമ്പത്തിക നിക്ഷേപമായി മേൽക്കൂര സോളാറുകൾ മാറുകയാണ്. സർക്കാറിൽ നിന്നുള്ള സബ്‌സിഡികൾ, നെറ്റ് മീറ്ററിങ് നേട്ടങ്ങൾ, വൈദ്യുതി നിരക്ക് വർധനവിൽ നിന്നുള്ള സംരക്ഷണം, വീടുകളുടെ മൂല്യവർധനവ്, മുറികൾക്കുള്ളിലെ ചൂട് കുറയ്ക്കുന്നതിലൂടെ ലഭിക്കുന്ന ലാഭം എന്നിവയൊക്കെ ഇതിൽ ഉൾപ്പെടുന്നു.

കൂടുതൽ ആളുകളും മേൽക്കൂര സോളാറിനെക്കുറിച്ച് ചിന്തിക്കുന്നത് കറന്‍റ് ബില്ല് കുറയ്കാം എന്നതുകൊണ്ടു മാത്രമാണ്. എന്നാൽ, പ്രതിമാസ വൈദ്യുതി ബില്ലിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഒരു വീട് വാങ്ങി അതിന്‍റെ മുൻവാതിലിന് മാത്രം മൂല്യം നൽകുന്നത് പോലെയാണ്. ഇതിനുപിന്നിൽ അതിലും വലിയൊരു സാമ്പത്തിക ചിത്രമുണ്ട്. ഒരു മേൽക്കൂര സോളാർ സിസ്റ്റം എന്നത് വെറുമൊരു വൈദ്യുതി ഉൽപ്പാദനോപാധി മാത്രമല്ല, മറിച്ച് ഒരു ദീർഘകാല നിക്ഷേപമാണെന്ന് ഈ രംഗത്തെ വിദഗ്ദർ പറയുന്നു.

പ്രധാനമന്ത്രി സൂര്യഘർ യോജന പ്രകാരം, യോഗ്യരായ വീടുടമകൾക്ക് മേൽക്കൂര സോളാർ സ്ഥാപിക്കാൻ ₹78,000 വരെ സബ്‌സിഡി ലഭിക്കും. ഗ്രൂപ്പ് ഹൗസിങ് സൊസൈറ്റികൾക്കും റെസിഡന്‍റ് വെൽഫെയർ അസോസിയേഷനുകൾക്കും പൊതുവായ സോളാർ സംവിധാനങ്ങൾക്കായി പ്രത്യേകം സഹായവും ലഭിക്കും. കൂടാതെ, വിവിധ സംസ്ഥാന സർക്കാറുകളും അവരുടെ പുനരുപയോഗ ഊർജ ഏജൻസികൾ വഴിയും വിതരണ കമ്പനികൾ വഴിയും അധിക ആനുകൂല്യങ്ങൾ നൽകുന്നുണ്ട്.

ബിസിനസുകളെ സംബന്ധിച്ചിടത്തോളം, നികുതി ആനുകൂല്യങ്ങളിലൂടെ സോളാർ വലിയ സാമ്പത്തിക ലാഭമാണ് നൽകുന്നത്. ആദായനികുതി നിയമപ്രകാരം വാണിജ്യ-വ്യവസായ ഉപഭോക്താക്കൾക്ക് ആദ്യ വർഷത്തിൽ തന്നെ 40% വരെ 'ആക്സിലറേറ്റഡ് ഡിപ്രീസിയേഷൻ' അവകാശപ്പെടാം. ഇത് വഴി നികുതി നൽകേണ്ട വരുമാനത്തിൽ കുറവുണ്ടാവുകയും നിക്ഷേപ തുക വേഗത്തിൽ തിരിച്ചുകിട്ടുകയും ചെയ്യും.

പകൽ സമയത്ത് വീടുകളിൽ ഉത്പാദിപ്പിക്കുന്ന അധിക വൈദ്യുതി ഗ്രിഡിലേക്ക് തിരികെ നൽകാൻ സഹായിക്കുന്ന നെറ്റ് മീറ്ററിങ് സംവിധാനമാണ് മറ്റൊരു പ്രധാന നേട്ടം. ഇങ്ങനെ നൽകുന്ന അധിക വൈദ്യുതിക്ക് ലഭിക്കുന്ന പോയിന്റുകൾ (ക്രെഡിറ്റുകൾ) ഉപയോഗിച്ച് പിന്നീട് ഉപയോഗിക്കുന്ന വൈദ്യുതിയുടെ പണം കുറയ്ക്കാനും, അതുവഴി വർഷാവർഷമുള്ള കറന്‍റ് ബില്ലിൽ വലിയ ലാഭമുണ്ടാക്കാനും സാധിക്കും.

മേൽക്കൂര സോളാറിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഒരു നേട്ടം, നിങ്ങളുടെ വീടിനെ കേവലം ഒരു വൈദ്യുതി ഉപഭോക്താവ് എന്നതിൽ നിന്ന് 'പ്രൊസ്യൂമർ' (Prosumer - ഉത്പാദകനും ഉപഭോക്താവും ചേർന്ന അവസ്ഥ) ആക്കി മാറ്റുന്നു എന്നതാണെന്ന് ഈ രംഗത്തെ വിദഗ്ദൻ പറയുന്നു. വൈദ്യുതി നിരക്കുകൾ അടിക്കടി ഉയരുന്നതിൽ നിന്നുള്ള ഒരു സുരക്ഷാ കവചം കൂടിയാണ് സോളാർ പാനലുകൾ. ഇന്ധന വിലവർധനവ്, അടിസ്ഥാനസൗകര്യ നിക്ഷേപങ്ങൾ, ഭാവിയിൽ ഉണ്ടാകാൻ പോകുന്ന കറന്‍റ് ഉപയോഗത്തിന്‍റെ വർധനവ് എന്നിവ കാരണം വൈദ്യുതി നിരക്കുകൾ കൂടാൻ സാധ്യതയുണ്ട്. എന്നാൽ സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുന്നതിലൂടെ ഭാവിയിലെ ചെലവുകളിൽ കൃത്യത കൊണ്ടുവരാൻ വീടുടമകൾക്ക് കഴിയും. സോളാർ പാനലുകൾക്ക് 25 വർഷമോ അതിൽ കൂടുതലോ ആയുസ് ഉള്ളതിനാൽ, അടിക്കടി മാറുന്ന കറന്‍റ് നിരക്കുകളിൽ നിന്ന് അവ ദീർഘകാല സംരക്ഷണം നൽകുന്നു. സ്വന്തമായി വൈദ്യുതി നിർമിക്കുന്നതിന്റെ ഏറ്റവും വലിയ മേന്മകളിലൊന്ന് ദീർഘകാലത്തേക്ക് ഇത്തരം ചെലവുകളിൽ ഉറപ്പുണ്ടാക്കാൻ സാധിക്കുന്നു എന്നതാണ്.

ഊർജ ലാഭത്തിന് പുറമേ, വീടിന്‍റെ പുനർവിൽപ്പന മൂല്യം വർധിപ്പിക്കാനും മേൽക്കൂര സോളാറുകൾ സഹായിക്കും. കുറഞ്ഞ പ്രവർത്തനച്ചെലവ്, ഗ്രിഡ് വൈദ്യുതിയെ മാത്രം ആശ്രയിക്കുന്നത് കുറയ്ക്കൽ, നിരക്ക് വർധനവിൽ നിന്നുള്ള സംരക്ഷണം എന്നിവയുള്ളതിനാൽ ഭാവിയിലേക്ക് സജ്ജമായ വസ്തുവായി സോളാറുള്ള വീടുകളെ വാങ്ങാൻ വരുന്നവർ കാണുന്നു. സോളാർ പാനലുകൾ വീടിന് നേരിട്ട് തണൽ നൽകുന്നതിനാൽ കെട്ടിടത്തിനുള്ളിലെ ചൂട് കുറയുകയും, എയർ കണ്ടീഷണറുകളുടെ ഉപയോഗം കുറഞ്ഞ് ആ ഇനത്തിലും ചെലവ് കുറയുകയും ചെയ്യും. ഇതിനൊപ്പം ബാറ്ററി സ്റ്റോറേജ് കൂടി ഉപയോഗിക്കുകയാണെങ്കിൽ, കറന്‍റ് പോകുന്ന സമയങ്ങളിൽ പവർ ബാക്കപ്പായി ഉപയോഗിക്കാനും ഡീസൽ ജനറേറ്ററുകളെ ആശ്രയിക്കുന്നത് ഒഴിവാക്കാനും സാധിക്കും.

Show Full Article
TAGS:roof top solar Business News solar electricity bill 
News Summary - roof top solar benefit
Next Story