സ്വർണ വിലയ്ക്കൊപ്പം പറന്നുയർന്ന് സയനൈഡ് ഉത്പാദനം
text_fieldsമുംബൈ: ആഗോള വിപണിയിൽ സ്വർണ വില സർവകാല റെക്കോഡ് തൊട്ടപ്പോൾ ഒപ്പം സോഡിയം സയനൈഡിന്റെ ഉത്പാദനവും കുതിച്ചുയർന്നു. സ്വർണം സംസ്കരിക്കാൻ ഏറ്റവും പ്രധാനമായി ഉപയോഗിക്കുന്ന രാസപദാർഥമാണ് സോഡിയം സയനൈഡ്. ആസ്ട്രേലിയയിലെ മെൽബൺ ആസ്ഥാനമായ ഒറിക ലിമിറ്റഡ്, ആസ്ട്രേലിയൻ ഗോൾഡ് റീജന്റ്സ് തുടങ്ങിയ കമ്പനികളാണ് ഉത്പാദനം വർധിപ്പിച്ചത്.
സോഡിയം സയനൈഡ് അടക്കം ഖനന മേഖലക്ക് ആവശ്യമായ കെമിക്കൽ ഉത്പാദിപ്പിക്കുന്ന കമ്പനികളാണ് ഒറികയും ഗോൾഡ് റീജന്റ്സും. വാർഷിക ഉത്പാദനം ഭാവിയിൽ 210,000 ടണിലേക്ക് ഉയർത്താൻ ആസ്ട്രേലിയൻ സർക്കാറിന്റെ അനുമതി തേടിയിരിക്കുകയാണ് ഗോൾഡ് റീജന്റ്സ്.
വടക്കേ അമേരിക്കയിൽ ഉത്പാദനം വർധിപ്പിക്കാൻ യു.എസിലെ സൈയൻകോ എന്ന കമ്പനിയെ 640 ദശലക്ഷം ഡോളർ നൽകി ഒറിക കഴിഞ്ഞ വർഷം ഏറ്റെടുത്തിരുന്നു. സ്വർണത്തിന്റെ ഡിമാൻഡ് ഉയർന്നതോടെ ഉത്പാദനവും സംസ്കരണവും വർധിച്ചതിനാൽ കമ്പനി പ്രതീക്ഷയിലാണെന്ന് ഒറിക സ്പെഷാലിറ്റി കെമിക്കൽ വിഭാഗത്തിന്റെ തലവൻ ആൻഡ്രൂ സ്റ്റ്യൂവർട്ട് പറഞ്ഞു.
ആഫ്രിക്ക, ആസ്ട്രേലിയ, തെക്കേ അമേരിക്ക, തെക്ക് കിഴക്കൻ ഏഷ്യ തുടങ്ങിയ മേഖലകളിലെ സ്വർണ ഖനികളിലേക്ക് സയനൈഡ് വിതരണം ചെയ്യുന്നത് ഒറികയാണ്. ഈ വർഷം ഉത്പാദനം 1,3000 ടൺ ആയാണ് കമ്പനി വർധിപ്പിച്ചിരിക്കുന്നത്. കെമിക്കൽ വിഭാഗത്തിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത് സോഡിയം സയനൈഡ് വിൽപനയിൽനിന്നാണെന്നും അത് തുടരുമെന്നും ആസ്ട്രേലിയൻ ഗോൾഡ് റീജന്റ്സിന്റെ ഉടമസ്ഥരായ വെസ്ഫാർമേഴ്സ് കെമിക്കൽ, എനർജി, ഫെർട്ടിലൈസർ വിഭാഗം മാനേജിങ് ഡയറക്ടർ ആരൂൺ ഹൂദ് പറഞ്ഞു.
അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില രണ്ട് മാസത്തിനിടെ 15 ശതമാനമാണ് ഉയർന്നത്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് ഭീഷണിക്ക് പിന്നാലെയാണ് വിലക്കയറ്റം. ആഗോള തലത്തിൽ രാഷ്ട്രീയ, സാമ്പത്തിക അനിശ്ചിതാവസ്ഥ രൂപപ്പെട്ടതോടെ നിക്ഷേപകർ സുരക്ഷിത ആസ്തിയായ സ്വർണം വാങ്ങിക്കുട്ടുകയായിരുന്നു. ഡിമാൻഡ് വർധിച്ചതോടെ കമ്പനികൾ സ്വർണ ഖനനവും ഊർജിതമാക്കി. സ്വർണം ഉത്പാദം വർധിപ്പിക്കാൻ ആസ്ട്രേലിയയിലെ ന്യൂക്രെസ്റ്റ് മൈനിങ്, നോർത്തേൺ സ്റ്റാർ റിസോഴ്സസ്, ദക്ഷിണാഫ്രിക്കയിലെ ഗോൾഡ് ഫീൽഡ് ലിമിറ്റഡ് തുടങ്ങിയ കമ്പനികൾ നിരവധി ചെറുകിട ഖനന കമ്പനികളെ ഏറ്റെടുത്തിരുന്നു. മാത്രമല്ല, പ്രായോഗികമല്ലെന്ന് തോന്നിയ പല ഖനന പദ്ധതികളും പുനപരിശോധിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.
സ്വർണം ഖനനം പ്രോത്സാഹിപ്പിക്കുന്നത് സോഡിയം സയനൈഡിന്റെ ഡിമാൻഡ് വർധിപ്പിക്കുമെന്ന് ആഗോള നിക്ഷേപ കമ്പനിയായ ജെഫ്രീസിലെ വിദഗ്ധൻ റമൂൺ ലാസർ പറഞ്ഞു. 1870 മുതൽ സ്വർണ ഖനികൾക്ക് സോഡിയം സയനൈഡ് വിതരണം ചെയ്യുന്ന കമ്പനിയാണ് ഒറിക. അതേസമയം, കർഷകരുടെ സഹകരണ സ്ഥാപനമായി ആരംഭിച്ച വെസ് ഫാർമേഴ്സ് ഇന്ന് വൻ തോതിലാണ് ലിഥിയം അടക്കം ധാതുക്കളും രാസപദാർഥങ്ങളും ഉത്പാദിപ്പിക്കുന്നത്.
പ്രധാന വെള്ളി ഉത്പാദകരാണെങ്കിലും ഇന്ത്യയിൽ സ്വർണം കാര്യമായി ഖനനം ചെയ്യുന്നില്ല. ഹിന്ദുസ്ഥാൻ കെമിക്കൽസ്, യു.പി.എൽ, ഗുജറാത്ത് ആൽകലീസ് ആൻഡ് കെമിക്കൽസ് തുടങ്ങിയ കമ്പനികളാണ് രാജ്യത്ത് സോഡിയം സയനൈഡ് ഉത്പാദിപ്പിക്കുന്നത്. എന്നാൽ, ആഭ്യന്തര വിപണിക്ക് ആവശ്യമായ സോഡിയം സയനൈഡിൽ ഭൂരിഭാഗവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്.


