ഇലോൺ മസ്ക് ടെസ്‍ല വിടുമോ; ഓഹരി ഉടമകളുടെ തീരുമാനം മണിക്കൂറുകൾക്കകം
text_fieldsന്യൂയോർക്ക്: ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാണ കമ്പനിയായ ടെസ്‍ലയുടെ വിധി നിർണയ ദിവസമാണിത്. ശതകോടീശ്വരനും സി.ഇ.ഒയുമായ ഇലോൺ മസ്ക് കമ്പനിയിൽ തുടരണോ വേണ്ടയോ എന്ന കാര്യത്തിൽ ഓഹരി ഉടമകൾ ഇന്ന് അന്തിമ തീരുമാനമെടുക്കും. മസ്കിന് 423.7 ദശലക്ഷം പുതിയ ഓഹരികൾ നൽകുന്ന പാക്കേജ് അംഗീകരിക്കണമോയെന്ന കാര്യത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
രണ്ട് നിബന്ധനകൾ പൂർത്തിയാക്കിയാൽ മാത്രമേ ഒരു ലക്ഷം കോടി ഡോളർ മൂല്യമുള്ള പാക്കേജ് അനുവദിക്കുകയുള്ളൂ. പത്ത് വർഷത്തിനുള്ളിൽ ടെസ്‍ലയുടെ വിപണി മൂലധനം 8.5 ലക്ഷം കോടി ഡോളറായി ഉയർത്തണം, വാഹനങ്ങളുടെ വിൽപന പ്രതിവർഷം 20 ലക്ഷമാക്കണം എന്നിവയാണ് മസ്കിന് മുന്നിലുള്ള നിബന്ധന. വിപണി മൂലധന ലക്ഷ്യം കൈവരിച്ചാൽ മസ്കിന് നൽകുന്ന പുതിയ ഓഹരികളുടെ മൊത്തം മൂല്യം ഒരു ലക്ഷം കോടി ഡോളർ അതായത് 8.85 ലക്ഷം കോടി രൂപയാകും. ഇതാദ്യമായാണ് ലോക ചരിത്രത്തിൽ ഒരു കമ്പനി സി.ഇ.ഒക്ക് ഇത്രയും വലിയൊരു പക്കേജ് ലഭിക്കുന്നത്. നിലവിൽ 1.4 ലക്ഷം കോടി ഡോളറാണ് ടെസ്‍ലയുടെ വിപണി മൂലധനം.
പാക്കേജ് പ്രകാരം 12 ഘട്ടങ്ങളായാണ് മസ്കിന് ഓഹരികൾ നൽകുക. മാത്രമല്ല, കമ്പനിയിൽ കൂടുതൽ നിയന്ത്രണവും അധികാരവും ലഭിക്കും. ഓഹരി ഉടമകൾ സമ്മതിച്ചാൽ അടുത്ത പത്ത് വർഷം മസ്‍ക് പൂർണമായും ടെസ്‍ലയിലുണ്ടാകും. പ്രാദേശിക സമയം നവംബർ ആറ് രാവിലെ 11.59നാണ് വോട്ടെടുപ്പ് പൂർത്തിയാകുക.
2004ലാണ് മസ്ക് ഒരു നിക്ഷേപകനായി ടെസ്‍ലയിലെത്തുന്നത്. പിന്നീട് സി.ഇ.ഒ പദവിയിലേക്ക് വളരുകയായിരുന്നു. ഇന്ന് സ്പേസ് എക്സ്, എക്സ് എഐ, ദി ബോറിങ് കമ്പനി, ന്യൂട്രാലിങ്ക് തുടങ്ങിയ നിരവധി കമ്പനികളുടെ ഉടമയാണ് അദ്ദേഹം. പുതിയ കമ്പനികൾ തുടങ്ങിയ ശേഷം ടെസ്‍ലയിലുള്ള മസ്കിന്റെ താൽപര്യം കുറഞ്ഞിരുന്നു.
അതിഭീകര പാക്കേജാണ് മസ്കിന് നൽകുന്നതെന്ന് ഓഹരി ഉടമകൾക്ക് അഭിപ്രായമുണ്ടെങ്കിലും അദ്ദേഹം കമ്പനി വിട്ടാൽ ടെസ്‍ലയുടെ ഓഹരി വില കൂപ്പുകുത്തുമെന്നതാണ് അവരെ ആശയക്കുഴപ്പത്തിലാക്കുന്നത്. മസ്കിന് വോട്ട് ചെയ്യണം. കാരണം അദ്ദേഹം പോയാൽ ടെസ്‍ല വെറുമൊരു സാധാരണ കാർ കമ്പനിയായി മാറുമെന്നും ലക്ഷ്യമിട്ട അത്രയും മൂല്യമുള്ള സ്ഥാപനമായി മാറാൻ കഴിയില്ലെന്നുമാണ് ബോർഡ് ചെയർമാൻ റോബിൻ ഡെൻഹോം ഓഹരി ഉടമകൾക്ക് നൽകിയ കത്തിൽ വ്യക്തമാക്കിയത്.
ദശലക്ഷക്കണക്കിന് സെൽഫ് ഡ്രൈവിങ് റോബോട്ടുകളും ഹ്യൂമനോയിഡ് റോബോട്ടുകളും വിൽക്കുന്ന എ.ഐ ഭീമനായി ടെസ്‍ലയെ മാറ്റാൻ മസ്കിന് മാത്രമേ കഴിയൂവെന്നാണ് ബോർഡിന്റെ നിലപാട്.
അതേസമയം, ലോകത്തിലെ ഏറ്റവും ധനികനായ മസ്‌കിന് ഇത്രയും വലിയ പാക്കേജ് നൽകേണ്ടതുണ്ടോയെന്നാണ് സാമ്പത്തിക രംഗത്തെ പല വിദഗ്ധരും ചോദിക്കുന്നത്. ടെസ്‍ലയിൽ 1.2 ശതമാനം ഓഹരിയുള്ള നോർവെയിലെ ഏറ്റവും വലിയ നിക്ഷേപ കമ്പനിയായ നോർജസ് ബാങ്ക് ഇൻവെസ്റ്റ്മെന്റ് മാനേജ്മെന്റ് ഇതിനകം പാക്കേജിനെതിരെ വോട്ട് ചെയ്തിട്ടുണ്ട്.


