ഇന്ത്യയിൽ 35 ശതമാനം റെസ്റ്റോറന്‍റുകൾക്ക് ഡെലിവറി ആപ്പുകളോട് താൽപ്പര്യമില്ലെന്ന് പഠന റിപ്പോർട്ട്
text_fieldsറെസ്റ്റോറന്‍റുകളെ ഉപഭോക്താക്കൾക്കിടയിൽ പരിചിതമാക്കി ഇന്ത്യൻ ഭക്ഷ്യ സാമ്പത്തിക മേഖലയിൽ വിപ്ലവം കൊണ്ടുവന്നവരാണ് ഫുഡ് ഡെലിവറി ആപ്പുകൾ. എന്നാൽ അടുത്തിടെ നാഷനൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ച് ദേശീയ തലത്തിൽ നടത്തിയ പഠനത്തിൽ അപ്രതീക്ഷിതമായ ഒരു കണ്ടെത്തലിലെത്തിയിരിക്കുകയാണ്.
ഭക്ഷ്യ ഡെലിവറി ആപ്പുകളുടെ സേവനം ഉപയോഗപ്പെടുത്തുന്ന ഇന്ത്യൻ റെസ്റ്റോറന്‍റുകളിൽ 35 ശതമാനം പേർക്കും അവയോട് താൽപ്പര്യമില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ മൂന്നിൽ രണ്ട് പേരും ആപ്പുകളുടെ സേവനം ആഗ്രഹിക്കുന്നവരാണ്. ഇന്ത്യൻ ഭക്ഷണ ശാലകളുടെ വളർച്ചയിൽ ഡെലിവറി ആപ്പുകൾ അവിഭാജ്യ ഘടകമായി മാറിയതിന്‍റെ സൂചനയാണ് ഫലം നൽകുന്നത്.
എന്തുകൊണ്ട് ആപ്പുകളോട് താൽപ്പര്യമില്ല?
ഭക്ഷ്യ ഡെലിവറി ആപ്പുകളോട് ഒരു വിഭാഗം റെസ്റ്റോറന്‍റുകൾക്ക് താൽപ്പര്യം നഷ്ടപ്പെടാനുള്ള പ്രധാനകാരണം ഓരോ ഓർഡറിലും കമ്പനികൾ ഈടാക്കുന്ന കമീഷനിലുള്ള അതൃപ്തിയാണ്. തുടർച്ചയായി ചാർജ് വർധിപ്പിച്ചു വരുന്ന ഡെലിവറി പ്ലാറ്റ്ഫോമുകൾ ഇപ്പോൾ ബില്ലിൽ നിന്ന് വലിയൊരു ഭാഗം ചാർജായി ഈടാക്കുന്നുണ്ടെന്നാണ് റെസ്റ്റോന്‍റുകൾ പരാതിപ്പെടുന്നത്.
വലിയ ഓർഡർ ലഭിച്ചാൽപ്പോലും അതിനനുസരിച്ചുള്ള സാമ്പത്തിക നേട്ടം തങ്ങൾക്ക് ലഭിക്കുന്നില്ലെന്ന് അവർ പറയുന്നു.ചെറിയ സ്ഥാപനങ്ങൾ കൂടുതൽ ലാഭ സമ്മർദ്ദങ്ങൾക്ക് വിധേയമാകുന്നുവെന്നും പരാതിയുണ്ട്. എന്നിട്ടും കൂടുതൽ ആളുകളിലേക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ എത്തിക്കുക എന്ന ആവശ്യം കൊണ്ട് മാത്രം ഡെലിവറി ആപ്പുകളെ ഒഴിവാക്കാൻ കഴിയാത്ത അവസ്ഥയാണ് പലർക്കും.


