Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസമ്മർദ്ദം കൂട്ടി...

സമ്മർദ്ദം കൂട്ടി എണ്ണവിലയും രൂപയുടെ മൂല്യവും; ഓഹരിവിപണിയിൽ കുത്തനെ ഇടിവ്, സെൻസെക്സ് 900 പോയന്റിലധികം ഇടിഞ്ഞു

text_fields
bookmark_border
Stock market
cancel

മുംബൈ: കനത്ത വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതോടെ ഓഹരി വിപണിയിൽ തിങ്കളാഴ്ച നഷ്ടത്തോടെ തുടക്കം. അസംസ്കൃത എണ്ണവിലയിലെ വർധന, രൂപയുടെ മൂല്യത്തിലെ റെക്കോർഡ് ഇടിവ്, ആഗോള വിപണിയിലെ ദുർബലമായ സൂചനകൾ എന്നിവയാണ് നിക്ഷേപകരെ തളർത്തിയത്. രാവിലെ 9.37ഓടെ ബി.എസ്.ഇ സെൻസെക്സ് 939.10 പോയന്റ് (1.25 ശതമാനം) ഇടിഞ്ഞ് 74,298.89ലും എൻ.എസ്.ഇ നിഫ്റ്റി 284 പോയന്റ് (1.20 ശതമാനം) ഇടിഞ്ഞ് 23,359.50ലുമെത്തി. കഴിഞ്ഞ വെള്ളിയാഴ്ച നേരിയ നഷ്ടത്തിലാണ് വിപണി ക്ലോസ് ചെയ്തത്.

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കൂടുതൽ ​രൂക്ഷമായതോടെ ആഗോള എണ്ണ വിതരണം കൂടുതൽ പ്രതിസന്ധിയിലാകുമെന്ന ആശങ്കയാണ് വിപണിയെ പിടിച്ചുലച്ചത്. ഇറാനെതിരെ സമയം അതിക്രമിച്ചുകൊണ്ടിരിക്കുകയാണെന്നും, അവർ വേഗത്തിൽ നീങ്ങിയില്ലെങ്കിൽ അവശേഷിക്കാൻ ഒന്നും ഉണ്ടാകില്ലെന്നും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സോഷ്യൽ മീഡിയയിലൂടെ ആവർത്തിച്ച ഭീഷണിയും വിപണിയെ തളർത്തി.

ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 111.14 ഡോളറിലെത്തിയിരുന്നു. ഹുർമുസ് കടലിടുക്കിലെ എണ്ണ വിതരണ തടസ്സങ്ങളെക്കുറിച്ചുള്ള ആശങ്കകൾ വർധിച്ചതാണ് എണ്ണവിലയിലെ കുതിപ്പിന് കാരണം. ഇന്ത്യയിലെ എണ്ണ ആവശ്യകതയുടെ 85 ശതമാനവും ഇറക്കുമതി ചെയ്യുന്നതിനാൽ ക്രൂഡ് ഓയിൽ വിലയിലെ വർധനവ് ഇന്ത്യൻ നിക്ഷേപകരെ ആശങ്കയിലാഴ്ത്തുകയായിരുന്നു. ഉയർന്ന ക്രൂഡ്ഓയിൽ വില പണപ്പെരുപ്പ സാധ്യത വർധിപ്പിക്കുകയും കോർപറേറ്റ് വരുമാനത്തിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്യും. അതുകൊണ്ടുതന്നെ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മിയെ കുറിച്ചുള്ള ആശങ്കകളും ഉയർത്തി.

ഇന്ത്യൻ രൂപയും കനത്ത സമ്മർദ്ദത്തിലാണ്. യു.എസ് ഡോളറിനെതിരെ റെക്കോഡ് താഴ്ന്ന നിലവാരത്തിലാണ് വ്യാപാരം. തിങ്കളാഴ്ച രൂപയുടെ മൂല്യം യു.എസ് ഡോളറിനെതിരെ റെക്കോഡ് ഇടിവായ 96.2275ലെത്തി. രൂപയുടെ മൂല്യം കുറയുന്നത് നിക്ഷേപകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ആഗോള വിപണിയിലെ ദുർബലതയും ഇന്ത്യൻ ഓഹരി വിപണികളെ നഷ്ടത്തിലേക്ക് നയിച്ചു.

Show Full Article
TAGS:stock market Sensex Nifty Crude Oil Price rupee rate 
News Summary - stock market falling today sensex crashes nifty down reason crude oil prices rise rupee record low
Next Story