സോളാർ കമ്പനികളുടെ ഭാവിയെന്ത് ?
text_fieldsപ്രതീകാത്മക ചിത്രം
കഴിഞ്ഞ മൂന്നോ നാലോ വർഷത്തിനുള്ളിൽ നിരവധി സോളാർ കമ്പനികളാണ് ഇന്ത്യൻ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തത്. ഇനി സോളാറിന്റെ കാലമാണെന്ന് മുഖ്യധാര മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും നിരന്തരം എഴുതിയപ്പോൾ കമ്പനികളുടെ ഓഹരി വില കുതിച്ചുയർന്നു. മുഖ്യ ബിസിനസ് സോളാർ അല്ലാത്തവരും പേരിൽ സോളാർ എന്നോ സോൾ എന്നോ ചേർക്കുന്ന വിധത്തിൽ ഓഹരി വിപണിയിൽ ഫാൻസിയായി ഈ മേഖല മാറി. ഒരു വർഷമായി സോളാർ കമ്പനി ഓഹരികൾ നല്ല പ്രകടനം നടത്തുന്നില്ല. വിപണിയിൽ പൊതുവിലുള്ള കിതപ്പ് മാത്രമല്ല കാരണം. ഡിമാൻഡിനെക്കാൾ അധികമാണ് ഇപ്പോൾ സോളാർ മൊഡ്യൂളുകളുടെ ഉൽപാദനം. വില കുറക്കാൻ കമ്പനികൾ നിർബന്ധിതരാകും. നല്ല അടിത്തറയും മികച്ച മാനേജ്മെന്റുമുള്ള കമ്പനികൾ പിടിച്ചുനിൽക്കും. കുറേയെണ്ണം പൂട്ടിപ്പോകും.
എന്താണ് കാപിറ്റൽ സൈക്കിൾ?
കാപിറ്റൽ സൈക്കിളിനെ സംബന്ധിച്ച് ധാരണയുണ്ടെങ്കിൽ കുറച്ചുകൂടി വ്യക്തമാകും. ഉദാഹരണത്തിന് ഒരു നാട്ടിൽ ഒരാൾ ഹോട്ടൽ തുടങ്ങുന്നു. നല്ല തിരക്കും കച്ചവടവുമൊക്കെ കാണുമ്പോൾ ഇത് കൊള്ളാമല്ലോ എന്ന് മറ്റുള്ളവരും ചിന്തിക്കും. പരിസരത്തായി വേറെ കുറേ ഹോട്ടലുകൾ വരും. അവിടെ ആകെ കിട്ടാൻ സാധ്യതയുള്ള ഉപഭോക്താക്കൾക്ക് ഒരു പരിധിയുണ്ടല്ലോ.
കച്ചവടം പിടിക്കാൻ വില കുറക്കേണ്ടിവരും. അപ്പോൾ ലാഭം കുറയും. ചെലവ് ചുരുക്കാൻ ഗുണമേന്മയിൽ വിട്ടുവീഴ്ച ചെയ്യേണ്ടിവരും. പതിയെ കച്ചവടം കുറഞ്ഞ് ഭൂരിഭാഗം സ്ഥാപനങ്ങളും പൂട്ടിപ്പോവും. മികവും സാമ്പത്തിക പിൻബലവുമുള്ള ചിലർ മാത്രം പിടിച്ചുനിൽക്കുന്നു. കുറേ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതോടെ ബാക്കിയുള്ള ചുരുക്കം പേർക്ക് തെറ്റില്ലാത്ത കച്ചവടം ലഭിക്കുന്നു. ഇതുകണ്ട് വീണ്ടും പുതിയ ടീമുകൾക്ക് മോഹം ഉദിക്കുന്നു. ഇതങ്ങനെ ഒരു ചക്രംപോലെ ആവർത്തിക്കും. ഇതാണ് കാപിറ്റൽ സൈക്കിൾ.
പൂട്ടിപ്പോയ ടെലികോം കമ്പനികൾ
ഒരു പതിറ്റാണ്ട് മുമ്പ് ഇന്ത്യയിൽ എട്ടോ പത്തോ ടെലികോം കമ്പനികളുണ്ടായിരുന്നു. ഇപ്പോൾ നാല് കമ്പനികളാണുള്ളത്. അതിൽതന്നെ വോഡഫോൺ ഐഡിയയും ബി.എസ്.എൻ.എല്ലും നിലനിൽപിനായി ചക്രശ്വാസം വലിക്കുകയാണ്. ജിയോയും എയർടെല്ലും നല്ല നിലയിൽ പോകുന്നു. വിമാനക്കമ്പനികളെ എടുത്തുനോക്കൂ. ഈസ്റ്റ് വെസ്റ്റ് എയർലൈൻസ്, ജെറ്റ് എയർവേയ്സ്, എയർ സഹാറ, മോഡിലഫ്റ്റ്, എയർ ഡെക്കാൻ, കിങ്ഫിഷൻ എയർലൈൻസ്, സ്പൈസ് ജെറ്റ്... പൂട്ടിപ്പോയ വിമാനക്കമ്പനികളാണിവ. വിസ്താര എയർ ഇന്ത്യ ഏറ്റെടുത്തു. ഇൻഡിഗോയും എയർ ഇന്ത്യയും മാത്രമാണ് പിടിച്ചുനിന്നത്. മൂലധനച്ചെലവ് കൂടുതലുള്ള വ്യവസായത്തിൽ പിടിച്ചുനിൽക്കൽ എളുപ്പവുമല്ല.
ഇനി നിക്ഷേപിക്കുന്നവർ ശ്രദ്ധിക്കണം
കേരളത്തിലെ ടെലിവിഷൻ ചാനലുകളിലും ഇതേ പ്രതിഭാസം കാണാം. ഇത്രയധികം ചാനലുകൾക്ക് പ്രവർത്തിക്കാനുള്ള വിപണി ഇവിടെയുണ്ടോ?. പരസ്യ വരുമാനം പങ്കുവെക്കപ്പെടുമ്പോൾ ആർക്കും സുരക്ഷിതമായ സാമ്പത്തികനില ഇല്ല. നഷ്ടം സഹിച്ചും പത്രവും ചാനലും നടത്തിക്കൊണ്ടുപോകുന്നതിന് സാമൂഹികമായ കാരണങ്ങളും ആവശ്യവും കൂടി ഉണ്ടെന്ന് കരുതാം. അതുപോലെയല്ല ലാഭം മോഹിച്ചുവരുന്ന മറ്റു ബിസിനസുകൾ.
ദീർഘകാല നിലനിൽപിനെക്കുറിച്ച് പഠിക്കാതെ എടുത്തുചാടിയാൽ വലിയ വില കൊടുക്കേണ്ടിവരും. കൂണുപോലെ സോളാർ കമ്പനികളുടെ ഭാവിയെന്തെന്ന് കാലമാണ് തെളിയിക്കേണ്ടത്. സോളാർ ഓഹരികളിൽ ഇനി നിക്ഷേപിക്കുന്നവർ ശ്രദ്ധിക്കുന്നത് നല്ലതാണ്. ഇപ്പോഴും അത്യാവശ്യം ഉയർന്ന വിലനിലവാരത്തിലാണെന്നിരിക്കെ വിശേഷിച്ചും. കമ്പനിയുടെ പാദഫലങ്ങൾ ശ്രദ്ധിക്കണം. ലാഭം കുറയുന്നതും കടം കയറുന്നതും അപകട സൂചനയാണ്. ഡിമാൻഡിനെക്കാൾ ഉൽപാദനം വർധിക്കുന്ന സാഹചര്യത്തിൽ അടുത്തവർഷം പല സോളാർ കമ്പനികളിലും ഈ സൂചന കാണാം.


