കേരളത്തിലെ ഏറ്റവും സമ്പന്നരായ 10 പേരുടെ പട്ടികയിതാ; കോടികളുടെ ആസ്തിയുമായി ആഭരണ വ്യവസായി ഒന്നാം സ്ഥാനത്ത്
text_fieldsജോയ് ആലുക്കാസ്, യൂസഫലി
ഫോർബ്‌സിന്റെ റിയൽ-ടൈം ശതകോടീശ്വരന്മാരുടെ പട്ടികയിൽ സാന്നിധ്യമറിയിച്ച് വിവിധ മേഖലകളിൽ ശക്തമായ ബിസിനസ് സാമ്രാജ്യങ്ങൾ കെട്ടിപ്പടുത്ത മലയാളി സംരംഭകർ ആഗോളതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ആഭരണ, റീട്ടെയ്ൽ, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, നിർമാണം, സാങ്കേതിക വിദ്യ എന്നീ മേഖലയിൽ നിന്നുള്ള 10 പേരാണ് ഇക്കുറി കേരളത്തിലെ ഏറ്റവും സമ്പന്നരായ 10 പേരുടെ പട്ടികയിൽ ഇടംപിടിച്ചത്. അതിൽതന്നെ കോടികളുടെ ആസ്തിയുമായി ആഭരണ വ്യവസായിയാണ് ഒന്നാംസ്ഥാനത്ത്. പട്ടികയിലെ മികച്ച പത്ത് മലയാളികളിൽ രണ്ടുപേർ ഇന്ത്യയിലെ പ്രശസ്ത ഐ.ടി കമ്പനിയായ ഇൻഫോസിസുമായി ബന്ധമുള്ളവരാണ്.
മലയാളി ശതകോടീശ്വരൻമാരിൽ ജോയ് ആലുക്കാസാണ് ഏറ്റവും മുന്നിൽ. ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ചെയർമാനായ ജോയ് ആലുക്കാസ് ഇപ്പോൾ അദ്ദേഹത്തിന്റെ ആസ്തി 6.7 ബില്യൺ ഡോളറാണിപ്പോൾ. സമ്പത്തിന്റെ കാര്യത്തിൽ വലിയൊരു കുതിച്ചു ചാട്ടമാണ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചുണ്ടായത്. 2024ൽ അദ്ദേഹത്തിന്റെ ആസ്തി 4.4 ബില്യൺ ഡോളറായിരുന്നു.
ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന ലുലു ഗ്രൂപ്പിന്റെ തലവനായ എം.എ. യൂസഫ് അലിയാണ് മലയാളി ശതകോടീശ്വരൻമാരുടെ പട്ടികയിൽ രണ്ടാംസ്ഥാനത്ത്. 5.4 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആസ്തി. അതേസമയം, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു നോക്കുമ്പോൾ യൂസഫലിയുടെ സമ്പത്തിൽ ഇടിവുണ്ടായിട്ടുണ്ട്. 2024 ൽ അദ്ദേഹത്തിന്റെ സമ്പത്ത് 7.6 ബില്യൺ ഡോളറായിരുന്നു. ആഗോള സമ്പന്ന പട്ടികയിൽ 748ാം സ്ഥാനത്താണ് യൂസഫലി.
കേരളത്തിലെ അതിസമ്പന്നരുടെ പട്ടികയിൽ ജെംസ് എഡ്യൂക്കേഷന്റെ ചെയർമാൻ സണ്ണി വർക്കിയാണ് മൂന്നാംസ്ഥാനത്ത്. 4.0 ബില്യൺ ഡോളർ ആണ് അദ്ദേഹത്തിന്റെ ആസ്തി. ആർ.പി ഗ്രൂപ്പിലെ ബി.രവി പിള്ള പട്ടികയിൽ നാലാംസ്ഥാനത്താണ്. 3.9 ബില്യൺ ഡോളർ ആണ് അദ്ദേഹത്തിന്റെ ആസ്തി.
അഞ്ചാംസ്ഥാനത്ത് കല്യാൺ ജ്വല്ലേഴ്‌സിന്റെ മാനേജിങ് ഡയറക്ടർ ടി.എസ്. കല്യാണരാമനാണ്. 3.6 ബില്യൺ ഡോളർ ആസ്തിയുണ്ട്.
ഇൻഫോസിസ് സഹസ്ഥാപകരിൽ ഒരാളായ എസ്. ഗോപാലകൃഷ്ണൻ(ക്രിസ്)ആണ് പട്ടികയിൽ അടുത്തത്. ഇദ്ദേഹം ഇൻഫോസിസിന്റെ സി.ഇ.ഒയും വൈസ് ചെയർമാനുമൊക്കെയായിട്ടുണ്ട്. 3.5 ബില്യൺ ഡോളറാണ് ഇദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആസ്തി. 2011 ൽ പത്മഭൂഷൺ നൽകി ആദരിച്ചു.
കെയ്‌ൻസ് ടെക്‌നോളജിയിലെ രമേശ് കുഞ്ഞിക്കണ്ണൻ ആണ് പട്ടികയിൽ ഏഴാംസ്ഥാനത്തുള്ളത്. മൂന്ന് ബില്യൺ ഡോളർ ആണ് ആസ്തി.ഇൻഫോസിസ് സഹസ്ഥാപകനായ എസ്.ഡി. ഷിബുലാലും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആസ്തി 1.9 ബില്യൺ ഡോളർ ആണ്. 2011 മുതൽ 2014 വരെ ഇൻഫോസിസിന്റെ സി.ഇ.ഒയും എം.ഡിയുമായി സേവനമനുഷ്ഠിച്ച അദ്ദേഹം കമ്പനിയുടെ അന്താരാഷ്ട്ര വളർച്ചയിൽ നിർണായക പങ്ക് വഹിച്ചു.
മുത്തൂറ്റ് ഫിനാൻസ് പ്രമോട്ടർമാർ 2.5 ബില്യൺ ഡോളർ), ബുർജീൽ ഹോൾഡിങ്സിന്റെ ഷംഷീർ വയലിൽ (1.9 ബില്യൺ ഡോളർ), വി-ഗാർഡ് ഇൻഡസ്ട്രീസ് സ്ഥാപകൻ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി (1.4 ബില്യൺ ഡോളർ) എന്നിവരാണ് പട്ടികയിലുള്ള മറ്റ് മലയാളി ശതകോടീശ്വരന്മാർ.
2025ലെ കേരളത്തിലെ ശതകോടീശ്വരായ 10 പേരുടെ പട്ടിക റാങ്ക് പേര് മൊത്തം മൂല്യം (USD-യിൽ) കമ്പനി
1. ജോയ് ആലുക്കാസ് 6.7 ബില്യൺ ജോയ്ആലുക്കാസ് ഗ്രൂപ്പ്
2. എം എ യൂസഫ് അലി 5.4 ബില്യൺ ലുലു ഗ്രൂപ്പ്
3. സണ്ണി വർക്കി 4.0 ബില്യൺ ജെംസ് വിദ്യാഭ്യാസം
4. ബി രവി പിള്ള 3.9 ബില്യൺ ആർ.പി ഗ്രൂപ്പ്
5. ടി.എസ്. കല്യാണരാമൻ 3.6 ബില്യൺ കല്യാൺ ജെവെലേഴ്സ്
6. എസ്. ഗോപാലകൃഷ്ണൻ 3.5 ബില്യൺ ഇൻഫോസിസ്
7. രമേശ് കുഞ്ഞിക്കണ്ണൻ 3.0 ബില്യൺ കെയ്‌ൻസ് ടെക്‌നോളജി
8. ഷംഷീർ വയലിൽ 1.9 ബില്യൺ ബുർജീൽ ഹോൾഡിംഗ്സ്
9. എസ്.ഡി. ഷിബുലാൽ 1.9 ബില്യൺ ഇൻഫോസിസ്
10. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി 1.4 ബില്യൺ വി-ഗാർഡ് ഇൻഡസ്ട്രീസ്