റബർ വിപണി സമ്മർദത്തിൽ
text_fieldsരാജ്യാന്തര റബർ മാർക്കറ്റിൽ ചൈനീസ് ടയർ വ്യവസായികളുടെ സാന്നിധ്യം കുറഞ്ഞത് അവധി വ്യാപാരത്തിൽനിന്ന് നിക്ഷേപകരെ പിന്നാക്കം വലിക്കുന്നു. പ്രമുഖ റബർ ഉൽപാദന രാജ്യങ്ങളിൽ ഓഫ് സീസണെങ്കിലും ഉൽപന്ന വില ഉയരാനുള്ള സാധ്യതകൾക്ക് ഇത് തിരിച്ചടിയായി. അമേരിക്കൻ വ്യാപാര യുദ്ധമാണ് റബർ കർഷകരുടെ തലക്ക് മുകളിൽ വാളായി മാറിയത്. വാരാന്ത്യം അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് സംഭവിച്ച തിരിച്ചടി കണക്കിലെടുത്താൽ കൃത്രിമ റബർവിലയും കുറയാനുള്ള സാധ്യത വിപണിയെ കൂടുതൽ സമ്മർദത്തിലാക്കാം.
തായ്‌ലൻഡ്, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ മുൻനിര റബർ ഉൽപാദന രാജ്യങ്ങളിൽ മുന്നിലുള്ള മൂന്ന് മാസങ്ങളിൽ റബർവെട്ട് നാമമാത്രമായിരിക്കും. മുഖ്യ കയറ്റുമതി വിപണിയായ ബാങ്കോക്കിൽ ഷീറ്റ് വരവ് ചുരുങ്ങിയത് അവസരമാക്കി നിരക്ക് ഉയർത്താൻ കയറ്റുമതി സമൂഹം കിണഞ്ഞ് ശ്രമിക്കുന്നുണ്ടെങ്കിലും വിപണിയുടെ പ്രതീക്ഷക്കൊ ത്ത് വ്യവസായിക ഡിമാൻഡ് ഉയരാഞ്ഞത് രാജ്യാന്തര തലത്തിൽ റബറിനെ ബാധിച്ചു.
സംസ്ഥാനത്ത് നാലാം ഗ്രേഡ് റബർ കിലോ 193 രൂപയിലും അഞ്ചാം ഗ്രേഡ് 190ലും വിപണനം നടന്നു. വേനൽ കനത്തതോടെ ഒട്ടുമിക്ക ഭാഗങ്ങളിലും ടാപ്പിങ് സ്തംഭിച്ചതിനാൽ വരും മാസങ്ങളിൽ വിപണിയിലെ ഷീറ്റ് ക്ഷാമം രൂക്ഷമാകും. ഉത്തരേന്ത്യയിൽനിന്നുള്ള ചെറുകിട വ്യവസായികൾ വിപണികളിൽ തമ്പടിച്ചിട്ടുണ്ടങ്കിലും തിരക്കിട്ട് ചരക്ക് സംഭരിക്കാൻ അവർ തയാറായില്ല.
*** *** ***
സംസ്ഥാനത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും കുരുമുളകിന്റെ ആദ്യഘട്ട വിളവെടുപ്പ് പൂർത്തിയായപ്പോൾ തന്നെ ഉൽപാദനം ചുരുങ്ങുമെന്ന കാര്യം കർഷകർക്ക് വ്യക്തമായി. കാർഷിക ചെലവുകൾ മുൻനിർത്തി തുടക്കത്തിൽ ചെറിയ അളവിൽ കാർഷിക മേഖല ചരക്ക് വിൽപനക്ക് ഇറക്കിയെങ്കിലും പിന്നീട് കൂടുതൽ നിയന്ത്രണം വരുത്തി. കൊച്ചി മാർക്കറ്റിൽ മുളക് വരവ് ചുരുങ്ങിയത് അന്തർസംസ്ഥാന വാങ്ങലുകാരെ അസ്വസ്ഥരാക്കി. കൊച്ചിയിൽ അൺ ഗാർബിൾഡ് മുളക് വില 66,200 രൂപയായി ഉയർന്നു. വിദേശ വിപണികളിലും നിരക്ക് ഉയരുന്ന സാഹചര്യത്തിൽ നിരക്ക് കൂടുതൽ കരുത്ത് പ്രദർശിപ്പിക്കാം. ഹോളി ആഘോഷവേളയിലെ വിൽപന മുന്നിൽ കണ്ട് ഉത്തരേന്ത്യക്കാർ കുരുമുളക് സംഭരണം ശക്തമാക്കി.
*** *** ***
ഹോളി അടുത്തതോടെ ഏലത്തിനും പ്രിയമേറി. ഉത്സവ വേളയിലെ ഡിമാൻഡ് മുന്നിൽ കണ്ട് ഏലക്ക ശേഖരിക്കാൻ ആഭ്യന്തര ഇടപാടുകാർ മത്സരിച്ചു. എന്നാൽ, ഡിമാൻഡിന് അനുസൃതമായി നിരക്ക് ഉയർന്നില്ലെന്ന് ഒരു വിഭാഗം സ്‌റ്റോക്കിസ്‌റ്റുകൾ പറയുന്നു. എന്നാൽ, കഴിഞ്ഞ വർഷം മാർച്ചിനെ അപേക്ഷിച്ച് ഉൽപന്ന വില ഉയർന്ന് നിൽക്കുകയാണ്. ഗൾഫ് രാജ്യങ്ങളുമായി നേരത്തേ ഉറപ്പിച്ച കച്ചവടങ്ങൾ പ്രകാരമുള്ള കയറ്റുമതികൾ പുരോഗമിക്കുന്നു. ശരാശരി ഇനം ഏലക്ക കിലോ 2800 രൂപയിലും മികച്ചയിനങ്ങൾ 3100 രൂപയിലുമാണ് ലേലം നടക്കുന്നത്.
*** *** ***
നാളികേരോൽപന്നങ്ങൾ കൂടുതൽ കരുത്ത് നേടി. കാർഷിക മേഖലകളിൽനിന്നും വിപണികളിലേക്കുള്ള പച്ചത്തേങ്ങ നീക്കം ചുരുങ്ങിയതിനാൽ നിരക്ക് ഉയർത്തി കൊപ്ര സംഭരിക്കാൻ വൻകിട മില്ലുകാർ രംഗത്തുണ്ട്. ഇതിനിടയിൽ പ്രാദേശിക വിപണികളിൽ മാസാരംഭ ഡിമാൻഡ് വെളിച്ചെണ്ണ ചൂടുപിടിക്കാൻ അവസരം ഒരുക്കി. വാരാന്ത്യം എണ്ണവില 22,800ലും കൊപ്ര 15,300 രൂപയിലുമാണ്.
*** *** ***
കേരളത്തിൽ സ്വർണവിലയിൽ ചാഞ്ചാട്ടം. പവന്റെ നിരക്ക് 63,440 രൂപയിൽനിന്നും 64,480 രൂപ വരെ ഉയർന്ന ശേഷം വാരാവസാനം 64,000ലേക്ക് ഇടിഞ്ഞശേഷം 64,320ലേക്ക് കയറി. ന്യൂയോർക്കിൽ സ്വർണവില ട്രോയ് ഔൺസിന് 2909 ഡോളർ.