സിലിക്കൺ വാലിയിൽനിന്ന് ഇനി സ്വർണവും!
text_fieldsകഥകളിലും യഥാർഥ ജീവിതത്തിലും കാലങ്ങളായി മനുഷ്യൻ അന്വേഷിക്കുന്ന ഒരു രാസവിദ്യയാണ് രസത്തെ (മെർക്കുറി ) സ്വർണമാക്കി മാറ്റുക എന്നത്. ഈ സ്വപ്നത്തിന് യാഥാർഥ്യത്തിന്റെ സാധ്യത നൽകിക്കൊണ്ട്, സിലിക്കൺ വാലിയിലെ 'മരത്തോൺ ഫ്യൂഷൻ' എന്ന സ്റ്റാർട്ടപ്. രസത്തെ സ്വർണമാക്കി മാറ്റാൻ വഴി കണ്ടെത്തിയതായാണ് അവർ അവകാശപ്പെടുന്നത്. ഇത് യാഥാർഥ്യമായാൽ ലോകത്തിന്റെ സാമ്പത്തിക ചലനങ്ങൾ വരെ മാറിമറിയാം.
ന്യൂക്ലിയർ ട്രാൻസ്മ്യൂട്ടേഷൻ എന്ന പ്രക്രിയയിലൂടെയാണ് രസത്തെ സ്വർണമാക്കി മാറ്റാൻ കഴിയുകയെന്ന് മരത്തോൺ ഫ്യൂഷൻ പറയുന്നു. ഒരു ജിഗാവാട്ട് ശേഷിയുള്ള ഫ്യൂഷൻ പവർ സ്റ്റേഷന് പ്രതിവർഷം ഏകദേശം 5,000 കിലോഗ്രാം സ്വർണം ഉൽപാദിപ്പിക്കാൻ കഴിയുമത്രെ. മെർക്കുറി-198 എന്ന രസത്തിന്റെ ഐസോടോപ്പ് ഒരു ഫ്യൂഷൻ റിയാക്ടറിലേക്ക് കടത്തിവിട്ട് മെർക്കുറി-197 ആക്കി മാറ്റുകയും, പിന്നീട് ഇത് ഗോൾഡ്-197 ആയി മാറുകയും ചെയ്യുന്നതാണ് പ്രക്രിയ. ഈ സാങ്കേതികവിദ്യ ഇതുവരെ പരീക്ഷിച്ചു തെളിയിച്ചിട്ടില്ലെങ്കിലും അവകാശവാദത്തിന്റെ പ്രാധാന്യം വെച്ച് വൻ ശ്രദ്ധയാണ് നേടിയിരിക്കുന്നത്.
അതേസമയം ഈ പ്രക്രിയയിൽ ഉണ്ടാകുന്ന മറ്റ് സ്വർണ ഐസോടോപ്പുകൾ റേഡിയോആക്ടീവ് ആകാൻ സാധ്യതയുണ്ടെന്നും അവർ പറയുന്നു. അതുകൊണ്ട് തന്നെ, നിർമിച്ചു കഴിഞ്ഞാലും ഇത് കൈകാര്യം ചെയ്യാനും വിൽക്കാനും സാധ്യമാകുന്ന വിധം സുരക്ഷിതമാക്കാൻ 14 മുതൽ 18 വർഷം വരെ സംഭരിച്ച് വെക്കേണ്ടിവരുമെന്നും പറയുന്നു.
സ്വർണത്തിനു പുറമെ, ന്യൂക്ലിയർ ബാറ്ററികൾക്കും മെഡിക്കൽ ഐസോടോപ്പുകൾക്കും ആവശ്യമായ പല്ലേഡിയം പോലുള്ള മറ്റ് വിലയേറിയ ലോഹങ്ങളും ഇതേ പ്രക്രിയയിലൂടെ നിർമിക്കാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ കണ്ടെത്തലും സാമ്പത്തിക മേഖലയിലും സാങ്കേതികവിദ്യയിലും വലിയ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്.